|    Jul 22 Sun, 2018 8:23 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ത്യ- ശ്രീലങ്ക ഏക ട്വന്റി മല്‍സരം : മുനവീര വെടിക്കെട്ടില്‍ ലങ്കയ്ക്ക് 170

Published : 7th September 2017 | Posted By: fsq

 

കൊളംബോ: ടെസ്റ്റും ഏകദിനവും സമ്പൂര്‍ണമായി പരാജയപ്പെട്ട നാണക്കേട് ഒഴിവാക്കാന്‍ ഏക ട്വന്റി മല്‍സരത്തിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍. ദില്‍ഷന്‍ മുനവേര (53) തന്റെ കന്നി ട്വന്റി അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സുമായി ഓവര്‍ പൂര്‍ത്തിയാക്കി. അതേസമയം, ഇടയ്ക്കിടെ കൃത്യമായി വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ സ്പിന്നര്‍മാര്‍ തങ്ങളുടെ കരുത്ത് പ്രകടിപ്പിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചാഹല്‍ വിക്കറ്റ് വേട്ടയ്ക്ക് ചുക്കാന്‍ പിടിച്ചപ്പോള്‍ കുല്‍ദീപ് യാദവ് രണ്ടും ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി. ടോസ് നേടിയ വിരാട് കോഹ്‌ലി ലങ്കയെ ബാറ്റിങിന് അയച്ചപ്പോള്‍ 2.2 ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് വീണു. ക്യാപ്റ്റന്‍ ഉപുല്‍ തരംഗ(5) അതിവേഗം മടങ്ങിയപ്പോള്‍ മറുവശത്ത് ഡിക്വെല്ല(17) ചെറുത്തു നില്‍പ്പിന് ശ്രമിച്ചെങ്കിലും ബുംറയുടെ പന്തില്‍ വിക്കറ്റ് നഷ്ടമായി. മൂന്നാമനായി എത്തിയ മുനവീര(53) ഒരു വശത്ത് പൊരുതി നിന്നപ്പോള്‍ ഏയ്ഞ്ചല്‍ മാത്യൂസ് (7) ധോണിയുടെ സ്റ്റംപിങിന്റെ വേഗതയറിഞ്ഞു. പിന്നീട് അഷന്‍ പ്രിയഞ്ജന്‍ (40*) മികച്ച പ്രകടനവുമായി മുനവീരയ്ക്ക് കൂട്ടുചേര്‍ന്നപ്പോഴാണ് ശ്രീലങ്കന്‍ സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ വച്ചത്. 12ാം ഓവറില്‍ മുനവീരയുടെ വെടിക്കെട്ട് കുല്‍ദീപ് യാദവ് ക്ലീന്‍ ബൗള്‍ഡില്‍ അവസാനിപ്പിച്ച ശേഷം ലങ്കയ്ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. ട്വന്റി പ്രകടനവുമായി അതിവേഗം ബാറ്റ് വീശി പ്രിയഞ്ജന്‍ പൊരുതി നിന്നപ്പോള്‍ മറുവശത്ത് തിസാര പെരേര(11), ദസുന്‍ ശനക (0), പ്രസന്ന(11) എന്നിവര്‍ വന്നപോലെ മടങ്ങി. ഏഴാം വിക്കറ്റില്‍ ക്രീസിലെത്തിയ ഇസ്രു ഉഡാന (പത്ത് പന്തില്‍ 19*) മെച്ചപ്പെട്ട ചെറുത്തു നില്‍പ്പിന് ശ്രമിച്ചു. അപ്പോഴേക്കും ഓവര്‍ പൂര്‍ത്തിയായ ലങ്കയ്ക്ക് 171 റണ്‍സെന്ന വിജയ ലക്ഷ്യം സമ്മാനിക്കാനേ സാധിച്ചുള്ളൂ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss