|    Nov 23 Thu, 2017 4:22 pm
FLASH NEWS

ഇന്ത്യ മാര്‍ച്ച് ഫോര്‍ സയന്‍സ്; ആകാശഗംഗയെ കാണാന്‍ വാനനിരീക്ഷണത്തിന് അവസരം

Published : 2nd August 2017 | Posted By: fsq

 

തിരുവനന്തപുരം: ഇന്ത്യന്‍ ശാസ്ത്രസമൂഹം ദേശവ്യാപകമായി ഒമ്പതിനു നടത്തുന്ന ഇന്ത്യ മാര്‍ച്ച് ഫോര്‍ സയന്‍സിന്റെ ഭാഗമായി കേരള അമച്വര്‍ അസ്‌റ്റ്രോണമേഴ്‌സ് ഓര്‍ഗനൈസേഷന്‍ നാളെ തിരുവനന്തപുരത്തു ശാസ്ത്രപ്രഭാഷണവും വാനനിരീക്ഷണവും നടത്തും. വൈകീട്ട് 5.30നു ശാസ്ത്രസാങ്കേതിക മ്യൂസിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ഡോ. ആര്‍ വി ജി മേനോന്‍ മുഖ്യപ്രഭാഷണം നടത്തും. ശാസ്ത്രത്തിനും ശാസ്ത്രീയതയ്ക്കും വേണ്ടി ആദ്യമായാണ് ഇന്ത്യന്‍ ശാസ്ത്രലോകം തെരുവിലിറങ്ങുന്നത്. രാഷ്ട്രനിര്‍മിതിയുടെ നെഹ്രൂവിയന്‍ കാലത്തുണ്ടായിരുന്ന ഉന്നതമായ പദവിയിലേക്കു ശാസ്ത്രത്തെ മടക്കിക്കൊണ്ടുവരിക എന്നതാണ് മാര്‍ച്ച് ഫോര്‍ സയന്‍സിന്റെ ലക്ഷ്യം. ഏപ്രില്‍ 22നു ലോകമെമ്പാടും നടന്ന ഗ്ലോബല്‍ മാര്‍ച്ച് ഫോര്‍ സയന്‍സിന്റെ പാത പിന്‍തുടര്‍ന്നാണ് ഇന്ത്യയിലും പരിപാടി സംഘടിപ്പിക്കുന്നത്.ശാസ്ത്രവസ്തുതകള്‍ ജനങ്ങളില്‍നിന്നു മറച്ചുവയ്ക്കുകയും അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന സമീപകാലപ്രവണതകള്‍ക്ക് എതിരേയുള്ള ശാസ്ത്രസമൂഹത്തിന്റെ പ്രതിഷേധമാണ് 9നു നടക്കുന്നത്. ശാസ്ത്രീയത, ശാസ്ത്രീയത അടിസ്ഥാനമാക്കിയ നയസമീപനങ്ങള്‍, തെളിവധിഷ്ഠിത ശാസ്ത്രാഭ്യസനം, അടിസ്ഥാനശാസ്ത്ര ഗവേഷണത്തിനു കൂടുതല്‍ ധനവിഹിതം തുടങ്ങിയവയാണ് ശാസ്ത്രജ്ഞര്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍. ഇന്ത്യയിലെ എല്ലാ ശാസ്ത്രഗവേഷണ സ്ഥാപനങ്ങളിലെയും ശാസ്ത്രജ്ഞര്‍, ശാസ്ത്രാധ്യാപകര്‍, ശാസ്ത്രസംഘടനകള്‍, സാങ്കേതികവിദഗ് ധര്‍ തുടങ്ങിയവരെല്ലാം പങ്കെടുക്കുന്ന മാര്‍ച്ചിനു മുന്നോടിയായി വിവിധ പരിപാടികള്‍ രാജ്യമെമ്പാടും നടന്നുവരികയാണ്. ഇതിന്റെ ഭാഗമാണ് ആസ്‌റ്റ്രോ കേരളയുടെ ശാസ്ത്രസായാഹ്നം. നക്ഷത്രപരിചയം, ടെലിസ്‌കോപ്പിലൂടെയുള്ള വാനനിരീക്ഷണം, ജ്യോതിശാസ്ത്ര ക്ലാസ് തുടങ്ങിയവയൊക്കെ സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പരിപാടിയില്‍  പങ്കെടുക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക