|    Oct 20 Sat, 2018 8:11 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഇന്നലെ കണ്ടെടുത്തത് 12 മൃതദേഹങ്ങള്‍

Published : 4th December 2017 | Posted By: kasim kzm

തിരുവനന്തപുരം: ശക്തി കുറഞ്ഞിട്ടും ഓഖി ചുഴലിക്കാറ്റിന്റെ ഭീതി വിട്ടൊഴിയാതെ തീരദേശം. ഇന്നലെ നടന്ന തിരച്ചിലില്‍ നാട്ടുകാരും രക്ഷാസേനയും ചേര്‍ന്ന് 12 മൃതദേഹങ്ങള്‍ കണ്ടെത്തി. തിരുവനന്തപുരത്തുനിന്ന് ഒമ്പതും കൊല്ലത്തുനിന്ന് മൂന്നും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ മരണം 27 ആയി. ഇതില്‍ ചില മൃതദേഹങ്ങള്‍ മല്‍സ്യത്തൊഴിലാളികളാണ് കരയിലെത്തിച്ചത്. കണ്ടെത്തിയ മൃതദേഹങ്ങള്‍ പൂര്‍ണമായും വികൃതമായതിനാല്‍ തിരിച്ചറിയാനായിട്ടില്ല. അതേസമയം, കടലില്‍ പെട്ടുപോയ അവസാനത്തെ മല്‍സ്യത്തൊഴിലാളിയെയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ ഊര്‍ജിതമായി തുടരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെയും സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതലയോഗം തീരുമാനിച്ചു. ഇനിയും 96 പേര്‍ കടലില്‍ നിന്ന് എത്താനുണ്ടെന്നാണ് ഔദ്യോഗിക വിവരം. ഇവരില്‍ ചിലര്‍ മറ്റേതെങ്കിലും തീരത്ത് എത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ കൃത്യമായ കണക്കുകള്‍ ഇപ്പോഴും പുറത്തുവന്നിട്ടില്ല. റവന്യൂ വകുപ്പും ജില്ലാ ഭരണകൂടവും വ്യത്യസ്ത കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. നാവിക-വ്യോമസേനകളും കോസ്റ്റ്ഗാര്‍ഡും നടത്തുന്ന തിരച്ചിലില്‍ ഇന്നലെ പലയിടത്തുനിന്നായി 80ലേറെ പേരെ കരയ്‌ക്കെത്തിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ഇന്നലെ മുതല്‍ ഭക്ഷണവും പ്രാഥമിക ശുശ്രൂഷകളുമെല്ലാം അടങ്ങിയ ഒരു നിരീക്ഷണ കോപ്റ്റര്‍ കൂടി ഉള്‍പ്പെടുത്തി. കേരള തീരത്തുനിന്ന് 100 മൈല്‍ അകലെ വരെ തിരച്ചില്‍ നടക്കുന്നതായി നേവി ക്യാപ്റ്റന്‍ സുദീപ് മാലിഹ് പറഞ്ഞു. ലക്ഷദ്വീപിന് അപ്പുറത്തേക്കും തിരച്ചില്‍ നീണ്ടു. അതിനിടെ, മരണസംഖ്യ ഉയരുന്നതും രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് ആരോപിച്ചുള്ള പ്രതിഷേധങ്ങളും തീരദേശത്തെ പിടിച്ചുലയ്ക്കുകയാണ്. തിരുവനന്തപുരത്തെ തീരദേശങ്ങളില്‍ നിന്ന് ഇന്നലെ 12 പേരെയാണ് രക്ഷപ്പെടുത്തിയത്. പൂന്തുറയില്‍ നിന്നുള്ള അഞ്ചു പേര്‍ ലക്ഷദ്വീപിലേക്ക് നീന്തിക്കയറി രക്ഷപ്പെട്ടു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മതിയാവുന്നില്ലെന്ന് ആരോപിച്ച് മല്‍സ്യത്തൊഴിലാളികള്‍ ഇന്നലെയും സ്വന്തം വള്ളങ്ങളിലും ബോട്ടുകളിലുമായി തിരച്ചിലിനിറങ്ങി. പൂന്തുറയില്‍ നിന്നു മാത്രം 40 വള്ളങ്ങളിലായി 140 മല്‍സ്യത്തൊഴിലാളികളാണ് തിരച്ചിലിനിറങ്ങിയത്. ഭക്ഷണം, വെള്ളം എന്നിവയ്ക്ക് പുറമേ വയര്‍ലെസ് സംവിധാനവും എല്ലാ വള്ളങ്ങളിലും ഉള്‍പ്പെടുത്തിയിരുന്നു. കടല്‍ പരിചയമുള്ള തങ്ങളെ കൂടി തിരച്ചിലില്‍ ഉള്‍പ്പെടുത്തണമെന്ന് അവര്‍ പല തവണ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തിരച്ചിലിന് അധികൃതര്‍ അനുമതി നല്‍കിയത്. രക്ഷാപ്രവര്‍ത്തനം വിലയിരുത്താനെത്തിയ മന്ത്രിമാര്‍ക്കെതിരേ വിഴിഞ്ഞത്ത് ജനങ്ങള്‍ പ്രതിഷേധിച്ചു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ജെ മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ക്കെതിരേയാണ് ജനക്കൂട്ടം രോഷാകുലരായത്. മന്ത്രിമാരെ ചിലര്‍ കൂകിവിളിക്കുകയും ചെയ്തു. ഇതുവരെ വരാതിരുന്ന മന്ത്രിമാര്‍ ഇനി വരേണ്ടതില്ലെന്ന നിലപാടിലായിരുന്നു ജനങ്ങള്‍. കടലില്‍ അകപ്പെട്ടവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വലിയതുറയില്‍ നാട്ടുകാര്‍ ഇന്നലെ റോഡ് ഉപരോധിച്ചു. കേന്ദ്രമന്ത്രിമാരും തലസ്ഥാനത്തെത്തിയിരുന്നു. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഇന്നലെ രാവിലെ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് ദുരിതബാധിത പ്രദേശങ്ങളും സന്ദര്‍ശിച്ചു. ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന നിവേദനം റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ കണ്ണന്താനത്തിന് സമര്‍പ്പിച്ചു.വൈകീട്ട് 4.30ഓടെ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ തിരുവനന്തപുരത്തെത്തി, വിമാനത്താവളത്തില്‍ നിന്നുതന്നെ മന്ത്രി മറ്റൊരു ഹെലികോപ്റ്ററില്‍ കന്യാകുമാരിയിലേക്കു പോയി.  ഇന്നു രാവിലെ തിരുവനന്തപുരത്തു തിരിച്ചെത്തുന്ന പ്രതിരോധമന്ത്രി വിഴിഞ്ഞം, പൂന്തുറ തീരദേശങ്ങളില്‍ സന്ദര്‍ശനം നടത്തും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss