|    Aug 19 Sun, 2018 11:23 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്ത്യ – വിന്‍ഡീസ് ഏകദിന മല്‍സരം മാറ്റണമെന്ന് കെസിഎ; ബിസിസിഐക്ക് കത്തയച്ചു

Published : 24th March 2018 | Posted By: vishnu vis

തിരുവനന്തപുരം: വരുന്ന നവംബറില്‍ കേരളത്തിന് അനുവദിച്ച വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനം മാറ്റണമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ ബിസിസിഐയോട് ആവശ്യപ്പെട്ടു. ഇതിന് പകരം ജനുവരിയില്‍ ആസ്‌ത്രേലിയക്കെതിരായ മല്‍സരം അനുവദിക്കണമെന്നാണ് ആവശ്യം. നവംബറില്‍ കേരളത്തില്‍ മഴയുടെ സമയമായതിനാലാണ് കെസിഎയുടെ അഭ്യര്‍ഥന. ന്യൂസിലന്‍ഡിനെതിരേ കഴിഞ്ഞ നവംബറില്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരം മഴ കാരണം തടസം നേരിട്ടിരുന്നു. ശക്തമായ മഴയെ തുടര്‍ന്ന് എട്ട് ഓവര്‍ മാത്രമാണ് അന്ന് മല്‍സരം നടന്നത്. ഈ പശ്ചാത്തലത്തിലാണ് മല്‍സരം ജനുവരിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി കെസിഎ രംഗത്തെത്തിയത്. ഏറെ അനിശ്ചിതത്വങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് മല്‍സരം നടത്താന്‍ തീരുമാനിച്ചത്. ആദ്യം തിരുവനന്തപുരത്താണ് തീരുമാനിച്ചതെങ്കിലും പിന്നീട് അത് കൊച്ചിയിലേക്ക് മാറ്റാന്‍ കെസിഎ നീങ്ങിയതോടെ വിവാദങ്ങളുണ്ടായി. കൊച്ചിയില്‍ അടുത്തുതന്നെ ഫുട്‌ബോള്‍ മല്‍സരം നടക്കാനുള്ളതിനാല്‍ പിച്ച് നിര്‍മിക്കാന്‍ മൈതാനം കുത്തിപ്പൊളിക്കേണ്ടി വരുമെന്നുവന്നതോടെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെന്‍ഡുല്‍ക്കര്‍, മുന്‍ ഇന്ത്യന്‍താരം ശ്രീശാന്തുമടക്കമുള്ള താരങ്ങള്‍ കൊച്ചിയില്‍നിന്നും കളിമാറ്റുന്നതാണ് ഉചിതമെന്ന് ചൂണ്ടിക്കാട്ടി. എന്നാല്‍ കെസിഎ ഇതിന് വഴങ്ങിയില്ലെങ്കിലും സര്‍ക്കാര്‍ ഇടപെടലുണ്ടായതോടെ മല്‍സരം ഗ്രീന്‍ഫീല്‍ഡിലേക്ക് മാറ്റുകയായിരുന്നു. അതിനിടെയാണ് മല്‍സരംതന്നെ കേരളത്തില്‍നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് കെസിഎ ഇപ്പോള്‍ കത്തയച്ചിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss