|    Jan 23 Mon, 2017 6:16 pm
FLASH NEWS

ഇന്ത്യ വീണ്ടും തോറ്റു; പരമ്പര ഓസീസിന്

Published : 18th January 2016 | Posted By: SMR

മെല്‍ബണ്‍: റെക്കോഡ് ഇന്നിങ്‌സുമായി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മിന്നിയിട്ടും തോല്‍വിയില്‍ നിന്ന് ഇന്ത്യക്ക് മോചനമില്ല. ആസ്‌ത്രേലിയക്കെതിരേ ഇന്നലെ നടന്ന മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് തോല്‍വി തന്നെ. തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ആതിഥേയരായ ഓസീസ് കിരീടം ഉറപ്പിച്ചു.
മെല്‍ബണില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഏഴു പന്തും മൂന്നു വിക്കറ്റും ബാക്കിനില്‍ക്കേയാണ് ഇന്ത്യ കംഗാരുക്കള്‍ക്ക് മുന്നില്‍ മല്‍സരവും പരമ്പരയും അടിയറവ് വച്ചത്. നേരത്തെ പെര്‍ത്തില്‍ അഞ്ചു വിക്കറ്റിനും ബ്രിസ്ബണില്‍ ഏഴു വിക്കറ്റിനും ഇന്ത്യ പരാജയപ്പെട്ടിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 295 റണ്‍സ് നേടി. കോഹ്‌ലി (117) സെഞ്ച്വറിയുമായി മിന്നിയപ്പോള്‍ ശിഖര്‍ ധവാനും (68) അജിന്‍ക്യ രഹാനെയും (50) അര്‍ധസെഞ്ച്വറിയുമായി ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ കരുത്ത് കാണിച്ചു. ഒമ്പത് പന്തില്‍ നിന്ന് രണ്ട് വീതം സിക്‌സറും ബൗണ്ടറിയും ഉള്‍പ്പെടെ 23 റണ്‍സുമായി ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയും ഇന്ത്യന്‍ നിരയില്‍ മികച്ചുനിന്നു. നാലു വിക്കറ്റ് വീഴ്ത്തിയ ജോണ്‍ ഹാസ്റ്റിങ്‌സാണ് ഓസീസ് ബൗളിങ് നിരയില്‍ തിളങ്ങിയത്.
മറുപടിയില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും (96) ഷോണ്‍ മാര്‍ഷും (62) അര്‍ധസെഞ്ച്വറിയുമായി തിരിച്ചടി നല്‍കിയപ്പോള്‍ തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലും ഇന്ത്യന്‍ ബൗളര്‍മാര്‍ തലതാഴ്ത്തുകയായിരുന്നു. 48.5 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് കംഗാരുക്കള്‍ വിജയലക്ഷ്യം മറികടന്നത്. 83 പന്തില്‍ എട്ട് ബൗണ്ടറിയും മൂന്നു സിക്‌സറും അടിച്ചാണ് മാക്‌സ്‌വെല്‍ ഓസീസിന്റെ ടോപ്‌സ്‌കോററായത്.
സെഞ്ച്വറിക്കു വേണ്ടി ശ്രമം നടത്തിയ മാക്‌സ്‌വെല്ലിനെ ഉമേഷ് യാദവിന്റെ ബൗളിങില്‍ ശിഖര്‍ ധവാന്‍ പിടികൂടുകയായിരുന്നു. 73 പന്തില്‍ ആറ് ബൗണ്ടറിയാണ് മാര്‍ഷിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് (41), ജോര്‍ജ് ബെയ്‌ലി (23), ജെയിംസ് ഫോക്‌നര്‍ (21*), ആരണ്‍ ഫിഞ്ച് (21) എന്നിവരും ഓസീസ് വിജയത്തിന് അടിത്തറ പാകി. ഇന്ത്യക്കായി ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.
നേരത്തെ, ഏറ്റവും വേഗത്തില്‍ 7000 റണ്‍സ് നേടുന്ന ഏകദിന താരമെന്ന റെക്കോഡ് കരസ്ഥമാക്കിയാണ് കോഹ്‌ലി സെഞ്ച്വറിയിലേക്ക് കുതിച്ചത്. 169 മല്‍സരങ്ങളില്‍ നിന്ന് 161 ഇന്നിങ്‌സ് ബാറ്റേന്തിയാണ് കോഹ്‌ലി 7000 റണ്‍സ് ക്ലബ്ബിലെത്തിയത്. 172 മല്‍സരങ്ങളില്‍ നിന്ന് 166 ഇന്നിങ്‌സ് ബാറ്റേന്തിയ എബി ഡിവില്ലിയേഴ്‌സിന്റെ റെക്കോഡാണ് കോഹ്‌ലിക്കു മുന്നില്‍ ഇന്നലെ പഴങ്കഥയായത്. റെക്കോഡിനൊപ്പം 117 പന്തില്‍ ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറും അടിച്ച് കോഹ്‌ലി തന്റെ 24ാം ഏകദിന സെഞ്ച്വറി പിന്നിടുകയും ചെയ്തു. വേഗത്തില്‍ 24 സെഞ്ച്വറി പിന്നിട്ട താരമെന്ന നേട്ടവും ഇതോടൊപ്പം കോഹ്‌ലി സ്വന്തമാക്കി.
രണ്ടാം വിക്കറ്റില്‍ ധവാനൊപ്പവും മൂന്നാം വിക്കറ്റില്‍ രഹാനെയ്‌ക്കൊപ്പവും കോഹ്‌ലി സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തിരുന്നു. 91 പന്തില്‍ ഒമ്പത് ബൗണ്ടറിയുള്‍പ്പെടുന്നതാണ് ധവാന്റെ ഇന്നിങ്‌സ്. 55 പന്ത് നേരിട്ട രഹാനെ നാല് ബൗണ്ടറിയും ഒരു സിക്‌സറും തന്റെ ഇന്നിങ്‌സില്‍ കണ്ടെത്തി. പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങളില്‍ ഇന്ത്യക്കു വേണ്ടി സെഞ്ച്വറി നേടിയ രോഹിത് ശര്‍മക്ക് ഇന്നലെ ആറ് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങളെ അപേക്ഷിച്ച് ടീമില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ നിര്‍ണായക മൂന്നാമങ്കത്തിന് കളത്തിലിറങ്ങിയത്. ആര്‍ അശ്വിന്‍, മനീഷ് പാണ്ഡെ എന്നിവര്‍ക്കു പകരം ഗുര്‍കീരത്ത് സിങിനെയും റിഷി ധവാനെയുമാണ് ഇന്ത്യ ഇന്നലെ അന്തിമ ഇലവനില്‍ സ്ഥാനം നല്‍കിയത്. ഗുര്‍കീരത്തിന്റെയും റിഷിയുടെയും അരങ്ങേറ്റ ഏകദിന മല്‍സരം കൂടിയായിരുന്നു ഇത്. നിര്‍ണായക ഇന്നിങ്‌സിലൂടെ ഓസീസിനെ വിജയത്തിലേക്ക് ആനയിച്ച മാക്‌സ് വെല്ലാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയിലെ നാലാം ഏകദിനം ബുധനാഴ്ച കാന്‍ബെറയില്‍ അരങ്ങേറും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 76 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക