|    Dec 13 Wed, 2017 2:44 pm
FLASH NEWS

ഇന്ന് അന്താരാഷ്ട്ര വനദിനം : വനം കൈയേറ്റം ഒഴിപ്പിക്കാനുള്ള നീക്കങ്ങള്‍ എങ്ങുമെത്തിയില്ല

Published : 21st March 2017 | Posted By: fsq

 

അബ്ദുല്ല പള്ളിയാല്‍

മാനന്തവാടി: കാടിന്റെ മഹത്വം ഓര്‍മപ്പെടുത്തിക്കൊണ്ട് മറ്റൊരു അന്താരാഷ്ട്ര വനദിനം കൂടി കടന്നുവരുമ്പോള്‍ വനസംരക്ഷണത്തിനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഫലപ്രദമാവുന്നില്ലെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.
വിവിധ കാലങ്ങളിലായി വനം കൈയേറിയവരെ ഒഴിപ്പിക്കാന്‍ ഹൈക്കോടതി നല്‍കിയ നിര്‍ദേശം പോലും കേവലം നോട്ടീസുകള്‍ നല്‍കി കണ്ണില്‍ പൊടിയിട്ട് അവസാനിപ്പിക്കുന്ന രീതിയിലാണ് വനംവകുപ്പിന്റെ നടപടികള്‍. പുതിയ കണക്കുകള്‍ പ്രകാരം ജില്ലയിലെ രണ്ടു വനം ഡിവിഷനുകളിലായി 1,739 ഹെക്റ്റര്‍ ഭൂമി കൈയേറിയിട്ടുണ്ട്.
നോര്‍ത്ത് വയനാട് ഡിവിഷനില്‍ 369.74 ഹെക്റ്റര്‍, സൗത്ത് വയനാട് ഡിവിഷനില്‍ 1369.29 ഹെക്റ്റര്‍ വനഭൂമിയാണ് കൈയേറിയത്. ഇതു പല സമയങ്ങളിലായി വന്‍കിടക്കാരും ചെറുകിടക്കാരും മുഖ്യധാരാ രാഷ്ട്രീയക്കാരുടെ നേതൃത്വത്തില്‍ ആദിവാസികളും കൈയേറിയിട്ടുള്ളതാണ്.
എന്നാല്‍, 2015 സപ്തംബര്‍ നാലിലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 1977നു ശേഷം കൈയേറിയ വനഭൂമി തിരിച്ചുപിടിക്കുന്നതിനായി വനംവകുപ്പ് 2016 ഒക്ടോബറില്‍ ചില നീക്കങ്ങള്‍ നടത്തുകയുണ്ടായി.
1957ലെ വനസംരക്ഷണ നിയമത്തിന്റെയും 1961ലെ വനനിയമ പ്രകാരവുമായിരുന്നു നടപടികള്‍ ആരംഭിച്ചത്. വനം അഡീഷനല്‍ പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്ററെ നോഡല്‍ ഓഫിസറായി നിയമിച്ചുകൊണ്ടായിരുന്നു നീക്കങ്ങള്‍.
സംസ്ഥാനത്താകെ ഇത്തരത്തില്‍ 7,900 ഹെക്റ്റര്‍ കൈയേറ്റ ഭൂമി ഉണ്ടെന്നാണ് പ്രാഥമിക കണക്ക്. വയനാട്ടില്‍ രണ്ടു ഡിവിഷനുകളിലായി 1,142 ഹെക്റ്റര്‍ കൈയേറ്റങ്ങള്‍ 1977നു ശേഷം നടന്നിട്ടുണ്ടെന്നാണ് നിഗമനം. വനംവകുപ്പില്‍ വന്നുചേര്‍ന്ന ഇഎഫ്എല്‍, നിക്ഷിപ്ത ഭൂമികളിലെ കൈയേറ്റമുള്‍പ്പെടെയാണിത്.
വനഭൂമിയില്‍ നിന്നൊഴിയാന്‍ ഏഴു മുതല്‍ പതിനഞ്ചു ദിവസം വരെ സമയം അനുവദിച്ചുകൊണ്ട് കൈയേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കുകയാണുണ്ടായത്.
ഇതിനു ശേഷം ഇവര്‍ ഒഴിയുന്നില്ലെങ്കില്‍ നിയമനടപടികളുമായി നീങ്ങാനായിരുന്നു തീരുമാനം. എന്നാല്‍, ഹൈക്കോടതിക്ക് മുമ്പാകെ വനംവകുപ്പ് സ്വീകരിച്ച നടപടി വിശദീകരിക്കാന്‍ നോട്ടീസ് നല്‍കിയതൊഴിച്ചാല്‍ ആറുമാസം കഴിഞ്ഞിട്ടും തുടര്‍ നടപടികളുണ്ടായിട്ടില്ല. വനംവകുപ്പിന്റെ ഭാഗത്ത് നിന്നു നീക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ വനഭൂമിയില്‍ കുടില്‍കെട്ടി നാമമാത്ര സമരം നടത്തിവരുന്ന ആദിവാസി സംഘടനകളുള്‍പ്പെടെ പ്രതിരോധവുമായി രംഗത്തുവരികയുണ്ടായി. ഇതോടെ ഒഴിപ്പിക്കല്‍ നടപടി അവസാനിപ്പിച്ച് വനംവകുപ്പ് താല്‍ക്കാലികമായി ഫയല്‍ അടച്ചുവയ്ക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക