|    Dec 12 Tue, 2017 9:12 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഇന്നു മുതല്‍ ബാങ്കുകളില്‍നിന്ന് പണം മാറ്റാം; പുതിയ നോട്ടുകള്‍ നാളെ മുതല്‍ എടിഎമ്മുകളില്‍ ലഭ്യമാവും

Published : 10th November 2016 | Posted By: SMR

ന്യൂഡല്‍ഹി: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനു പകരമായി 500, 2000 രൂപയുടെ പുതിയ നോട്ടുകള്‍ നാളെ മുതല്‍ എടിഎമ്മുകളില്‍ ലഭ്യമാവും. ഇന്നലെയും ഇന്നും അടച്ചിട്ട എടിഎമ്മുകള്‍ നാളെ മുതലാണ് പ്രവര്‍ത്തനം ആരംഭിക്കുക. ഇതിനായുള്ള നടപടികള്‍ പൂര്‍ത്തിയായതായി ധനകാര്യ സെക്രട്ടറി അശോക് ലാവാസ പറഞ്ഞു.
ജനങ്ങളുടെ പ്രയാസം ദൂരീകരിക്കാന്‍ വരുന്ന ശനിയും ഞായറും ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ഇന്നു മുതല്‍ ബാങ്കുകളില്‍ നിന്ന് നേരിട്ടു പണം മാറ്റിയെടുക്കാനാവും. തിരക്ക് മുന്‍നിര്‍ത്തി സുരക്ഷയ്ക്കായി പോലിസിനെ വിന്യസിക്കാന്‍ ആവശ്യപ്പെടാനും ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നോട്ട് മാറ്റിയെടുക്കാന്‍ പ്രത്യേക കൗണ്ടര്‍ ബാങ്കുകളിലുണ്ടാവും. എസ്ബിഐ ശാഖകള്‍ ഇന്നു വൈകീട്ട് ആറുവരെ പ്രവര്‍ത്തിക്കും.
ചില എടിഎമ്മുകള്‍ ഇന്നുതന്നെ പ്രവര്‍ത്തനക്ഷമമാവും. നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് പ്രയാസങ്ങളുണ്ടായിട്ടുണ്ടെന്നും എന്നാല്‍ ജനങ്ങളുടെ സൗകര്യത്തിനായി സര്‍ക്കാര്‍ വിവിധ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ലാവാസ പറഞ്ഞു. എടിഎമ്മുകളില്‍ പണം പിന്‍വലിക്കാനും ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനും സൗകര്യമുണ്ട്. കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നും ഇതിനു പിന്നിലെ ഉദ്ദേശ്യം ജനങ്ങള്‍ മനസ്സിലാക്കണമെന്നും ലാവാസ കൂട്ടിച്ചേര്‍ത്തു.
ഇപ്പോഴുള്ള പ്രയാസങ്ങള്‍ ഘട്ടംഘട്ടമായി ഇല്ലാതാവും. ഇക്കാര്യങ്ങളെല്ലാം റിസര്‍വ് ബാങ്ക് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പണമിടപാട് നടത്തുന്നതിന് നിരവധി രീതികളുണ്ട്. നോട്ടുകളില്ലാത്ത പണമിടപാട് എന്ന ലക്ഷ്യത്തിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഇപ്പോഴത്തെ നീക്കം വിപണിയില്‍ എങ്ങനെയെല്ലാം പ്രതിഫലിക്കുമെന്ന് പറയാനാവില്ല. ഓഹരിവിപണിയിലെ മാറ്റങ്ങളും തങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. വിപണിയിലെ തകര്‍ച്ച സെബി കൈകാര്യം ചെയ്യുമെന്നും ലാവാസ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക