|    Dec 10 Mon, 2018 4:07 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ഇന്ന് ബലിപെരുന്നാള്‍

Published : 22nd August 2018 | Posted By: kasim kzm

എ സഈദ്

വിശുദ്ധ നഗരം വിളിക്കുമ്പോള്‍ ആദ്യമായി കഅ്ബ കണ്ട രംഗം ഓര്‍മകളില്‍ ഇന്നും മായാതെ നില്‍ക്കുന്നു. പിന്നീടും പലപ്രാവശ്യം ഞാന്‍ മക്കയില്‍ പോയിട്ടുണ്ട്. പക്ഷേ, ആദ്യ സന്ദര്‍ശനം വേറിട്ട ഒരനുഭവം തന്നെയാണ്. ജിദ്ദയിലെത്തിയ ഉടനെ മക്കയിലേക്കു പോവാനൊരുങ്ങി. വഴികാട്ടികളും സഹായികളുമായി രണ്ടുപേര്‍ കൂടെയുണ്ടായിരുന്നു. ഇഹ്‌റാം കെട്ടാനുള്ള തുണികള്‍ അവര്‍ കരുതിവച്ചിരുന്നതു സഹായകമായി. സൗദിയുടെ പല ഭാഗങ്ങളിലും അതിനകം ദീര്‍ഘദൂരം കാറില്‍ സഞ്ചരിച്ചിരുന്നതിനാല്‍ യാത്രയില്‍ പുതുമയൊന്നും തോന്നിയില്ല. മക്കയിലെത്താന്‍ രണ്ടുമണിക്കൂറോളം സമയമെടുത്തു. മസ്ജിദുല്‍ ഹറാമിന്റെ രണ്ടുമൂന്നു കിലോമീറ്റര്‍ അകലെയായി ഞങ്ങളുടെ വാഹനം നിര്‍ത്തി. അവിടുന്നങ്ങോട്ട് സ്വകാര്യ വാഹനങ്ങള്‍ക്ക് അനുമതിയില്ല. ടാക്‌സിയില്‍ വേണം പോവാന്‍. ഒരു കയറ്റം കയറുന്നതിനിടയില്‍ വണ്ടി ഒരു തുരങ്കത്തിലേക്കു കടന്നു. വിശാലമായ ഒരു തളം. അവിടെ ടാക്‌സി കാറുകള്‍ തീര്‍ത്ഥാടകരെ ഇറക്കുന്നു. എല്ലായിടത്തും നല്ല വെളിച്ചം. അല്‍പം കൂടി മുന്നോട്ടുപോയി ഒരരികില്‍ ഞങ്ങളുടെ വണ്ടി നിര്‍ത്തി. എല്ലാവരും ഇറങ്ങി. സഹായികള്‍ എന്നെ മുന്നോട്ടുനയിച്ചു. പ്രാഥമിക കാര്യങ്ങളെല്ലാം പൂര്‍ത്തിയാക്കി എസ്‌കലേറ്റര്‍ വഴി ഞങ്ങള്‍ മുകളിലേക്കു പോയി. ഭംഗിയായി മാര്‍ബിള്‍ പതിച്ച വിശാലമായ മുറ്റത്താണ് എത്തിയത്. മുന്നില്‍ അല്‍പം ദൂരെയായി പള്ളിയുടെ ഒരു ഭാഗം കാണാം. ചിത്രങ്ങളില്‍ കാണുന്നതുപോലെ കമാനാകൃതിയിലുള്ള വലിയ വാതിലുകളും ജാലകങ്ങളും മിനാരങ്ങളും. അരികുകളില്‍ സ്ഥാപിച്ച റാക്കുകളൊന്നില്‍ ചെരിപ്പ് വച്ച് പള്ളിയുടെ അകത്തുകൂടി മുന്നോട്ടു നടന്നു. കുറേ നടക്കാനുണ്ട്. അവസാനം നടുമുറ്റം കണ്ടുതുടങ്ങി. മുറ്റത്തേക്കുള്ള പടവുകള്‍ ഇറങ്ങാതെ പള്ളിയുടെ അരികില്‍ ഉയര്‍ന്ന സ്ഥലത്തു നിന്നുകൊണ്ട് ഞാന്‍ നോക്കി. കറുത്ത മൂടുപടമണിഞ്ഞ് കഅ്ബ അതാ മുന്നില്‍ നില്‍ക്കുന്നു. മനസ്സില്‍ കൊള്ളിയാന്‍ മിന്നിയതുപോലൊരനുഭവം. എന്നോ വിട്ടേച്ചുപോയി അലസത കാരണം മറന്നുകളഞ്ഞ സ്വന്തം വീട്ടില്‍ തിരിച്ചുവന്നതുപോലെ തോന്നി. എന്തുകൊണ്ട് ഇതിനു മുമ്പ് ഞാനിവിടെ വന്നില്ല? മനസ്സില്‍ കുറ്റബോധം. എനിക്കു എന്നെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ഉസ്മാനാണോ ഹംസയാണോ എന്നോര്‍ക്കുന്നില്ല, അടുത്തുനിന്നിരുന്ന കൂട്ടാളിയുടെ തോളില്‍ കൈകള്‍ വച്ച് ഞാന്‍ കരഞ്ഞു. ഒരു ആരാധനയും ആ കരച്ചിലിനോളം എന്റെ മനസ്സിനെ ആര്‍ദ്രമാക്കിയിട്ടില്ല. ഞാന്‍ നോക്കിനിന്നു. നല്ല തിരക്കാണ് അവിടെ. ആള്‍ക്കൂട്ടം കഅ്ബയെ വലയംവച്ചുകൊണ്ടിരിക്കുന്നു. അതിന് അവസാനമില്ല. നോക്കിനില്‍ക്കെ എല്ലാം കണ്ണില്‍നിന്നു മായുന്നപോലെ. അവിടെ ആരുമില്ല. വെറും മരുഭൂമി. അതിനു നടുവില്‍ കുറുത്ത കമ്പിളി പുതച്ച ഒരു വൃദ്ധ കൂനിനില്‍ക്കുന്നു. പുതപ്പിനു മുകളിലായി അരയില്‍ വെള്ളിനിറമുള്ള അരപ്പട്ട ധരിച്ചിരിക്കുന്നു അവര്‍. കഅ്ബയുടെ സ്ഥാനത്ത് അതാണ് എനിക്കു കാണാന്‍ കഴിയുന്നത്. ഞാന്‍ വിളിക്കാന്‍ ശ്രമിച്ചു: ”ഉമ്മാ, ഉമ്മാ.” ശബ്ദം പുറത്തുവരുന്നില്ല. ഒരു കരച്ചില്‍ മാത്രം. കൂട്ടുകാരിലൊരാള്‍ പുറത്തുതട്ടി സമാധാനിപ്പിച്ചു: ”മതി. വരൂ, നമുക്ക് ഉംറയുടെ കാര്യങ്ങള്‍ തുടങ്ങാം.” അവര്‍ പറഞ്ഞുതന്നതെല്ലാം ഞാന്‍ ചെയ്തു. മനസ്സ് ശാന്തമായിരുന്നു. കരുതിവച്ചിരുന്നതും മറ്റുള്ളവര്‍ പറഞ്ഞേല്‍പ്പിച്ചതുമായ എല്ലാ ആവശ്യങ്ങളും ഞാന്‍ അതിനിടയില്‍ അല്ലാഹുവിന്റെ മുന്നില്‍ വച്ചു. സ്ഥിരം പ്രാര്‍ഥനകള്‍ പലപ്രാവശ്യം പറഞ്ഞുകൊണ്ടിരുന്നു. മരിച്ചുപോയ പിതാവിനു വേണ്ടി, ഉമ്മയുടെ ആരോഗ്യത്തിനു വേണ്ടി, എന്റെ പാപങ്ങള്‍ പൊറുത്തുകിട്ടാന്‍ വേണ്ടി, എന്റെ പ്രസ്ഥാനത്തിനു വേണ്ടി, തിരിച്ചറിവും തന്റേടവും ആരോഗ്യവും ഉണ്ടാവാന്‍ വേണ്ടി, കുടുംബത്തിന്റെ ഹിദായത്തിനു വേണ്ടി, മരണപ്പെട്ട വജീഹമോളുടെ ചികില്‍സ നിര്‍ണയിക്കുന്നതില്‍ എനിക്കു തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അതു പൊറുത്തുനല്‍കാന്‍ വേണ്ടി, അന്‍ഷിമോളുടെ കണ്ണിന്റെ കുറവുകള്‍ പരിഹരിച്ചുകിട്ടാന്‍ വേണ്ടി, അവളുടെ ഭാവി സുരക്ഷിതമാവാന്‍ വേണ്ടി, രോഗികളായി കിടക്കുന്നവര്‍ക്കു വേണ്ടി- അങ്ങനെ പലതും.സഫയുടെയും മര്‍വായുടെയും ഇടയില്‍ നടക്കുന്ന സമയത്ത് പലതരം ചിന്തകളാണ് മനസ്സിനെ ഭരിച്ചത്. തന്റെ ഭാര്യയെയും കൈക്കുഞ്ഞിനെയും വിജനമായ മരുഭൂമിയില്‍ ഉപേക്ഷിച്ചുപോവുന്ന വൃദ്ധനായ ഒരു മനുഷ്യന്‍. ഉണങ്ങിയ കുറ്റിച്ചെടികളും മൊട്ടക്കുന്നുകളും മാത്രമുള്ള സ്ഥലം. മനുഷ്യരുടെ ഒരാവശ്യവും അവിടെ നിര്‍വഹിക്കാനില്ലാത്തതു കാരണം ഒരാളും തിരിഞ്ഞുനോക്കുകപോലും ചെയ്യാത്ത ഇടം. ഭര്‍ത്താവിന്റെ ചലനങ്ങളില്‍ അസ്വാഭാവികത തോന്നിയ ആ ഉമ്മ വിളിച്ചുചോദിക്കുന്നു: ”എന്നെയും ഈ കുഞ്ഞിനെയും ഇവിടെ തനിച്ചാക്കി താങ്കള്‍ എവിടെ പോവുന്നു, ഇബ്രാഹീം?” മറുപടിയില്ല. അവര്‍ ചോദ്യം ആവര്‍ത്തിക്കുന്നു. മറുപടിയില്ല. താന്‍ ഒന്നുമല്ലാതായി മാറുന്നതുപോലെ തോന്നി അദ്ദേഹത്തിന്. അവസാനം അവര്‍ വിളിച്ചു ചോദിക്കുന്നു: ”അല്ലാഹുവാണോ ഇങ്ങനെ ചെയ്യാന്‍ താങ്കളോടു പറഞ്ഞത്?” ചോദ്യങ്ങള്‍ക്കു മുന്നില്‍ പരാജയപ്പെട്ട്കുറ്റവാളിയെപ്പോലെ മൗനിയാവേണ്ടിവന്ന അവസ്ഥയില്‍ നിന്നു മാറി ഇബ്രാഹീം (അ) സ്വന്തത്തെ തിരിച്ചുപിടിച്ചു. കാരണം, ഇപ്പോള്‍ കേട്ട ചോദ്യത്തിന് അദ്ദേഹത്തിന്റെ പക്കല്‍ മറുപടിയുണ്ടായിരുന്നു. തിരിഞ്ഞു നിന്നുകൊണ്ട് അദ്ദേഹം പറഞ്ഞു: ”അതേ.” ഹാജറക്ക് (റ) അതു മതിയായിരുന്നു. അവര്‍ പറഞ്ഞു: ”എന്നാല്‍ ഞങ്ങളെ അവന്‍ നോക്കിക്കൊള്ളും.” കുഞ്ഞിന്റെ മുഖത്തേക്കും നടന്നകലുന്ന ഭര്‍ത്താവിന്റെ നിഴലിലേക്കും മാറിമാറി നോക്കി അവര്‍. ആ കാഴ്ച കാണാനാവാതെ തിരിഞ്ഞുനോക്കാതെ നടന്നു ഇബ്രാഹീം (അ). വഴിയുടെ ഒരു തിരിവിലെത്തി അദ്ദേഹം നിന്നു. അവിടെ കണ്ട മണ്‍കൂനയുടെ അടുത്തു നിന്നുകൊണ്ട് അദ്ദേഹം പറഞ്ഞു: ”ഞങ്ങളുടെ നാഥാ, നിന്റെ പരിശുദ്ധ ഭവനത്തിനു സമീപം വരണ്ടുണങ്ങിയ ഈ താഴ്‌വരയില്‍ എന്റെ പിന്‍ഗാമികളില്‍ ചിലരെ ഞാനിതാ പാര്‍പ്പിച്ചിരിക്കുന്നു. നാഥാ, അവര്‍ പ്രാര്‍ഥന നിലനിര്‍ത്താന്‍ വേണ്ടിയാണ് അത്. ജനമനസ്സുകളെ നീ അവരോട് അടുപ്പിക്കുകയും അവര്‍ക്കു ഭക്ഷണമായി നീ ഫലവര്‍ഗങ്ങള്‍ നല്‍കുകയും ചെയ്യേണമേ? അവര്‍ നന്ദികാണിക്കുന്നവരായേക്കും. ഞങ്ങള്‍ മറച്ചുവയ്ക്കുന്നതും വെളിപ്പെടുത്തുന്നതുമെല്ലാം അറിയുന്നവനാണല്ലോ നാഥാ നീ. ഭൂമിയിലും ആകാശങ്ങളിലുമുള്ള ഒന്നും തന്നെ അല്ലാഹുവിനു രഹസ്യമല്ല” (ഖു 14:3738).ഒറ്റപ്പെടല്‍ ആരംഭിച്ച ആ പകല്‍. ഇരുള്‍മൂടിയ അന്നത്തെ രാത്രി. തുറന്ന പ്രദേശത്ത് തന്റെ കുഞ്ഞിനെ കൂട്ടിയണച്ച് ചുരുണ്ടുകൂടി കിടക്കുന്ന ആ ഉമ്മ. പിന്നീട് ആവര്‍ത്തിച്ചു വരുന്ന പകലുകളും രാവുകളും. കൈയില്‍ കരുതിയ ആഹാരം തീര്‍ന്നുപോവുന്നു. കുടിവെള്ളത്തിന്റെ അവസാന തുള്ളിയും വായിലൊഴിക്കുന്നു. മുലപ്പാല്‍ വറ്റുന്നു. ദാഹിച്ചു കരയുന്ന കുഞ്ഞുകുട്ടിയെ സമാധാനിപ്പിക്കാനുള്ള ഒരു വഴിയും ഫലിക്കാത്ത അവസ്ഥ. എന്തെങ്കിലുമൊരു സഹായത്തിനു വേണ്ടി പ്രതീക്ഷയോടെ വിളിച്ചുകൂവുന്നു ആ മാതാവ്. പ്രതികരണമില്ല എന്നു കണ്ടപ്പോള്‍ സഹായം അന്വേഷിച്ചു പുറപ്പെടുന്നു അവര്‍. അടുത്തു കണ്ട കുന്നില്‍ കയറി ദൂരേക്കു നോക്കി. കുറേനേരം അവിടെ നിന്നു, യാത്രക്കാരുടെ എന്തെങ്കിലും അടയാളം കാണുമെന്ന പ്രതീക്ഷയില്‍. ഒന്നും കണ്ടില്ല. അവിടെനിന്നിറങ്ങി എതിര്‍വശത്ത് അല്‍പം ദൂരെ മറ്റൊരു കുന്നില്‍ കയറി. കുറേനേരം അവിടെയും നോക്കിനിന്നു. ഒരു ജീവിയെയും കാണാനായില്ല. വീണ്ടും ധൃതിപിടിച്ച് ആദ്യത്തെ കുന്നിലേക്കു തന്നെ ഓടുന്നു. അവിടെ നിന്ന് വീണ്ടും രണ്ടാമത്തെ കുന്നിലേക്ക്. ഈ ഓട്ടം ആവര്‍ത്തിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല നിസ്സഹായയായ ആ ഉമ്മയ്ക്ക്. അതൊരു പരക്കംപാച്ചിലായി മാറി. സഹായത്തിന്റെ ഒരു ലക്ഷണവും അവര്‍ കണ്ടില്ല. അവസാനം കുഞ്ഞിനു സമീപം മടങ്ങിയെത്തിയ ഹതാശയായ ആ മനസ്സിനെ സന്തോഷത്താല്‍ ഞെട്ടിച്ചുകൊണ്ട് അവിടെയതാ അല്ലാഹുവിന്റെ സഹായം- ഒരു നീരുറവ.പുതിയൊരു നാഗരികതയുടെ തുടക്കമായിരുന്നു അത്. പുണ്യനഗരിയായി വികസിപ്പിക്കാന്‍ താനുദ്ദേശിച്ച സ്ഥലത്ത് നിഷ്‌കളങ്കതയുടെയും വിശ്വാസദൃഢതയുടെയും ശക്തമായ വിത്തുതന്നെയായിരുന്നു അല്ലാഹു പാകിയത്. ഇടയ്ക്കിടെ അവന്‍ അതു പരീക്ഷിച്ച് ഉറപ്പുവരുത്തുകയും ചെയ്തുകൊണ്ടിരുന്നു. വിപരീത സാഹചര്യത്തില്‍ വളര്‍ന്ന ആ കുഞ്ഞ് ദൃഢതയുള്ള ശരീരത്തിന്റെയും മനസ്സിന്റെയും ഉടമയായി. മകനെ ബലിയറുക്കണമെന്ന സ്വപ്‌നദര്‍ശനം ആദ്യം അവഗണിച്ചെങ്കിലും വീണ്ടും വീണ്ടും ഉണ്ടായപ്പോള്‍ അതു ദൈവകല്‍പനയാണെന്ന് ഉറപ്പിക്കുകയായിരുന്നു ഇബ്രാഹീം. കുറേയേറെ ശങ്കിച്ചുനിന്നശേഷം കാര്യം ഇസ്മായീലിന്റെ മുന്നില്‍ വച്ച പിതാവിന് ആവേശകരമായ മറുപടിയാണ് മകനില്‍ നിന്ന് ഉണ്ടായത്: ”പ്രിയ പിതാവേ, താങ്കളോട് എന്താണോ കല്‍പിക്കപ്പെട്ടത് അതു താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍ ക്ഷമയുള്ളവനായി ഞാനതിനു വിധേയനാവുന്നതു താങ്കള്‍ക്കു കാണാം.”സ്വന്തം കൈകള്‍കൊണ്ട് ഇബ്രാഹീമും ഇസ്മായീലും പരിശുദ്ധ ഭവനം പടുത്തുയര്‍ത്തിയ രംഗം. ലോകത്തിനു സംസ്‌കാരത്തിന്റെ മറ്റൊരു അടിത്തറ പാകലായിരുന്നു അത്. തല്‍ക്കാലമൊരു ആരാധനാകേന്ദ്രമല്ല അവരുടെ മനസ്സിലുണ്ടായിരുന്നത്. നൂറ്റാണ്ടുകളെ അതിജീവിക്കുന്ന ഒരു സംസ്‌കൃതി അവര്‍ മുന്നില്‍ കണ്ടു. ലോകത്തിനു വെളിച്ചത്തിന്റെ കൈത്തിരിയുമായി എന്നെന്നും ആ സംസ്‌കൃതി നിലനില്‍ക്കണമെന്ന് അവര്‍ ആഗ്രഹിച്ചു. വരണ്ട മരുഭൂമിയെ ആ സംസ്‌കൃതിയുടെ കൃഷിയിടമായി അവര്‍ വിഭാവനം ചെയ്തു. ഈ വാക്കുകളായിരുന്നു ആ സമയത്ത് അവര്‍ പറഞ്ഞുകൊണ്ടിരുന്നത്: ”ഞങ്ങളുടെ നാഥാ, ഞങ്ങളില്‍ നിന്നു നീയിതു സ്വീകരിക്കേണമേ. എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണല്ലോ നീ. നാഥാ, ഞങ്ങളിരുവരെയും നിനക്കു കീഴ്‌പ്പെടുന്നവരാക്കുകയും ഞങ്ങളുടെ പിന്‍ഗാമികളെ നിനക്കു കീഴ്‌പ്പെട്ട ജനതയാക്കി മാറ്റുകയും ചെയ്യേണമേ. ഞങ്ങളുടെ പ്രാര്‍ഥനാക്രമങ്ങള്‍ കാണിച്ചുതരുകയും ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. പശ്ചാത്താപം സ്വീകരിക്കുന്ന കരുണാമയനാണല്ലോ നീ. നാഥാ, അവര്‍ക്കായി അവരില്‍നിന്നു തന്നെ നീയൊരു ദൂതനെ നിയോഗിക്കേണമേ. നിന്റെ വചനങ്ങള്‍ അവരെ കേള്‍പ്പിക്കുകയും വേദവും വിജ്ഞാനവും പഠിപ്പിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്ന ഒരാള്‍. പ്രതാപമുള്ളവനും യുക്തിബോധമുള്ളവനുമാണല്ലോ നീ” (ഖു 2:127129).എളിമയുടെയും ആത്മാര്‍ഥതയുടെയും വിവേകത്തിന്റെയും അടിത്തറയിലാണ് ആ മണ്ണിന്റെ സംസ്‌കാരം കുടികൊള്ളുന്നത്. അവിടെ സത്യത്തിനു വിലയുണ്ട്, നീതിയുണ്ട്, ദുര്‍ബലര്‍ക്കു പരിഗണനയുണ്ട്. അതിനു വിപരീതമായ ഒന്നിനും അവിടെ ദീര്‍ഘകാലം നിലനില്‍ക്കാന്‍ കഴിയുകയില്ല. ഇബ്രാഹീം, ഇസ്മായീല്‍, ഹാജറ ത്രയത്തെ ഓര്‍ക്കുന്ന ദിവസങ്ങളാണ് ഇത്. അവരുടെ ത്യാഗം നമുക്കിന്ന് ആഘോഷമായി മാറിയിരിക്കുന്നു. ബലി പ്രതീകാത്മകം മാത്രമാണ്. ഹജ്ജ് തീര്‍ത്ഥാടനത്തിലെ കര്‍മങ്ങളും ഓര്‍മപുതുക്കലിന്റെ വഴികളാണ്. ചില അടയാളങ്ങള്‍ പുനര്‍ജനിപ്പിക്കുന്നതില്‍ ഒതുങ്ങുന്നതാണോ അവരുടെ ജീവിതത്തിലൂടെ അല്ലാഹു നല്‍കിയ സന്ദേശം? സങ്കല്‍പങ്ങളിലേക്കല്ല, പച്ചയായ യാഥാര്‍ഥ്യങ്ങളിലേക്കാണല്ലോ അല്ലാഹു നോക്കുന്നത്. അതോടൊപ്പം അതിന്റെ ഉദ്ദേശ്യശുദ്ധിയിലേക്കും. തന്റെ ജീവിതത്തില്‍ ഇബ്രാഹീം നബി സ്വീകരിച്ച സമീപനത്തെ നമ്മുടെ ദൗത്യമായി സങ്കല്‍പിച്ച് അതിന്റെ ഗുണങ്ങള്‍ വര്‍ണിക്കുന്ന ഒരു രംഗം പരിശുദ്ധ ഖുര്‍ആനില്‍ കാണാം. ആ സങ്കല്‍പത്തെ പടിപടിയായി ജീവിതയാഥാര്‍ഥ്യത്തിലേക്കു പരിണമിപ്പിക്കുന്ന കൗതുകകരമായ ഒരു കാഴ്ചയും അവിടെയുണ്ട്. ഇതു നോക്കുക. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജീവന്‍ അര്‍പ്പിക്കണമെന്നോ അതല്ലെങ്കില്‍ വീടുകള്‍ ഉപേക്ഷിച്ചു പുറത്തിറങ്ങണമെന്നോ അവരോടു കല്‍പിച്ചിരുന്നെങ്കില്‍ അല്‍പം ചിലരല്ലാതെ അതു ചെയ്യുമായിരുന്നില്ല. തങ്ങള്‍ക്കു നല്‍കിയ സദുപദേശം ചെവികൊണ്ടിരുന്നെങ്കില്‍ അവര്‍ക്കതു ഗുണമാവുമായിരുന്നു. അവരുടെ നിലയുറപ്പ് ശക്തിപ്പെടുകയും ചെയ്യുമായിരുന്നു. നമ്മുടെ ഭാഗത്തുനിന്ന് ഭാരിച്ച പ്രതിഫലം അവര്‍ക്കു ലഭിക്കുമായിരുന്നു. നടുനിവര്‍ന്ന വഴിയില്‍ നാം അവരെ മുന്നോട്ടു നയിക്കുമായിരുന്നു. അല്ലാഹുവിനെയും ദൂതനെയും അനുസരിച്ചവര്‍ അവന്‍ അനുഗ്രഹം വര്‍ഷിച്ചവരുടെ കൂടെയാണ്; പ്രവാചകന്മാരുടെയും സത്യവാന്മാരുടെയും രക്തസാക്ഷികളുടെയും സുകൃതവാന്മാരുടെയും കൂടെ. എത്ര നല്ല കൂട്ടുകാരായിരിക്കും അവര്‍! അത് അല്ലാഹു നല്‍കുന്ന ഔന്നിത്യം! എല്ലാമറിയുന്നതിനു മതിയായവനാണ് അല്ലാഹു. സത്യവിശ്വാസികളേ, നിങ്ങള്‍ നിങ്ങളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുക. നിങ്ങളുടെ അവസ്ഥ ദുര്‍ബലമായാലും ശക്തമായാലും നിങ്ങള്‍ സമരത്തിനിറങ്ങുക. പിന്മാറിനില്‍ക്കുന്ന ചിലര്‍ നിങ്ങള്‍ക്കിടയിലുണ്ട്. നിങ്ങള്‍ക്ക് അപകടം സംഭവിച്ചാല്‍ അവര്‍ പറയും, ഞങ്ങള്‍ അവരോടൊപ്പം ഇല്ലാതിരുന്നതു കാരണം അല്ലാഹു രക്ഷിച്ചു എന്ന്. അല്ലാഹു നിങ്ങള്‍ക്കു ഗുണമാണ് നല്‍കുന്നതെങ്കില്‍, തങ്ങള്‍ക്കൊരവസരവും ഇല്ലാതിരുന്നതുപോലെ അവര്‍ പറയും, അവരോടൊപ്പമുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ക്കും നേട്ടമുണ്ടാക്കാമായിരുന്നു എന്ന്. ഇഹലോകത്തിനു പകരം പരലോകം വിലയ്ക്കു വാങ്ങിയവരാണ് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുക. ആരെങ്കിലും അല്ലാഹുവിന്റെ വഴിയില്‍ പോരാടുകയും അതില്‍ കൊല്ലപ്പെടുകയോ അതല്ലെങ്കില്‍ വിജയം കൈവരിക്കുകയോ ചെയ്താല്‍ അവര്‍ക്കു നാം മഹത്തായ പ്രതിഫലം നല്‍കുന്നതാണ്. നിങ്ങള്‍ക്ക് എന്തുപറ്റി? കുട്ടികളും സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു വേണ്ടി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ പോരാടുന്നില്ലല്ലോ? നാഥാ, അക്രമികളുടെ ഈ നാട്ടില്‍ നിന്നു ഞങ്ങളെ നീ കരകയറ്റേണമേ. നിന്റെ ഭാഗത്തുനിന്നു ഞങ്ങള്‍ക്കൊരു രക്ഷകനെയും സഹായിയെയും നിയോഗിക്കണമേയെന്നു പ്രാര്‍ഥിക്കുന്നവരല്ലോ അവര്‍” (ഖു 4:6675).ആചാരത്തിനു വേണ്ടി മാത്രം സ്വന്തക്കാരെ ബലിനല്‍കുകയോ വീടുവിട്ടിറങ്ങി സന്ന്യസിക്കുകയോ ചെയ്യുന്ന പൗരാണിക മതനടപടി ഇസ്‌ലാമിലില്ല. അങ്ങനെയൊരു നിയമം അടിച്ചേല്‍പ്പിക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുമില്ല. അതേസമയം, ആ മാനസികാവസ്ഥയെ അല്ലാഹു ബഹുമാനിക്കുന്നു. അതിനെ പ്രായോഗിക ഫലമുളവാക്കുന്ന ഒന്നായി ഇസ്‌ലാമില്‍ പരിവര്‍ത്തിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഘട്ടംഘട്ടമായ അധ്യാപനത്തിലൂടെയും ജീവിതത്തിലെ അനുഭവങ്ങളിലൂടെയും അടിച്ചമര്‍ത്തപ്പെട്ടവന്റെ വിമോചനമെന്ന ലക്ഷ്യത്തിലേക്കു ത്യാഗസന്നദ്ധമായ മനസ്സുകളെ എത്തിക്കുകയാണ് അല്ലാഹു ചെയ്തിരിക്കുന്നത്. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss