|    Jun 22 Fri, 2018 7:30 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഇന്നു കൊട്ടിക്കലാശം; കൂട്ടിയും കിഴിച്ചും മുന്നണികള്‍

Published : 14th May 2016 | Posted By: SMR

തിരുവനന്തപുരം: 14ാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്നു പരിസമാപ്തി. വൈകീട്ട് ആറിന് നഗര-ഗ്രാമ കേന്ദ്രങ്ങളില്‍ വിവിധ പാര്‍ട്ടിപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്ന കൊട്ടിക്കലാശത്തോടെയാവും പരസ്യപ്രചാരണം അവസാനിക്കുക.
ശേഷിക്കുന്ന ഒരുനാള്‍ നിശ്ശബ്ദപ്രചാരണത്തിന്റെ മണിക്കൂറുകളാവും. 16നാണ് വോട്ടെടുപ്പ്. പരസ്യപ്രചാരണ സമാപനത്തിന്റെ ഭാഗമായി റോഡ്‌ഷോയും പ്രകടനങ്ങളും സമാധാനപരമായി നടത്താന്‍ പോലിസും തിരഞ്ഞെടുപ്പ് കമ്മീഷനും നടപടി സ്വീകരിച്ചിട്ടുണ്ട്. പരസ്യപ്രചാരണത്തിന്റെ സമയപരിധിക്കുശേഷം ഇലക്ട്രോണിക് മാധ്യമങ്ങളില്‍ പരസ്യസ്വഭാവത്തിലുള്ള പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി. വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ പ്രത്യേക സ്‌ക്വാഡുകളെയും നിയോഗിച്ചിട്ടുണ്ട്.
സംസ്ഥാന ചരിത്രത്തില്‍ തന്നെ ഏറ്റവും വാശിയേറിയ മല്‍സരമാവും ഇക്കുറി നടക്കുകയെന്നാണ് സൂചന. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി എന്‍ഡിഎ മുന്നണികൂടി പ്രചാരണരംഗത്ത് സജീവമായത് മല്‍സരത്തിനു ചില മണ്ഡലങ്ങളില്‍ ത്രികോണസ്വഭാവം നല്‍കിയിട്ടുണ്ട്. 72 മുതല്‍ 76 വരെ സീറ്റ് നേടുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. ഭരണവിരുദ്ധവികാരം ഇല്ലെന്നുതന്നെയാണ് മുന്നണിയുടെ വിലയിരുത്തല്‍. സോളാറും ബാര്‍കോഴയും പ്രതിപക്ഷം പ്രചാരണത്തില്‍ ശക്തമായി ഉന്നയിച്ചെങ്കിലും വോട്ടര്‍മാര്‍ക്കിടയില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയില്ലെന്നും അവര്‍ അവകാശപ്പെടുന്നു. തെക്കന്‍ ജില്ലകളില്‍ കാര്യമായ മുന്നേറ്റമുണ്ടാവുമെന്നാണ് മുന്നണിനേതൃത്വത്തിന്റെ അവസാനവട്ട അവലോകനം. മധ്യകേരളത്തില്‍ യുഡിഎഫിന് ശക്തമായ മല്‍സരം നേരിടേണ്ടിവരുമെങ്കിലും വലിയ നഷ്ടങ്ങളൊന്നും ഉണ്ടാവില്ലെന്നും വടക്കന്‍ കേരളത്തിലെ ചിലയിടങ്ങളില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തുമെന്നുമാണ് വിലയിരുത്തല്‍.
2006ലെ എല്‍ഡിഎഫ് തരംഗം ആവര്‍ത്തിക്കില്ലെങ്കിലും ഭരണം ഉറപ്പാണെന്നാണ് സിപിഎമ്മിന്റെ അവസാനവട്ട തിരഞ്ഞെടുപ്പ് അവലോകന റിപോര്‍ട്ട്. 92 മുതല്‍ 102 സീറ്റ് വരെ നേടാനാവുമെന്നാണു പ്രതീക്ഷ. നാലു മുതല്‍ എട്ടു ശതമാനം വോട്ട് യുഡിഎഫിനേക്കാളും അധികം നേടും. എന്നാല്‍, വിജയം ഉറപ്പിച്ചിരുന്ന ചില മണ്ഡലങ്ങളില്‍ ബിജെപി-ബിഡിജെഎസ് കൂട്ടുകെട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നും മുന്നണി വിലയിരുത്തുന്നു.
അതേസമയം, ഇക്കുറി വോട്ട്‌വിഹിതത്തില്‍ വന്‍ വര്‍ധനയാണ് എന്‍ഡിഎ പ്രതീക്ഷിക്കുന്നത്. എസ്ഡിപിഐ-എസ്പി സഖ്യവും വലിയ പ്രതീക്ഷയിലാണ്. മലബാറിലെ പല മണ്ഡലങ്ങളിലും വിധിനിര്‍ണയിക്കുന്നത് എസ്ഡിപിഐ-എസ്പി സഖ്യമാവുമെന്നാണ് പൊതുവിലയിരുത്തല്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss