|    Sep 20 Thu, 2018 3:56 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ത്യ- വിന്‍ഡീസ് മൂന്നാം ഏകദിനം ഇന്ന് ; ജയം തുടരാന്‍ ഇന്ത്യ

Published : 30th June 2017 | Posted By: fsq

 

കിങ്‌സ്ടൗണ്‍: ഇന്ത്യ- വിന്‍ഡീസ് മൂന്നാം ഏകദിനം ഇന്ന്. അഞ്ച് മല്‍സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മല്‍സരത്തില്‍ 105 റണ്‍സിന്റെ ജയം ഇന്ത്യക്കൊപ്പമായിരുന്നു. അതിനാല്‍, ജയത്തുടര്‍ച്ച തേടുന്ന ഇന്ത്യക്ക് ബാറ്റ്‌സ്മാന്‍മാര്‍ മികവ് പുലര്‍ത്തുന്നു എന്നതാണ് ശക്തി. അതേസമയം ബൗളിങും ബാറ്റിങും ദുര്‍ബലമായി തുടരുന്ന വിന്‍ഡീസ് നിരയ്ക്ക് സ്വന്തം മണ്ണില്‍ ജയം അനിവാര്യമാണ്.ഓപണിങ് കരുത്തില്‍ ഇന്ത്യചാംപ്യന്‍സ് ട്രോഫിയില്‍ ശിഖാര്‍ ധവാനും രോഹിത് ശര്‍മയും ഓപണിങില്‍ നടത്തിയ ബാറ്റിങ് വെടിക്കെട്ടാണ് ഇന്ത്യക്ക് ഫൈനല്‍ ബര്‍ത്ത് സമ്മാനിച്ചത്. വിന്‍ഡീസ് പര്യടനത്തില്‍ രോഹിതിന് പകരക്കാരനായെത്തിയ അജിന്‍ക്യ രഹാനെയും ധവാനൊപ്പം ഓപണിങില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നതാണ് ഇന്ത്യയുടെ കരുത്ത്. രണ്ടാം മല്‍സരത്തില്‍ രഹാനെ തന്റെ മൂന്നാം സെഞ്ച്വറിയോടെ കളം നിറഞ്ഞ് കളിച്ചതും ധവാന്റെ സ്ഥിരതയാര്‍ന്ന പ്രകടനവുമാണ് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ ഇന്ത്യയെ സഹായിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും മിന്നും ബാറ്റിങ് പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും പരിചയ സമ്പന്നരായ എം എസ് ധോണിയുടേയും യുവരാജ് സിങിന്റെയും മോശം പ്രകടനം ഇന്ത്യന്‍ പ്രതീക്ഷകള്‍ തകിടം മറിക്കുന്നുണ്ട്. യുവതാരം റിഷഭ് പാന്തിന് ആദ്യമായി ടീമില്‍ അവസരം നല്‍കിയെങ്കിലും ആദ്യ രണ്ട് മല്‍സരത്തിലും കളിക്കാന്‍ അവസരം നല്‍കിയില്ല. ഇന്നത്തെ മല്‍സരത്തില്‍ പാന്തിനെ ഉള്‍പ്പെടുത്തുമോയെന്ന കാര്യം വ്യക്തമല്ല. അതേസമയം കുല്‍ദീപ് യാദവ് ബൗളിങില്‍ ഇന്ത്യക്കുവേണ്ടി തിളങ്ങുന്നുണ്ട്. രണ്ടാം മല്‍സരത്തില്‍ മൂന്ന് വിന്‍ഡീസ് വിക്കറ്റുകളാണ് കുല്‍ദീപ് സ്വന്തമാക്കിയത്. യുവതാരങ്ങളായ ഹര്‍ദിക് പാണ്ഡ്യക്കും കേദാര്‍ ജാദവിനും ഇതുവരെ മികച്ച പ്രകടനം നടത്താനുള്ള അവസരം ലഭിച്ചിട്ടില്ല. ബൗളിങില്‍ ഭുവനേശ്വര്‍ കുമാറും ഉമേഷ് യാദവും ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നുണ്ട്. ഇന്നത്തെ മല്‍സരത്തില്‍ ഉമേഷ് യാദവിന് വിശ്രമം നല്‍കി മുഹമ്മദ് ഷമിക്ക് അവസരം നല്‍കിയേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്. ആധിപത്യമില്ലാതെ വിന്‍ഡീസ്സ്വന്തം മൈതാനത്തിന്റെ ആധിപത്യം ഒരു തരത്തിലും പുറത്തെടുക്കാനാവാത്ത പ്രകടനമാണ് വിന്‍ഡീസ് നടത്തുന്നത്. പരിചയസമ്പന്നരായ താരങ്ങളുടെ അഭാവം നിഴലിച്ച് നില്‍ക്കുന്ന വിന്‍ഡീസ് നിരയില്‍ അല്‍സാരി ജോസഫും ജേസണ്‍ ഹോള്‍ഡറും ഭേദപ്പെട്ട ബൗളിങ് പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും റണ്‍സ് നന്നായി വിട്ടുനല്‍കുന്നുണ്ട്. ആഷഌ നേഴ്‌സ് അവസാന മല്‍സരത്തില്‍ ഒമ്പത് ഓവറില്‍ 38 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി തരക്കേടില്ലാത്ത പ്രകടനം നടത്തിയെങ്കിലും ദേവേന്ദ്ര ബിഷുവിന് പരിചയസമ്പന്നതയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാനാവുന്നില്ല.——കീറണ്‍ പവലും  ജാസണ്‍ മുഹമ്മദും എവിന്‍ ലെവിസുമെല്ലാം ബാറ്റിങില്‍ പരാജയപ്പെടുന്നതാണ് വിന്‍ഡീസിന് തലവേദനയാവുന്നത്. ഷായ് ഹോപ് അവസാന മല്‍സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. താരത്തിന്റെ മികച്ച ഫോം വിന്‍ഡീസിന് ആശ്വാസമാണ്. ഇന്നത്തെ മല്‍സരത്തില്‍ വിന്‍ഡീസ് നിരയില്‍ കെയ്ല്‍ ഹോപ്, സുനില്‍ ആംബ്രിസ് എന്നീ രണ്ട് പുതുമുഖ താരങ്ങള്‍ ഉണ്ടാവുമെന്നാണ് റിപോര്‍ട്ടുകള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss