|    Jan 20 Fri, 2017 12:48 am
FLASH NEWS

ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്ന് റാവു തന്നോട് പറഞ്ഞു: മണിശങ്കര്‍ അയ്യര്‍

Published : 9th July 2016 | Posted By: SMR

കെ എ സലിം

ന്യൂഡല്‍ഹി: ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു തന്നോട് പറഞ്ഞുവെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യര്‍. നരസിംഹറാവുവിന്റെ ആത്മകഥയായ ഹാഫ് ലയണ്‍: ഹൗ നരസിംഹറാവു ട്രാന്‍സ്‌ഫോംഡ് ഇന്ത്യ എന്ന പുസ്തകത്തെക്കുറിച്ച് എന്‍ഡിടിവി വെബ്‌സൈറ്റില്‍ എഴുതിയ ലേഖനത്തിലാണ് അയ്യര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.
സംഘപരിവാര ശക്തികള്‍ അയോധ്യ മൂവ്‌മെന്റ് നടത്തിയ കാലത്ത് മതസൗഹാര്‍ദ്ദം ലക്ഷ്യമിട്ട് രാമേശ്വരത്തു നിന്ന് അയോധ്യയിലേക്ക് രാംറഹീം യാത്ര നടത്തുകയായിരുന്നു അയ്യര്‍. 1992 ഒക്ടോബര്‍ രണ്ടിനും നവംബര്‍ 14നും ഇടയിലായിരുന്നു യാത്ര. യാത്രയുടെ 44ാം ദിവസം ഭുവനേശ്വറിലായിരുന്ന തന്നെ പ്രധാനമന്ത്രി ഡല്‍ഹിക്കു വിളിപ്പിച്ചതായി അയ്യര്‍ പറയുന്നു. ഈ യാത്രയോട് തനിക്കെതിര്‍പ്പില്ല. എന്നാല്‍, മതേതരത്വത്തിനു താങ്കള്‍ നല്‍കിവരുന്ന നിര്‍വചനം അംഗീകരിക്കാന്‍ ആവാത്തതാണെന്ന് റാവു പറഞ്ഞു.
എവിടെയാണ് മതേതരത്വത്തിന്റെ കാര്യത്തില്‍ തനിക്കു തെറ്റുപറ്റിയതെന്ന് താന്‍ തിരിച്ചു ചോദിച്ചു. റാവു ക്ഷമയോടെ വിശദീകരിക്കാന്‍ തുടങ്ങി. മണീ.. ഇതൊരു ഹിന്ദുരാഷ്ട്രമാണെന്ന യാഥാര്‍ഥ്യം നീയെന്താണു കാണാത്തത്. റാവു ചോദിച്ചു. ഞാന്‍ അമ്പരന്നു നിന്നുവെന്ന് അയ്യര്‍ പറയുന്നു. പക്ഷേ, സര്‍, അതു തന്നെയല്ലേ ബിജെപിയും പറയുന്നതെന്നു താന്‍ തിരിച്ചുചോദിച്ചു.
അതിന് റാവു മറുപടിയൊന്നും പറഞ്ഞില്ല. താന്‍ തന്റെ യാത്രയിലേക്കു തിരിച്ചുപോയി. നവംബര്‍ 14ന് ഫൈസാബാദിലെത്തിയ യാത്ര പോലിസ് തടഞ്ഞു. 144 പാസാക്കിയതിനാല്‍ പോവരുതെന്നായിരുന്നു പോലിസ് നിര്‍ദേശം. പോവുമെന്നായിരുന്നു തന്റെ നിലപാട്. അങ്ങനെയാണെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് പോലിസ് പറഞ്ഞു. അവര്‍ അറസ്റ്റ് ചെയ്ത് പോലിസ് വാനില്‍ കയറ്റി സ്‌റ്റേഷനില്‍ കൊണ്ടുപോയി.
ഡിസംബര്‍ മുന്നിന് പുലര്‍ച്ചെ അഞ്ചിന് ഫോണ്‍ അടിക്കുന്നതു കേട്ടാണ് ഉണര്‍ന്നതെന്ന് അയ്യര്‍ എഴുതുന്നു. പ്രധാനമന്ത്രി ലൈനിലുണ്ടെന്നായിരുന്നു സന്ദേശം. മറ്റൊരു കോളിനിടയിലാണ് പ്രധാനമന്ത്രി സംസാരിക്കുന്നതെന്നു വ്യക്തമായിരുന്നു. ഞാന്‍ പരമാവധി ശ്രമിച്ചു. പക്ഷേ, അവര്‍ എന്നെ ചതിച്ചു. പ്രധാനമന്ത്രി പറയുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നത് അറിയാമായിരുന്നു. താനുടന്‍ അങ്ങോട്ടുവരാമെന്ന് പറഞ്ഞു. അന്ന് ആദ്യമായിട്ടായിരുന്നു 3 റേസ് കോഴ്‌സിലെ വീട്ടിലേക്ക് തന്നെ കയറാന്‍ സമ്മതിച്ചത്. എന്താണിനി ചെയ്യുകയെന്ന് അദ്ദേഹം എന്നോടു ചോദിച്ചു. ലക്ഷക്കണക്കിന് കര്‍സേവകരെ അവിടെനിന്നു മാറ്റുക എന്നത് ഇനി അസാധ്യമാണെന്ന് താന്‍ പറഞ്ഞു. അയോധ്യയിലേക്കു വിമാനം ചാര്‍ട്ടര്‍ ചെയ്ത് എല്ലാ എംപിമാരും അവിടെ എത്തിച്ചേരുകയെന്ന ഒരു നിര്‍ദേശം താന്‍ മുന്നോട്ടുവച്ചു. തനിക്ക് ഒരു യോഗത്തില്‍ പങ്കെടുക്കണമെന്നും അവിടെ നടത്തേണ്ട പ്രസംഗം എഴുതിത്തരാനും അദ്ദേഹം ആവശ്യപ്പെട്ടു. ഞാന്‍ സമ്മതിച്ചു. പിന്നീട് അയോധ്യയെക്കുറിച്ച് ഞങ്ങള്‍ സംസാരിക്കുകയുണ്ടായില്ല.
സാമ്പത്തിക പരിഷ്‌കരണത്തിന്റെ കാര്യത്തില്‍ നരസിംഹറാവു പാതി സിംഹമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, ബാബരിയുടെ കാര്യം വരുമ്പോള്‍ അയാള്‍ പാതി മനുഷ്യന്‍ മാത്രമായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക