|    Oct 20 Sat, 2018 3:11 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഇന്ധനവില ദിനംപ്രതി കുതിക്കുന്നു; വര്‍ധന അറിയാതെ പൊതുസമൂഹം

Published : 9th September 2017 | Posted By: fsq

 

ടോമി  മാത്യു

കൊച്ചി: പെട്രോള്‍-ഡീസല്‍ വില ദിനംപ്രതി  മുകളിലോട്ടു കുതിക്കുമ്പോഴും വിലവര്‍ധന അറിയാതെ പൊതുസമൂഹം. പെട്രോളിനും ഡീസലിനും അടുത്തിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നലെ സംസ്ഥാനത്തേത്. കൊല്ലം, തിരുവനന്തപുരം മേഖലകളില്‍ ഇന്നലെ ഒരു ലിറ്റര്‍ പെട്രോളിന് 73.19 മുതല്‍ 73.77 രൂപ വരെയും ഡീസലിന് 62.36 മുതല്‍ 62.85 രൂപ വരെയുമായിരുന്നു വില. അതേസമയം, എറണാകുളം ജില്ലയില്‍ ഇന്നലെ ഒരുലിറ്റര്‍ പെട്രോളിന് 72.47 രൂപയും ഡീസലിന് 61.67 രൂപയുമായിരുന്നു വില. കടത്തുകൂലിയിലെ വ്യതിയാനം ഒരോ ജില്ലയിലെയും പെട്രോള്‍-ഡീസല്‍ വിലയില്‍ മാറ്റമുണ്ടാക്കും. ജൂണ്‍ 16 മുതലാണ് ദിനംപ്രതി പെട്രോള്‍-ഡീസല്‍ വില നിശ്ചയിക്കുന്ന സമ്പ്രദായം നിലവില്‍ വന്നത്. അന്നു മുതല്‍ വില ഉയരുന്നതല്ലാതെ താഴ്ന്നിട്ടില്ലെന്നാണ് പമ്പുടമകള്‍ പറയുന്നത്. കഴിഞ്ഞ ജൂലൈ 8 മുതല്‍ ഇന്നലെ വരെ സംസ്ഥാനത്ത് പെട്രോളിന് ഏകദേശം 11 രൂപയുടെയും ഡീസലിന് 12 രൂപയുടെയും വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടയില്‍ എറണാകുളം ജില്ലയില്‍ മാത്രം ഒരു ലിറ്റര്‍ പെട്രോളിന് അഞ്ചരരൂപയോളവും ഡീസലിന് ലിറ്ററിന് രണ്ടരരൂപയോളവും വില വര്‍ധിച്ചു. ഒരോ ജില്ലയിലും വര്‍ധിച്ച വിലയില്‍ മാറ്റമുണ്ടാവും. മിക്കവാറും ദിനംപ്രതി പെട്രോളിനും ഡീസലിനുമായി ലിറ്ററിന് 10 പൈസ വീതമാണ് ഉയരുന്നത്. ഇത്തരത്തിലെ വിലവര്‍ധന ഉപഭോക്താക്കള്‍ ശ്രദ്ധിക്കുന്നില്ലെന്നതാണ് മറ്റൊരു കാര്യം. അതുകൊണ്ടുതന്നെ വര്‍ധനയ്‌ക്കെതിരേ പ്രതിഷേധം ഉണ്ടാവുന്നുമില്ല. കേരളത്തിന്റെ സമീപ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ പെട്രോള്‍-ഡീസല്‍ വിലയും കേരളത്തിലെ വിലയും തമ്മില്‍ കാര്യമായ അന്തരമുണ്ടെന്ന് പമ്പുടമകള്‍ പറയുന്നു. ഡീസല്‍ ലിറ്ററിന് കേരളത്തേക്കാള്‍ തമിഴ്‌നാട്ടില്‍ ഏകദേശം 1.75 രൂപയുടെയും കര്‍ണാടകയില്‍ 5.25 രൂപയുടെയും കുറവാണുള്ളത്. അവിടങ്ങളിലെ സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലും വിലക്കുറവിന് കാരണമാവുന്നുണ്ട്. കേരളത്തില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരുരൂപ വീതം നികുതി സര്‍ക്കാര്‍ ഈടാക്കുന്നുണ്ട്. ഇതും വിലവര്‍ധനയ്ക്കു കാരണമാവുന്നുണ്ടെന്ന് പമ്പുടമകള്‍ പറയുന്നു. തമിഴ്‌നാടും കര്‍ണാടകവും അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ജില്ലകളില്‍ നിന്നുള്ള ചരക്കുവാഹനങ്ങള്‍ അധികവും ഇന്ധനം നിറയ്ക്കാന്‍ ഈ സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതു കേരളത്തിന് വരുമാന നഷ്ടത്തിന് ഇടയാക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss