|    Nov 18 Sun, 2018 11:52 pm
FLASH NEWS
Home   >  Sports  >  Football  >  

ഇന്ന് പട്ടാഭിഷേകം; ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സ് – ക്രൊയേഷ്യക്കെതിരേ

Published : 15th July 2018 | Posted By: vishnu vis

മോസ്‌കോ: മഹാ വിപ്ലവങ്ങളുടെ പരമ്പരയ്ക്ക് സാക്ഷ്യം വഹിച്ച റഷ്യന്‍ മണ്ണില്‍ ഇന്ന് കാല്‍പ്പന്ത് കളിയുടെ വിപ്ലവം. റഷ്യയിലെ ലുഷ്‌നിക്കി സ്റ്റേഡിയത്തില്‍ കായിക ലോകം കാത്തിരുന്ന ഫുട്‌ബോള്‍ രാജാക്കന്മാരെ ഇന്നറിയാം. മറ്റൊരു കിരീട നേട്ടം ആവര്‍ത്തിക്കാനൊരുങ്ങി ഫ്രാന്‍സും ചരിത്രത്തിലേക്ക് ചുവടുവയ്ക്കാന്‍ ക്രൊയേഷ്യയും പരസ്പരം ഏറ്റുമുട്ടും. 2018 ലോകകപ്പിലെ മധ്യനിര ശക്തികളുടെ കൊമ്പുകോര്‍ക്കലിനാവും ലോകം സാക്ഷിയാവുക.

ചരിത്രം കുറിക്കാന്‍ ക്രൊയേഷ്യ
ഫ്രഞ്ച് പടയെ തകര്‍ത്ത് ക്രൊയേഷ്യ ഇന്നു കിരീടത്തില്‍ മുത്തമിട്ടാല്‍ അത് ഫുട്‌ബോള്‍ ഭൂപടത്തില്‍ ഒരു ചരിത്രത്തിന്റെ രേഖപ്പെടുത്തലാവും. ലോകകപ്പ് കിരീടമെന്നതിനേക്കാള്‍ ഫൈനല്‍ പ്രവേശനം പോലും കിട്ടാക്കനിയായി കണ്ടിരുന്നവരാണ് ക്രൊയേഷ്യ. ഇതിനു മുമ്പ് 1998ല്‍ മൂന്നാം സ്ഥാനം നേടിയതായിരുന്നു ലോകകപ്പിലെ അവരുടെ മികച്ച പ്രകടനം. എന്നാല്‍, റഷ്യന്‍ ലോകകപ്പില്‍ തീര്‍ത്തും ആധികാരികമായിതന്നെയാണവര്‍ അവസാന മല്‍സരത്തിനു ബൂട്ടു കെട്ടുന്നത്. ഇതുവരെ കളിച്ച എല്ലാ മല്‍സരവും ജയിച്ചു ഫൈനലിലെത്തിയ ടീമാണ് ക്രൊയേഷ്യ. ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ 13 ടീമുകള്‍ മാത്രമാണ് ഒരു മല്‍സരം പോലും തോല്‍വിയറിയാതെ ഫൈനലിലെത്തിയിട്ടുള്ളത്. നോക്കൗട്ട് മല്‍സരങ്ങള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ക്രൊയേഷ്യന്‍ ടീമിന് ഇരട്ടി അധ്വാനമാണ്. മൂന്നു നോക്കൗട്ട് ഘട്ടങ്ങളിലും അധികസമയത്താണ് ടീം വിജയം കണ്ടത്. 90 മിനിറ്റാണ് ക്രൊയേഷ്യന്‍ ടീമിന് മൈതാനത്ത് ഇതുവരെ അധിക സമയത്ത് കളിക്കേണ്ടി വന്നത്. അധികസമയത്തേക്കു നീണ്ട ഇംഗ്ലണ്ടിനെതിരായ മല്‍സരശേഷം ക്രൊയേഷ്യന്‍ താരങ്ങള്‍ മൈതാനത്ത് തളര്‍ന്നുപോയിരുന്നു. മറ്റു ടീമുകളെ അപേക്ഷിച്ച് ക്രൊയേഷ്യയുടെ ശക്തി അവരുടെ മധ്യനിരയാണ്. ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച മധ്യനിര സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ചവച്ചത്. ജയിച്ച മല്‍സരങ്ങളിലെല്ലാം മധ്യനിര പ്രകടനത്തിലാണ് ക്രൊയേഷ്യ മുന്നേറിയത്.മല്‍സരങ്ങളുടെ ആദ്യ പകുതിയില്‍ എതിര്‍ ടീമിന്റെ തന്ത്രങ്ങള്‍ മനസ്സിലാക്കുകയും രണ്ടാം പകുതിയില്‍ മറുതന്ത്രം മെനഞ്ഞ് കളി കൈപ്പിടിയിലൊതുക്കുന്ന ബുദ്ധിപരമായ വിജയതന്ത്രമാണ് ക്രൊയേഷ്യയുടേത്. എതിരാളികളെ പഠിച്ചശേഷം ആക്രമിക്കുകയെന്ന കോച്ച് സ്ലാറ്റ്‌കോ ദാലിച്ചിന്റെ തന്ത്രം വിജയകരമായി അവര്‍ നടപ്പാക്കി. പ്രശസ്തമായ മുന്നേറ്റനിരയോ പ്രബലമായ പ്രതിരോധനിരയോ ഇല്ലാതിരുന്ന ക്രൊയേഷ്യയുടെ ലോകകപ്പിലെ സ്വപ്‌നസമാനമായ പ്രകടനത്തിന് ചുക്കാന്‍ പിടിച്ചതെല്ലാം നായകന്‍ ലൂക്ക മോഡ്രിച്ചും സൂപ്പര്‍ താരം ഇവാന്‍ റാക്കിറ്റിച്ചും അടങ്ങുന്ന മധ്യനിര പ്രകടനം തന്നെയാണ്. ഇരു മധ്യനിര താരങ്ങളും രണ്ടു ഗോളുകള്‍ വീതം ഈ ലോകകപ്പില്‍ നേടി. ഇംഗ്ലണ്ടിനെതിരായ അവസാന സെമി മല്‍സരത്തില്‍ മുന്നേറ്റ താരങ്ങളായ മാന്‍സുകിച്ചും പെരിസിച്ചും ഫോം കണ്ടെത്തിയത് മുന്നേറ്റ നിരയുടെ ആക്രമണങ്ങള്‍ക്ക് കൂടുതല്‍ മൂര്‍ച്ച സമ്മാനിക്കും. വിള്ളല്‍ വീഴാത്ത പ്രതിരോധവും ടീമിന് മുതല്‍ക്കൂട്ടാവുമെന്ന് ഉറപ്പ്. സ്ര്ടിനിച്ചും വിദായും നയിക്കുന്ന പ്രതിരോധനിരയുടെ പ്രകടനവും ശ്രദ്ധേയം. ഗോള്‍ പോസ്റ്റിനു മുന്നിലെ വിശ്വസ്തനായ കാവല്‍ ഭടനാണ് സുബാസിച്ച്. ലോകകപ്പിലുടനീളം കണ്ട സുബാസിച്ചിന്റെ സൂപ്പര്‍ സേവുകള്‍ ഫൈനലിലും ആവര്‍ത്തിച്ചാല്‍ ക്രൊയേഷ്യയെ കീഴടക്കാന്‍ എതിരാളികള്‍ക്ക് തലപുകയ്‌ക്കേണ്ടി വരുമെന്നുറപ്പ്. 1998ല്‍ സെമി ഫൈനലില്‍ ക്രൊയേഷ്യയെ തകര്‍ത്താണ് അന്ന് ഫ്രാന്‍സ് ഫൈനലിനു യോഗ്യത നേടിയത്. ആ മല്‍സരത്തിലേറ്റ തോല്‍വിക്ക് പകരം വീട്ടാനുള്ള അവസരമാണ് ക്രൊയേഷ്യക്ക് കൈവന്നിരിക്കുന്നത്.

വിപ്ലവ സ്മരണയില്‍ ഫ്രാന്‍സ്
1789 ജൂലൈ 14 എന്ന ദിവസം ഫ്രഞ്ച് വിപ്ലവത്തിന്റെ ചരിത്രത്തില്‍ നിര്‍ണായകമാണ്. അന്ന് ആയിരക്കണക്കിന് വിപ്ലവകാരികള്‍ ചേര്‍ന്നു ഫ്രാന്‍സിലെ പ്രധാന ജയിലായിരുന്ന ബാസ്റ്റില്‍ കോട്ട തകര്‍ത്തതോടെയാണ് വിപ്ലവം ആരംഭിക്കുന്നത്. അതേ വിപ്ലവസ്മരണയില്‍ ക്രൊയേഷ്യയുടെ മധ്യനിരയെ തകര്‍ത്തെറിഞ്ഞ് ഒരിക്കല്‍ കൂടി കിരീടത്തില്‍ മുത്തമിടുകയെന്ന ശ്രമകരമായ ദൗത്യമാണ് ഇന്നു ഫ്രഞ്ച് പടയ്ക്കു മുന്നിലുള്ളത്.1998ല്‍ ലോകകിരീടം നേടിയ ഫ്രാന്‍സ് ടീമിന്റെ നായകനായിരുന്ന ദെഷാംപ്‌സ് പരിശീലകനായി എത്തുമ്പോള്‍ നായകസ്ഥാനത്തും പരിശീലകസ്ഥാനത്തും കിരീടനേട്ടമെന്ന അപൂര്‍വ റെക്കോഡാണ് അദ്ദേഹം ലക്ഷ്യം വയ്ക്കുന്നത്. ലോക ഫുട്‌ബോളില്‍ നിലവിലുള്ളതില്‍ ഏറ്റവും സന്തുലിതമായ ടീമെന്ന വിശേഷണം ഫ്രാന്‍സിനവകാശപ്പെട്ടതാണ്. വേഗതയാര്‍ന്ന യുവനിരയാണ് ഫ്രഞ്ച് പടയുടെ ശക്തി. റഷ്യന്‍ ലോകകപ്പില്‍ ഒരു മല്‍സരത്തില്‍ പോലും ഫ്രാന്‍സും തോല്‍വിയറിഞ്ഞിട്ടില്ല. ഡെന്‍മാര്‍ക്കിനോട് വഴങ്ങിയ സമനില ഒഴിച്ചുനിര്‍ത്തിയാല്‍ കളിച്ച മല്‍സരങ്ങളിലെല്ലാം ഫ്രഞ്ച് പട വിജയിച്ചു. അതിവേഗക്കാരായ എംബാപ്പയും ഗ്രീസ്മാനും മറ്റുഡിയും അണിനിരക്കുന്ന മധ്യ-മുന്നേറ്റ നിരയും മികച്ചുനില്‍ക്കുന്നു. മുന്നേറ്റ താരം ജിറൗഡ് ബെല്‍ജിയത്തിനെതിരായ മല്‍സരത്തില്‍ ഫോം കണ്ടെത്താനാവാത്തതാവും ഫ്രാന്‍സിനെ കുഴപ്പിക്കുന്ന ഘടകം. ഏതു നിമിഷവും എതിരാളികളുടെ വലകുലുക്കാന്‍ തയ്യാറായിനില്‍ക്കുന്ന മധ്യനിര ഈ കുറവ് നികത്തുമെന്നാണ് ആരാധകപ്രതീക്ഷ. പേരുകേട്ട താരങ്ങളുടെ വലിയ നിരയും അവരുടെ പ്രതിഭാ സമ്പത്തും ഫ്രാന്‍സിന് മുന്‍തൂക്കം നല്‍കുന്നു. ഫ്രാന്‍സിന്റെ വേഗതയാര്‍ന്ന ഈ ആക്രമണത്തെ എത്രത്തോളം തളച്ചിടാന്‍ ക്രൊയേഷ്യന്‍ പ്രതിരോധനിരയ്ക്കു സാധിക്കുമെന്നു കാത്തിരുന്നു കാണാം.മധ്യനിര ശക്തികളുടെ പോരാട്ടമെന്നു ക്രൊയേഷ്യ-ഫ്രാന്‍സ് മല്‍സരത്തെ വിശേഷിപ്പിക്കാം.  അതില്‍ അവര്‍ വിജയിക്കുകയും ചെയ്യുന്നു. വേഗതയില്‍ ഫ്രാന്‍സ് മധ്യനിരക്കാണ് മുന്‍തൂക്കമെങ്കില്‍ അനുഭവസമ്പത്തില്‍ ക്രൊയേഷ്യ മുന്നിട്ടു നില്‍ക്കുന്നു. കടലാസില്‍ ക്രൊയേഷ്യയേക്കാള്‍ വ്യക്തമായ മുന്‍തൂക്കം ഫ്രാന്‍സിനാണ്. എന്നാല്‍, ലോകകപ്പിലുടനീളം സ്വപ്‌നസമാനമായ പ്രകടനം നടത്തിയെത്തിയ ക്രൊയേഷ്യന്‍ കരുത്തിനെ എങ്ങനെ വിലകുറച്ചു കാണാനാവും? അപ്രവചനീയതയുടെ റഷ്യന്‍ ലോകകപ്പില്‍ അപ്രവചനാതീതമായ മറ്റൊരു ഫൈനല്‍ മല്‍സരത്തിലൂടെ തിരശ്ശീല. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് മല്‍സരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss