|    Apr 23 Sun, 2017 9:21 pm

ഇന്നു ദേശീയ പക്ഷിനിരീക്ഷണ ദിനം: ആകാശം അന്യമാവുന്ന പറവകള്‍

Published : 12th November 2016 | Posted By: SMR

തിരുവനന്തപുരം: ദേശാടനപ്പക്ഷികളുടെ പറുദീസയാണ് കേരളം. സുഖകരമായ കാലാവസ്ഥയും സുരക്ഷിതത്വവുമാണ് ഓരോ വര്‍ഷവും കൂടുതല്‍ പക്ഷികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍, മുന്‍കാലങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ചേക്കേറുന്ന ദേശാടനപ്പക്ഷികളുടെ എണ്ണത്തിലുണ്ടായ ഭീമമായ കുറവ് അധികമാരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല.
ഒക്ടോബര്‍ അവസാനത്തോടെ ഏകദേശം 152 ഇനം ദേശാടനക്കിളികള്‍ കേരളത്തി ല്‍ വാസസ്ഥലം കണ്ടെത്താറുണ്ടെന്നാണ് കണക്ക്. ഇവയില്‍ എണ്‍പതോളം ഇനങ്ങള്‍ നീര്‍പ്പക്ഷികളുടെ ഗണത്തില്‍ പെട്ടവയാണ്. സൈബീരിയ, മംഗോളിയ, കസാക്കിസ്താന്‍, ഹിമാലയം എന്നിവിടങ്ങളില്‍ നിന്നാണ് ദേശാടനക്കിളികള്‍ ഏറെയും എത്താറുള്ളത്. പ്രത്യുല്‍പാദനവും അനുയോജ്യമായ കാലാവസ്ഥയും തേടിയാണ് മൈലുകള്‍ താണ്ടി  ഇത്തരം പക്ഷികള്‍ എത്തുന്നത്.
കാലാവസ്ഥയിലെ വ്യതിയാനവും ആവാസവ്യവസ്ഥകള്‍ നശിച്ചതുമാണ് ഇവ നേരിടുന്ന പ്രധാന വെല്ലുവിളികള്‍. ഋതുക്കള്‍ തേടിയെത്തുന്ന പക്ഷികളുടെ എണ്ണം കുറഞ്ഞുവരുന്നതായി പക്ഷിനിരീക്ഷകരും പറയുന്നു. വെള്ളായണി, അഷ്ടമുടി, ശാസ്താംകോട്ട, വേമ്പനാട്, കുട്ടനാട്, ഭാരതപ്പുഴ, കടലുണ്ടി, കുട്ടമ്പളി, നീലേശ്വരം എന്നിവിടങ്ങളാണ് കേരളത്തില്‍ ദേശാടനക്കിളികളുടെ ലക്ഷ്യസ്ഥാനങ്ങള്‍. ഗോഡ്‌വിറ്റ്‌സ്, ഒാസ്‌പ്രെയ്‌സ്, ഗോ ള്‍ഡന്‍ പ്ലവേഴ്‌സ്, സാന്‍ഡ് പിപ്പേഴ്‌സ് എന്നിവയാണ് പ്രധാനപ്പെട്ട ദേശാടനപ്പക്ഷികള്‍. നീലക്കവിളന്‍ വേലിത്തത്ത, ചാരകണ്ഠന്‍ ബന്‍ടിങ്, ചെറിയ മീന്‍കൊത്തി, മീന്‍കൊത്തിച്ചാത്ത ന്‍, കാക്ക മീന്‍കൊത്തി, ചാരമുണ്ടി, ചേരക്കൊക്കന്‍, വര്‍ണക്കൊക്ക്, നീലക്കോഴി, വെള്ള ഐബിസ്, പുള്ളിച്ചുണ്ടന്‍ താറാവ്, ചൂളന്‍ എരണ്ട, ചോരക്കാലി, പവിഴക്കാലി തുടങ്ങി ഒട്ടേറെ ഇനം ദേശാടനപ്പക്ഷികളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെത്താറുണ്ട്. ഒരുകാലത്ത് സുലഭമായിരുന്ന പാടശേഖരങ്ങള്‍ ഉള്‍െപ്പടെ കോ ണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ മുളച്ചുപൊങ്ങിയത് ഇവയുടെ നിലനില്‍പിനു വെല്ലുവിളിയായി. ഇവയ്ക്ക് ഇന്നത്തെ  കേരളത്തിന്റെ അ സ്ഥിരമായ ഋതുഭേദങ്ങള്‍ മനസ്സിലാക്കാനും കഴിയുന്നില്ല.
എഴുപുന്നയിലുള്ള ചങ്ങരം, നീണ്ടകര പാടശേഖരങ്ങള്‍ അത്യപൂര്‍വ ഇനത്തില്‍പ്പെട്ട ദേശാടനപ്പക്ഷികള്‍ എത്തുന്ന പ്രദേശമാണ്. വൈവിധ്യമേറിയ പക്ഷികള്‍ വന്നെത്തുന്ന പ്രദേശമായി വനംവകുപ്പ് കണ്ടെത്തിയിട്ടുള്ള കേരളത്തിലെ അഞ്ചു സ്ഥലങ്ങളില്‍ എഴുപുന്നയും ഉ ള്‍പ്പെടുന്നു. ഇത്തരം പക്ഷികള്‍ വര്‍ഷത്തില്‍ രണ്ടു തവണ ദേശാടനം നടത്താറുണ്ട്. മൂന്നും നാലും മാസങ്ങള്‍ നീളുന്ന ദേശാടനത്തിന്റെ കാലാവധി അവസാനിക്കുന്നതോടെ ഇവ സ്വന്തം നാടുകളിലേക്കുതന്നെ തിരികെ പോവും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day