|    Sep 25 Tue, 2018 6:17 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഇന്നു കാത്തിരിക്കുന്നത് ആനിമേഷന്‍ഹൊറര്‍ വിസ്മയങ്ങള്‍

Published : 11th December 2017 | Posted By: kasim kzm

ശ്രീജിഷ പ്രസന്നന്‍

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേള മൂന്നാംദിനം കടന്നുപോയപ്പോള്‍ ഒരുപിടി നല്ല ചിത്രങ്ങളാണ് സിനിമാപ്രേമികള്‍ കണ്ടത്. ആകെ പ്രദര്‍ശിപ്പിച്ച 67 ചിത്രങ്ങളില്‍ ഭൂരിഭാഗവും പ്രേക്ഷകരുടെ പ്രശംസ നേടി. ഗോവ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ റോബിന്‍ കാംപെല്ലോയുടെ ‘120 ബീറ്റ്്‌സ് പെര്‍ മിനിറ്റ്’, മലയാളത്തിന് അംഗീകാരം നേടിത്തന്ന ‘ടേക്ക് ഓഫ്’ എന്നിവയടക്കം എല്ലാ ചിത്രങ്ങളും നിറഞ്ഞസദസ്സ് ആഘോഷത്തോടെ കൊണ്ടാടി. മല്‍സരവിഭാഗത്തില്‍ നിന്ന് മാത്രം എട്ടു ചിത്രങ്ങളാണ് ഇന്നലെ പ്രദര്‍ശിപ്പിച്ചത്. ഒറ്റദിനം എല്ലാ ചിത്രങ്ങളും കൂടിയായപ്പോള്‍ തിയേറ്ററുകള്‍ മാറിക്കയറാന്‍ ഡെലിഗേറ്റുകള്‍ അക്ഷരാര്‍ഥത്തില്‍ മല്‍സരയോട്ടം തന്നെയായിരുന്നു. മികച്ച ചിത്രങ്ങള്‍ ഒരേ സമയക്രമത്തില്‍ വന്നതും റിസര്‍വേഷന്‍ ചെയ്തവര്‍ക്കു മാത്രമായി സീറ്റുകള്‍ നല്‍കിയതും ചിലരെ വേദനിപ്പിച്ചു. ന്യൂട്ടന്‍, വൈറ്റ് ബ്രിഡ്ജ്, കാന്‍ഡലേറിയ, ഏദന്‍, ഡാര്‍ക്ക് വിന്‍ഡ്, വാജിബ്, പോമെഗ്രനേറ്റ് ആര്‍ക്കാര്‍ഡ്, ഗ്രെയ്ന്‍ എന്നിവയാണ് മൂന്നാംദിനം പ്രദര്‍ശിപ്പിച്ച മല്‍സരചിത്രങ്ങള്‍. ഇവയെല്ലാം മികച്ച നിലവാരം പുലര്‍ത്തിയെന്നാണു വിലയിരുത്തല്‍. പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച മലയാള സിനിമയായ ഏദന്‍ കാണാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. സീറ്റ് കിട്ടാത്ത കാരണത്താല്‍ ഇവിടെ വാക്കേറ്റവും കൈയാങ്കളിയും വരെ നടന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ നേരിട്ട് ഇടപെട്ടാണ് വിഷയം അവസാനിപ്പിച്ചത്. കര്‍ഷകരുടെ ദുരിതത്തിന്റെയും പ്രതിസന്ധിയുടെയും കഥ പറഞ്ഞ നിളാ മാധവ് പാണ്ഡെയുടെ ഹിന്ദി ചിത്രം ‘ഡാര്‍ക്ക് വിന്‍ഡും’ തിരഞ്ഞെടുപ്പുകാലത്തെ വെല്ലുവിളികള്‍ ചിത്രീകരിച്ച അമിതി വി മസൂര്‍ക്കറിന്റെ ‘ന്യൂട്ടനും’ ഇന്നലെ പ്രദര്‍ശിപ്പിച്ചു. ഇന്ത്യന്‍ ചിത്രങ്ങളായ ഇവയ്ക്ക് പ്രേക്ഷകര്‍ കൂടുതല്‍ പരിഗണന നല്‍കുകയും ചെയ്തു. ജനിതകശാസ്ത്രത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഗ്രെയ്ന്‍, വാര്‍ധക്യത്തെ വെല്ലുവിളിച്ച പ്രണയവുമായി കാന്‍ഡലേറിയ, ഫലസ്തീനിലെ വ്യത്യസ്തമായ സാഹചര്യങ്ങളുടെ കഥപറഞ്ഞ ‘വാജിബ്’ തുടങ്ങി മല്‍സര ചിത്രങ്ങളെല്ലാം മികച്ചുനിന്നു. ഇവയ്‌ക്കൊപ്പം ലോക സിനിമാവിഭാഗത്തില്‍ 24 ചിത്രങ്ങളും കണ്ടംപററി വിഭാഗത്തില്‍ ആറും ജൂറി വിഭാഗത്തില്‍ രണ്ടും കറുത്ത ജൂതന്‍, അതിശയങ്ങളുടെ വേനല്‍, അവളുടെ രാവുകള്‍ എന്നിങ്ങനെ മലയാള ചിത്രങ്ങളും ഇന്നലെ മേളയില്‍ കണ്ടപ്പോള്‍ സത്യജിത്ത് റേ സംവിധാനം ചെയ്ത ചാരുലതയുടെ പ്രത്യേക പ്രദര്‍ശനവും നടന്നു. ഇന്ന് 68 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ആനിമേഷന്‍ ഇഫക്ടില്‍ തീര്‍ത്ത ജപ്പാന്‍ ചിത്രം ‘ദി ടെയില്‍ ഓഫ് ദി പ്രിന്‍സസ് കഗ്ഗുയാ’ ഇന്നു പ്രദര്‍ശിപ്പിക്കും. ജപ്പാന്റെ പാരമ്പര്യത്തിലൂന്നിയ മാന്ത്രികസ്പര്‍ശമുള്ള കഥ പറയുന്ന ചിത്രമാണിത്. ജോക്കോ അന്‍വറിന്റെ ഇന്തോനീസ്യന്‍ ചിത്രം ‘സാത്താന്‍ സ്ലേവ്‌സ്’ നല്‍കുന്ന ഹൊറര്‍ വിസ്മയം കാണാന്‍ ഇന്ന് രാത്രി പത്തരയ്ക്ക് നിശാഗന്ധി പ്രേക്ഷകരെ ക്ഷണിക്കുന്നുണ്ട്. റിട്ടേണി, മലീല ദ ഫെയര്‍വെല്‍ ഫഌവര്‍, ദ വേള്‍ഡ് ഓഫ് വിച്ച് വീ ഡ്രീം ഡസിന്റ് എക്‌സിസറ്റ് എന്നീ മല്‍സരചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനവും ഇന്നുണ്ട്. യുദ്ധത്തിന്റെ യാതനകളില്‍ നിന്നു മോചനം തേടി അഫ്ഗാനിലേക്ക് കുടിയേറിയ കുടുംബം കസാക്കിസ്താനിലേക്കു തിരിച്ചെത്തുന്നതാണ് സബിത് കുര്‍മാന്‍ബെകോവ് ചിത്രം റിട്ടേണിയുടെ പ്രമേയം. സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരുടെ ജീവിതം പ്രമേയമാക്കിയ അനുച ബുന്യവദനയുടെ ‘മലീല ദ ഫെയര്‍വെല്‍ ഫഌവര്‍’ പ്രണയചിത്രമാണ്. അയൂബ് ക്വാനിര്‍ ചിത്രം ദ വേള്‍ഡ് ഓഫ് വിച്ച് വീ ഡ്രീം ഡസിന്റ് എക്‌സിസ്റ്റ് തലമുറകളിലൂടെയുള്ള സഞ്ചാരമാണ്. കൂടാതെ 2017ല്‍ പാം ഡി ഓര്‍ പുരസ്‌കാരം ലഭിച്ച റൂബെന്‍ ഓസ്ലന്‍ഡിന്റെ ‘ദി സ്‌ക്വയര്‍’, ‘എ ഫന്റാസ്റ്റിക് വുമന്‍’, ലൗ ലെസ്, വുഡ്‌പെക്കര്‍സ് തുടങ്ങി നിരവധി ചിത്രങ്ങളും ഇന്ന് പ്രേക്ഷകരെ കാത്തിരിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss