|    Jul 19 Thu, 2018 11:14 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഇന്ന് ദേശീയ സൈക്കിള്‍ ദിനം : 80ലും സൈക്കിള്‍ വിടാതെ രാഘവേട്ടന്‍

Published : 22nd September 2017 | Posted By: fsq

 

ടി  ബാബു

പയ്യന്നൂര്‍: ആധുനിക ലോകം മനുഷ്യരുടെ യാത്രാസൗകര്യത്തിന്റെ കാര്യത്തില്‍ ഓരോ നിമിഷവും വിപ്ലവം സൃഷ്ടിക്കുമ്പോഴും രാഘവേട്ടന് സൈക്കിള്‍ ഒഴിവാക്കുന്നത് ചിന്തിക്കാനേ ആവുന്നില്ല. 80 പിന്നിട്ട പയ്യന്നൂര്‍ കിഴക്കേ കണ്ടങ്കാളിയിലെ കെആര്‍ എന്ന രാഘവേട്ടന് അരനൂറ്റാണ്ടായി ഈ വാഹനം മാത്രമാണ് ആശ്രയം. കിഴക്കെ കണ്ടങ്കാളിയിലെ വീട്ടില്‍ നിന്ന് എല്ലാ ദിവസവും പയ്യന്നൂര്‍ നഗരത്തിലേക്ക് സൈക്കിള്‍ ചവിട്ടി വരുന്ന കെആര്‍ അങ്ങനെ സൈക്കിളിന്റെ പര്യായമായി മാറിയിരിക്കുന്നു. സിപിഎമ്മിന്റെ പഴയകാല നേതാവു കൂടിയാണ് കെആര്‍. 22ാം വയസ്സു മുതലാണ് സൈക്കിളിനെ കൂടെ കൂട്ടിയത്. അത് ഇന്നും തുടരുന്നു. പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ പയ്യന്നൂരിന്റെ വിശാലമായ പ്രദേശങ്ങളില്‍ കിലോമീറ്ററുകളോളം സൈക്കിളില്‍ യാത്ര ചെയ്താണ് പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുത്തത്. എന്നാല്‍, കക്ഷിരാഷ്ട്രീയഭേദമെന്യേ എല്ലാവരാലും സ്വീകാര്യനാണ് രാഘവേട്ടന്‍. സൗജന്യമായി മോട്ടോര്‍ബൈക്ക് നല്‍കാന്‍ ഒരു സുഹൃത്ത് തയ്യാറായിട്ടും അതൊക്കെ നിരസിച്ച് സൈക്കിളില്‍ യാത്ര തുടരുകയാണ് ഇപ്പോഴും. ഇതിനു കാരണം ദീര്‍ഘകാലമായി സൈക്കിളുമായുള്ള വൈകാരികബന്ധം തന്നെയെന്ന് രാഘവേട്ടന്‍ ചിരിച്ചുകൊണ്ട് പറയുന്നു.കാലം മാറി, ബൈക്കുകളും കാറുകളും എല്ലാവീടുകളിലും സജീവമായെങ്കിലും കെആറിന് സൈക്കിള്‍ തന്റെ ആരോഗ്യത്തിന്റെ രഹസ്യം കൂടിയാണ്. പ്രാദേശിക യുവനേതാക്കള്‍ പോലും കാറുകളില്‍ സഞ്ചരിക്കുന്ന ഇക്കാലത്ത് തന്റെ നിലപാടില്‍ നിന്നു വ്യതിചലിക്കാന്‍ അദ്ദേഹത്തിനു മനസ്സു വരുന്നില്ല. ജീവിതാവസാനം വരെ സൈക്കിളില്‍ തന്നെ യാത്ര തുടരാനാണ് ആഗ്രഹമെന്നു രാഘവേട്ടന്‍ തേജസിനോട് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss