|    Oct 15 Mon, 2018 4:36 pm
FLASH NEWS

ഇന്ത്യ – ശ്രീലങ്ക അഞ്ചാം ഏകദിനം ഇന്ന്: സമ്പൂര്‍ണ ജയം തേടി ഇന്ത്യ

Published : 2nd September 2017 | Posted By: ev sports

ശിഖാര്‍ ധവാന് വിശ്രമം
മല്‍സരം ഉച്ചയ്ക്ക് 2.30 മുതല്‍ സോണി ടെന്‍ 3യില്‍ തല്‍സമയം

കൊളംബോ: ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്പരയിലെ അവസാന മല്‍സരം ഇന്ന് കൊളംബോയില്‍. ആദ്യ നാല് മല്‍സരങ്ങളും വിജയിച്ച് ഫുള്‍ ഫോമില്‍ ഇന്ത്യ കളത്തിലിറങ്ങുമ്പോള്‍ തുടര്‍ തോല്‍വികളും സമ്മര്‍ദവുമായാണ് ശ്രീലങ്ക സ്വന്തം മണ്ണില്‍ പോരാട്ടത്തിനിറങ്ങുന്നത്.

സര്‍വസന്നാഹത്തോടെ  ഇന്ത്യ
കരുത്തുറ്റ താരനിരയുമായി ഫുള്‍ ഫോമിലാണ് ഇന്ത്യ ടീം അഞ്ചാം ഏകദിനത്തിനിറങ്ങുന്നത്. ആദ്യ നാല് മല്‍സരങ്ങളും അനായാസം പോക്കറ്റിലാക്കിയ ഇന്ത്യ അവസാന മല്‍സരവും വിജയിച്ച് സമ്പൂര്‍ണ ജയം ലക്ഷ്യമിട്ടാവും കൊളംബോയിലിറങ്ങുക. ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒന്നിനൊന്ന് മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ ചെറുത്ത് നില്‍ക്കാനുള്ള ഉള്‍ക്കരുത്ത് ലങ്കന്‍ നിരയ്ക്ക് ഇല്ല.
അവസാന രണ്ട് മല്‍സരങ്ങളിലും തിളങ്ങാന്‍ കഴിയാതിരുന്ന് ശിഖാര്‍ ധവാന് അഞ്ചാം ഏകദിനത്തില്‍ വിശ്രമം അനുവദിച്ചു. പകരം അജിന്‍ക്യ രഹാനെയാവും ഇന്ത്യയ്ക്കായി രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപണിങില്‍ ഇറങ്ങുക. രണ്ടാമന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും മികച്ച ഫോമിലാണുള്ളത്. നാലാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയ കോഹ്‌ലി നിലവില്‍ 29 സെഞ്ച്വറികളുമായി ശ്രീലങ്കന്‍ ഇതിഹാസ താരം സനത് ജയസൂര്യയ്‌ക്കൊപ്പം മൂന്നാം സ്ഥാനത്താണുള്ളത്. ഇന്നത്തെ മല്‍സരത്തില്‍ കൂടി സെഞ്ച്വറി കണ്ടെത്തി ഏകദിന സെഞ്ച്വറി നേട്ടത്തില്‍ റിക്കി പോണ്ടിങ്ങിന്റെ ഒപ്പമെത്താന്‍ തയ്യാറെടുത്താവും കോഹ്‌ലി പാഡണിയുക.
മധ്യനിരയില്‍ നാലാം മല്‍സരത്തില്‍ കേദാര്‍ ജാദവിന് പകരമെത്തിയ മനീഷ് പാണ്ഡെ തിളങ്ങി. മുന്‍ നായകന്‍ എംഎസ് ധോണിയും സ്ഥിരതയാര്‍ന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. എന്നാല്‍ കെ എല്‍ രാഹുലിന് തിളങ്ങാനാവാത്തതാണ് ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കുന്നത്. ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ബാറ്റിങില്‍ മികവിനൊത്തുയര്‍ന്നിട്ടില്ലെങ്കിലും ബൗളിങില്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അതേ പോലെ ഭുവനേശ്വര്‍ കുമാറിന് വിശ്രമം അനുവദിച്ച് നാലാം ഏകദിനത്തിലൂടെ ശര്‍ദുല്‍ താക്കൂര്‍ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ചു. രണ്ട് വിക്കറ്റുകളും താക്കൂര്‍ സ്വന്തമാക്കിയിരുന്നു. യുസ്‌വേന്ദ്ര ചാഹലിന് പകരം നാലാം ഏകദിനം കളിച്ച കുല്‍ദീപ് യാദവും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മികവ് പുലര്‍ത്തിയിരുന്നു.

പ്രതിഷേധങ്ങള്‍ ഏറ്റുവാങ്ങി ശ്രീലങ്ക

സ്വന്തം നാട്ടില്‍ തുടര്‍തോല്‍വികള്‍ ഏറ്റുവാങ്ങുന്ന ലങ്കന്‍ ക്രിക്കറ്റ് ടീമിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ശക്തമാവുകയാണ്. ആദ്യ രണ്ട് മല്‍സരത്തില്‍ നിറഞ്ഞ് നിന്ന ആരാധക പിന്തുണ മൂന്നും നാലും മല്‍സരങ്ങളില്‍ കണ്ടില്ല. ഇന്ത്യയ്്‌ക്കെതിരായ ഏകദിന പരമ്പരയിലെ നാല് മല്‍സരങ്ങള്‍ കഴിയുമ്പോള്‍ മൂന്ന് ക്യാപ്റ്റന്‍മാരാണ് ലങ്കയെ നയിച്ചത്. ആദ്യ രണ്ട് മല്‍സരങ്ങളില്‍ ഉപുല്‍ തരംഗയും മൂന്നാം മല്‍സരത്തില്‍ കപുഗേദരയും നാലാം ഏകദിനത്തില്‍ ലസിത് മലിംഗയുമാണ് ശ്രീലങ്കന്‍ ടീമിനെ നയിച്ചത്. എന്നാല്‍ പരീക്ഷണങ്ങള്‍ ഏറെ നടത്തിയിട്ടും വിജയം മാത്രം ലങ്കയ്ക്ക് അകന്നുനിന്നു. അതേ പോലെ ഏകദിനത്തില്‍ 300 വിക്കറ്റുകള്‍ അക്കൗണ്ടിലാക്കിയ മലിംഗ വിരമിക്കല്‍ സൂചനകള്‍ അറിയച്ചതായും റിപോര്‍ട്ടുകളുണ്ട്.
പരിക്കാണ് ലങ്കന്‍ നിരയക്ക് തിരിച്ചടി നല്‍കുന്നത് മൂന്നാം ഏകദിനത്തില്‍ കളിച്ച ദിനേഷ് ചണ്ഡിമാല്‍ പരിക്കിനെത്തുടര്‍ന്ന് പിന്‍മാറിയതും ധനുഷ്‌ക ഗുണതിലകയ്‌ക്കേറ്റ പരിക്കും ലങ്കയ്ക്ക് ശക്തമായ തിരിച്ചടിയാണ് നല്‍കിയത്.
അവസാന ഏകദിനത്തില്‍ നന്നായി തല്ലുവാങ്ങിക്കൂട്ടിയ ലങ്കന്‍ ബൗളര്‍മാരില്‍ നിന്ന് കൂടുതലൊന്നും ലങ്കന്‍ ടീമിന് പ്രതീക്ഷിക്കാനാവില്ല. ബാറ്റിങ് നിരയുടെ പ്രകടനം അതിലേറെ മോശം. ഡിക്ക്വെല്ല, തിരിമാന, കുശാല്‍ മെന്‍ഡിസ്, ഏയ്ഞ്ചലോ മാത്യൂസ് തുടങ്ങിയ മികച്ച താരങ്ങള്‍ ലങ്കന്‍ നിരയില്‍ ഉണ്ടെങ്കിലും മികവിനൊത്ത പ്രകടനം പുറത്തെടുക്കുന്നില്ല.
ലങ്കന്‍ ടീമിന് ഇനി ആശ്വസിക്കാന്‍ ഒന്നുമില്ല. 2019 ലോകകപ്പിനുള്ള യോഗ്യത നേരിട്ട് ലഭിക്കില്ലെന്ന് ഉറപ്പായ സ്ഥിതിക്ക് ഇനി കളിച്ച് തന്നെ യോഗ്യത നേടണം. നിലവിലെ പ്രകടനം തുടരുകയാണെങ്കില്‍ ലോകകപ്പില്‍ ഗാലറിയിലെ കാഴ്ചക്കാരായി ലങ്കന്‍ ടീമിനെ ഇരിക്കേണ്ടി വരും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss