|    Jul 29 Sat, 2017 12:34 am
FLASH NEWS

ഇന്ന് ഡയസ് ദിനമായി ആചരിക്കും; സമഗ്ര വിദ്യാര്‍ഥി വിവരശേഖരണ പദ്ധതി ഇന്നു തുടങ്ങും

Published : 30th September 2016 | Posted By: Abbasali tf

പത്തനംതിട്ട: കേന്ദ്ര മാനവവിഭവശേഷി വികസനവകുപ്പിന്റെ നിര്‍ദേശപ്രകാരം രാജ്യവ്യാപകമായി നടത്തുന്ന സമഗ്ര വിദ്യാര്‍ഥി വിവരശേഖരണ പദ്ധതിക്ക് ഇന്ന് ജില്ലയില്‍ തുടക്കമാവും. വിവരശേഖരണം പദ്ധതിയുടെ ഭാഗമായി ഇന്ന് ഡയസ് ദിനമായി ആചരിച്ചുകൊണ്ടാണ് തുടക്കം. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ഉപജില്ലാ, ജില്ലാതലങ്ങളില്‍ പ്രത്യേകം ആഘോഷപരിപാടികള്‍ നടത്തും. എസ്എസ്എ നേതൃത്വത്തിലാണ് പദ്ധതി. പ്രാദേശിക ഭരണസംവിധാനങ്ങള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപക സംഘടനകള്‍, അധ്യാപക,രക്ഷാകര്‍ത്തൃസമിതികള്‍, സന്നദ്ധസംഘടനകള്‍ എന്നിവയെല്ലാം പദ്ധതിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. ഒന്നു മുതല്‍ 12വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ സമഗ്രവിവരങ്ങളാണ് ശേഖരിക്കുന്നത്. ഓരോ കുട്ടിയെയും സംബന്ധിച്ച് 35 ഇനം വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതുണ്ട്. മുന്‍വര്‍ഷങ്ങളില്‍ വിദ്യാര്‍ഥികളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെങ്കിലും വ്യക്തിഗത വിവരങ്ങള്‍ സമഗ്രവും ശാസ്ത്രീയവുമായി ശേഖരിക്കുന്നത് ഇതാദ്യമാണ്. കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പ്, സംസ്ഥാന വിദ്യാഭ്യാസവകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍, അധ്യാപക-രക്ഷാകര്‍ത്തൃ സമിതികള്‍ എന്നിവയ്ക്കുകൂടി സഹായകരവും വിശ്വസനീയവുമായ രീതിയിലാണ് വിവരശേഖരണം നടത്തുന്നത്. വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. ഭാരതത്തിലെ ഓരോ കുട്ടിയെയും എവിടെനിന്നും ട്രാക്ക് ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ഇതിന്റെ സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുള്ളത്. എല്ലാ കുട്ടികളും ഒന്നാം ക്ലാസില്‍ ചേര്‍ന്നുവെന്നും 12വരെ പഠനം തുടരുന്നുവെന്നും ഉറപ്പാക്കാന്‍ പദ്ധതിയിലൂടെ കഴിയും. എല്ലാ കുട്ടികള്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയെന്ന ലക്ഷ്യം സാധിക്കാന്‍ കഴിയുന്ന തരത്തില്‍ ഫലപ്രദമായ വിദ്യാഭ്യാസ ആസൂത്രണത്തിനും കുട്ടികളെ സംബന്ധിച്ച സമഗ്രവിവരശേഖരണം സഹായകരമാവും. സമഗ്ര വിദ്യാര്‍ഥി വിവരശേഖരണം പരിപാടിക്കു മുന്നോടിയായി ജില്ലാ പഞ്ചായത്തിന്റെയും എസ്എസ്എയുടെയും നേതൃത്വത്തില്‍ ഗ്രാമ, ബ്ലോക്ക് പഞ്ചാത്ത് പ്രസിഡന്റുമാരുടെയും വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെയും യോഗം, ബിആര്‍സികളുടെ നേതൃത്വത്തില്‍ പ്രഥമാധ്യാപക ശില്‍പ്പശാല, സ്‌കൂള്‍തല സമിതി യോഗങ്ങള്‍, വിദ്യാര്‍ഥികള്‍ക്കുള്ള മതസരങ്ങള്‍ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക