|    Aug 21 Mon, 2017 1:59 pm
Home   >  Todays Paper  >  page 7  >  

ഇന്ദിരാ സ്മരണയില്‍ കോണ്‍ഗ്രസ്; പട്ടേല്‍ ജയന്തിയുമായി ബിജെപി

Published : 1st November 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യം ഇന്ദിരാഗാന്ധിയുടെയും സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെയും സ്മരണ പുതുക്കി. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 32ാം ചരമവാര്‍ഷികമായ ഇന്നലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്യവ്യാപകമായി അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ സര്‍ദായ് വല്ലഭ്ഭായി പട്ടേലിന്റെ ജന്മദിനം ബിജെപിയാണ് കൊണ്ടാടിയത്.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രകടനമായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡല്‍ഹിയിലെ ഇന്ദിരാസ്മൃതിയില്‍ പുഷ്പവൃഷ്ടി നടത്തി. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, സോണിയാഗാന്ധി തുടങ്ങിയവര്‍ ഇന്ദിരാഗാന്ധിയുടെ സമാധിസ്ഥലമായ ശക്തിസ്ഥലില്‍ പുഷ്പാര്‍ച്ചന നടത്തി. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളാരും ചടങ്ങില്‍ സംബന്ധിച്ചില്ല.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ പ്രതിമയില്‍ പൂക്കളര്‍പ്പിച്ചു. സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ ദിനം രാഷ്ട്രീയ ഏകതാ ദിനമായി ആഘോഷിക്കാന്‍ അധികാരത്തിലേറിയതിനെത്തുടര്‍ന്ന് മോദി തീരുമാനിച്ചിരുന്നു.
ബിജെപിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ പട്ടേലിന്റെ ഭീമന്‍ പ്രതിമാ നിര്‍മാണം പുരോഗമിക്കുകയാണ്. കോണ്‍ഗ്രസ് നേതാവായ വല്ലഭ്ഭായ് പട്ടേലിനെ ബിജെപി ഏറ്റെടുത്തതോടെ കുറച്ച് വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഇന്ദിരാഗാന്ധി ചരമവാര്‍ഷികത്തിനൊപ്പം പട്ടേല്‍ ജയന്തിയും ആഘോഷിച്ചുവരുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക