|    Jan 20 Fri, 2017 5:35 pm
FLASH NEWS

ഇന്നറിയാം: വോട്ടെണ്ണല്‍ രാവിലെ എട്ടുമുതല്‍; ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റ്

Published : 19th May 2016 | Posted By: SMR

തിരുവനന്തപുരം: കണക്കുകൂട്ടലുകള്‍ക്കും അവകാശവാദങ്ങള്‍ക്കും വിരാമം. 14ാം കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. തമിഴ്‌നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ് ഫലവും ഇന്നാണ്. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളുടെയും വോട്ടെണ്ണല്‍ ഒരേസമയം ബന്ധപ്പെട്ട ജില്ലാ കേന്ദ്രങ്ങളില്‍ രാവിലെ എട്ടിനാരംഭിക്കും. ഒമ്പതുമണിയോടെ ആദ്യ ഫലസൂചനകള്‍ അറിയാം. ഇനി അടുത്ത അഞ്ചുവര്‍ഷം കേരളം ആര് ഭരിക്കുമെന്നതു സംബന്ധിച്ച് 11ഓടെ ഏകദേശരൂപം ലഭിക്കും.
80 കേന്ദ്രങ്ങളിലായാണു വോട്ടെണ്ണല്‍. ഓരോ മണ്ഡലത്തിന്റെയും വോട്ടെണ്ണല്‍ ഹാളുകളില്‍ വരണാധികാരിയുടേത് ഉള്‍പ്പെടെ പരമാവധി 15 മേശകളുണ്ടാവും. വരണാധികാരിയുടെ മേശയില്‍ പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങി 30 മിനിറ്റുകള്‍ക്കു ശേഷം മറ്റു മേശകളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ വോട്ടെണ്ണിത്തുടങ്ങും. അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറാണ് ഇതിനു നേതൃത്വംനല്‍കുക. ഇതിനായി സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച വോട്ടിങ് യന്ത്രങ്ങളും രേഖകളും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എത്തിച്ചിട്ടുണ്ടാവും. വോട്ടിങ് മെഷീന്റെ ഭാഗമായ കണ്‍ട്രോള്‍ യൂനിറ്റ് മാത്രമാണ് വോട്ടെണ്ണലിന് ആവശ്യമുള്ളത്. ഇതിനായി വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് യൂനിറ്റ് വേര്‍പെടുത്തും. കണ്‍ട്രോള്‍ യൂനിറ്റുകള്‍ സൂക്ഷിച്ച പെട്ടിയുടേത് അടക്കമുള്ള പേപ്പര്‍ സീലുകള്‍ പരിശോധിക്കലാണ് ആദ്യ നടപടി. ഏതെങ്കിലും പേപ്പര്‍ സീലുകളും മറ്റും തുറന്നിട്ടുണ്ടോയെന്നു സ്ഥാനാര്‍ഥിയുടെ ഏജന്റുമാര്‍ക്കു പരിശോധിക്കാം. വോട്ടിങിനായി നല്‍കിയ കണ്‍ട്രോള്‍ യൂനിറ്റ് തന്നെയാണ് എണ്ണലിന് എത്തിച്ചിട്ടുള്ളതെന്ന് സീരിയല്‍ നമ്പര്‍ പരിശോധിച്ച് ഉറപ്പുവരുത്താനാവും. ക്രമക്കേട് കണ്ടാല്‍ ആ മെഷീനിലെ വോട്ട് തിട്ടപ്പെടുത്താതെ മാറ്റിവയ്ക്കും. പേപ്പര്‍ സീലുകള്‍ മാറ്റി മെഷീന്‍ ഓണ്‍ചെയ്ത ശേഷം റിസള്‍ട്ട് ബട്ടണ്‍ അമര്‍ത്തുന്നതോടെ ആ മെഷീനില്‍ രേഖപ്പെടുത്തിയ വോട്ടുകളുടെയും സ്ഥാനാര്‍ഥികള്‍ക്കു ലഭിച്ച വോട്ടുകളുടെയും എണ്ണം തനിയെ തെളിയും. ഇക്കാര്യം കൗണ്ടിങ് സൂപ്പര്‍വൈസര്‍ രേഖപ്പെടുത്തിവയ്ക്കും. സ്ഥാനാര്‍ഥിയോ അദ്ദേഹത്തിന്റെ ഏജന്റോ ആവശ്യപ്പെട്ടാല്‍ റിസള്‍ട്ട് ബട്ടണ്‍ അമര്‍ത്തി മെഷീനിലെ വോട്ടുനില വീണ്ടും കാണിക്കും.
ഒരു പോളിങ് കേന്ദ്രത്തിലെ വോട്ടുകള്‍ ഒരു മേശയിലെന്ന രീതിയിലാണ് എണ്ണുന്നത്. അതിനാല്‍ ഒരേസമയം വിവിധ പോളിങ് കേന്ദ്രങ്ങളിലെ വോട്ടുകള്‍ എണ്ണാനാവും. ഒരു മെഷീനിലെ വോട്ടുകള്‍ എണ്ണി പൂര്‍ത്തിയാക്കിയ ശേഷമേ അടുത്ത യന്ത്രം വോട്ടെണ്ണല്‍ മേശയിലെത്തിക്കൂ.
എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പിരിമുറുക്കത്തിലാണ്. കൂട്ടിക്കിഴിക്കലും വിലയിരുത്തലും നടത്തി വിധി എന്തെന്നറിയാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണ് അവര്‍. പോളിങ് ശതമാനത്തിലുണ്ടായ വര്‍ധന ചൂണ്ടിക്കാട്ടിയാണു മുന്നണികള്‍ അവകാശവാദവുമായി രംഗത്തെത്തിയത്. അമിത ആത്മവിശ്വാസമില്ലെങ്കിലും അടുത്ത അഞ്ചുവര്‍ഷത്തെ ഭരണം കൈയാളാനാവുമെന്ന വിലയിരുത്തലിലാണ് എല്‍ഡിഎഫ്. 85 സീറ്റിന് മുകളില്‍ ലഭിക്കുമെന്നാണു കണക്കുകൂട്ടല്‍. ഭരണവിരുദ്ധവികാരം പോളിങില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നു മുന്നണി ഉറച്ചുവിശ്വസിക്കുന്നു. എങ്കിലും അടിയൊഴുക്കുകള്‍ ഉണ്ടായിട്ടുണ്ടോയെന്നതില്‍ നേതൃത്വത്തിന് ആശങ്കയുണ്ട്.
അതേസമയം എക്‌സിറ്റ്‌പോളുകളെ പൂര്‍ണമായി തള്ളിക്കളഞ്ഞ യുഡിഎഫ് നേതൃത്വം, ഭരണത്തുടര്‍ച്ച ഉണ്ടാവുമെന്ന് അടിവരയിടുന്നു. 74 മുതല്‍ 78 വരെ സീറ്റ് നേടി ഭരണം നിലനിര്‍ത്തുമെന്ന് യുഡിഎഫ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും ബിഡിജെഎസ് സാന്നിധ്യം കാര്യമായ ചലനം ഉണ്ടാക്കിയിട്ടില്ലെന്നുമാണ് ഇരുമുന്നണികളുടെയും നിലപാട്. എന്നാല്‍, ബിഡിജെഎസ് പിടിക്കുന്ന വോട്ടുകള്‍ ആര്‍ക്കാണു തിരിച്ചടിയുണ്ടാക്കുന്നതെന്ന കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കുന്നതില്‍ മുന്നണികള്‍ കുഴങ്ങുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 115 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക