|    Apr 24 Tue, 2018 12:13 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഇന്ന് എന്‍ എന്‍ കക്കാടിന്റെ 90ാം ജന്മദിനം ; മണ്‍മറഞ്ഞ കവിയുടെ പിറന്നാള്‍ ദിനത്തില്‍ ഓര്‍മപ്പുസ്തകമൊരുങ്ങി

Published : 14th July 2017 | Posted By: fsq

 

സുദീപ്  തെക്കേപ്പാട്ട്

കോഴിക്കോട്: മലയാളത്തെ ലോകസാഹിത്യത്തിനു മുന്നില്‍ അന്തസ്സോടെ അവതരിപ്പിച്ച് മണ്‍മറഞ്ഞ കവിയുടെ പിറന്നാള്‍ ദിനത്തില്‍ ഓര്‍മപ്പുസ്തകമൊരുങ്ങി. അധ്യാപകനും കവിയും പ്രബന്ധകാരനും ആകാശവാണി സ്റ്റാഫ് ആര്‍ട്ടിസ്റ്റുമായിരുന്ന എന്‍ എന്‍ കക്കാടിന്റെ 90ാം ജന്മദിനമായ ഇന്ന് അദ്ദേഹത്തിന്റെ ജീവചരിത്ര കൃതിയായ ‘എന്‍ എന്‍ കക്കാട്’ പ്രകാശിതമാവും. 1927 ജൂലൈ 14ന് കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് അവിടനല്ലൂരിലെ യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച നാരായണന്‍ നമ്പൂതിരി കക്കാട്, സ്‌കൂള്‍ അധ്യാപകനായാണ് ആദ്യം ജീവിതവേഷമണിയുന്നത്. ജന്മികുടുംബത്തി ല്‍ ജനിച്ചെങ്കിലും ദരിദ്രബാല്യത്തിന്റെ കയ്പറിഞ്ഞു. പഠനച്ചെലവിനായി മേല്‍ശാന്തിയുടെ സഹായിയായി. നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരേ  നിലകൊണ്ട നമ്പൂതിരി സമാജത്തില്‍ ഒരംഗമായതും ‘ഉണ്ണിനമ്പൂതിരി’ മാസികയി ല്‍ ലേഖനങ്ങളും കവിതകളും എഴുതിത്തുടങ്ങിയതും വഴിത്തിരിവായി. ആധുനികതയുടെ തരംഗം 1960കളില്‍ മലയാള സാഹിത്യത്തിലും പ്രകടമായപ്പോള്‍ എഴുത്തിന്റെ സ്വയം വെട്ടിത്തെളിച്ച വഴികളില്‍ അനിഷേധ്യനായി എന്‍ എന്‍ കക്കാട്. അസ്തിത്വത്തിന്റെ വിളംബരവും അതിജീവനത്തിന്റെ ആയുധവുമായിരുന്നു എഴുത്തിന്റെ നൈരന്തര്യത്തില്‍ കക്കാടിനു തന്റെ കവിതകളൊക്കെയും. 1956ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച ‘ശലഭഗീത’മെന്ന കൃതി  ഉള്‍പ്പെടെ 10 കവിതാ സമാഹാരങ്ങളും രണ്ടു ലേഖനസമാഹാരങ്ങളുമാണുള്ളത്. സാഹിത്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ചൈനാ ചാരനായും നക്‌സലൈറ്റായും വര്‍ഗീയവാദിയായും മുദ്രകുത്തപ്പെട്ട് സുഹൃത്തുക്കളാലും സമൂഹത്താലും അകറ്റപ്പെട്ട കവി എഴുത്തിലും ജീവിതത്തിലും എന്നും സത്യസന്ധത പുലര്‍ത്തി. ‘സഫലമീ യാത്ര’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡും ലഭിച്ചു. നിരവധി പുരസ്‌കാരങ്ങളും കക്കാടിനെ തേടിയെത്തി. അര്‍ബുദബാധിതനായി 1987  ജനുവരി 6നായിരുന്നു അന്ത്യം. എന്‍ എന്‍ കക്കാട് എന്ന പ്രതിഭാധനന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള ജീവിതവും ഇടപെടലും സൂക്ഷ്മതയോടെയും ലാളിത്യത്തോടെയും അവതരിപ്പിച്ചത് എഴുത്തുകാരിയും കേരള സാമൂഹിക സുരക്ഷാ മിഷന്‍ കോഴിക്കോട് റീജ്യനല്‍ ഡയറക്ടറുമായ ഡോ. സി ഭാമിനിയാണ്. ഇന്ന് വൈകീട്ട് 5നു കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ കക്കാടിന്റെ ഭാര്യ ശ്രീദേവി കക്കാടിന് ആദ്യ കോപ്പി കൈമാറി കവി പി പി ശ്രീധരനുണ്ണി പുസ്തകം പ്രകാശനം ചെയ്യും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss