|    Mar 25 Sat, 2017 9:19 pm
FLASH NEWS

ഇന്ത്യ ബുക്ക് ഓഫ് റെക്കോഡും കടന്ന് പ്രശാന്തിന്റെ ഓര്‍മശക്തി ഏഷ്യന്‍ റെക്കോഡിലേക്ക്

Published : 28th July 2016 | Posted By: SMR

തിരുവനന്തപുരം: വയ്യാത്ത കുട്ടിയല്ലേ എന്ന സഹതാപവാക്കുകള്‍ പ്രശാന്തിനോട് ആരും പറയില്ല. പകരം, കാഴ്ച-കേള്‍വി-സംസാര പ്രയാസങ്ങള്‍ക്കു പുറമെ ബുദ്ധിപരമായ വെല്ലുവിളിയും നേരിടുന്ന അവന്റെ കഴിവുകളില്‍ ആരും അദ്ഭുതപ്പെടും. ഓര്‍മശക്തിയും കീബോര്‍ഡ് വായിക്കാനുള്ള  വൈഭവവും പലപ്പോഴും വാര്‍ത്തകളില്‍ ഇടംനേടിയിട്ടുണ്ട്. ഒരു ലക്ഷം വര്‍ഷത്തെ കലണ്ടര്‍ മനപ്പാഠമായ പ്രശാന്തിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടംനേടാനുമായിട്ടുണ്ട്.
ഇപ്പോള്‍ തന്റെ കഴിവുകള്‍കൊണ്ട് മറ്റൊരു റെക്കോഡ് നേട്ടമുണ്ടാക്കാനൊരുങ്ങുകയാണ് ഈ മിടുക്കന്‍. ഇന്നുരാവിലെ പത്തരയ്ക്ക് തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പ്രശാന്തിന്റെ ഓര്‍മശക്തി ഏഷ്യ ബുക്ക് ഓഫ് റെക്കോഡിലേക്കും ചേക്കേറും. 3,65,00,000 ദിവസങ്ങളുള്ള ഒരു ലക്ഷം വര്‍ഷത്തെ കലണ്ടറില്‍ നിന്ന് ഏതു ദിവും മിനിട്ടുകള്‍കൊണ്ട് ഓര്‍ത്തെടുക്കാനുള്ള പ്രശാന്തിന്റെ ശേഷിയാണ് അവനെ റെക്കോഡ് നേട്ടങ്ങളിലെത്തിക്കുന്നത്. സമാന അവസ്ഥയിലുള്ള കുട്ടികള്‍ക്ക് ഒരു പ്രചോദനമാവട്ടെ എന്നുകരുതി ഏതാനും സംഘടനകള്‍ ചേര്‍ന്നാണ് റെക്കോഡ് ബുക്കിലേക്കുള്ള അവന്റെ യാത്രയ്ക്കു കളമൊരുക്കുന്നത്.
18 വയസ്സുകാരനായ പ്രശാന്തിന് ബുദ്ധിമാന്ദ്യത്തിനപ്പുറം ഹൃദയവൈകല്യവും തലച്ചോറില്‍ വെള്ളം കെട്ടിക്കിടക്കുന്ന അസുഖവുമുണ്ട്. ഈ രോഗങ്ങള്‍ക്ക് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ ചികില്‍സയിലാണ്. തിരുവനന്തപുരം കരമന സ്വദേശിയായ പ്രശാന്തിന് 125ഓളം പുരസ്‌കാരങ്ങള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. ബിടെക് വിദ്യാര്‍ഥിനിയായ സഹോദരി പ്രിയങ്ക നല്‍കിയ മൊബൈലില്‍ നിന്നാണ് കലണ്ടര്‍ മനപ്പാഠമാക്കാന്‍  കഴിഞ്ഞത്. മൊബൈല്‍ അനായാസമായി ഉപയോഗിക്കുന്ന പ്രശാന്ത് ഗെയിമുകളിലും വിദഗ്ധനാണ്.
ചേച്ചിയാണ് പ്രശാന്തിനെ ടെക്‌നോളജിയുടെ ലോകം പരിചയപ്പെടുത്തിയതെങ്കിലും ഇപ്പോള്‍ ചേച്ചിയേക്കാള്‍ വിദഗ്ധമായാണ് ഇവ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. പ്രശാന്തിന് ഏറെ പ്രിയപ്പെട്ട മറ്റൊരു ഹോബിയാണ് കീബോര്‍ഡ് വായന. ഒരു കൈ ഉപയോഗിച്ചാണ് കീബോര്‍ഡ് വായിക്കുക. നോട്ടുകളെല്ലാം വേഗം മനസിലാക്കുന്ന ഈ പ്രതിഭക്ക് ഒരു പാട്ടുപഠിക്കാന്‍ രണ്ടുദിവസത്തെ പ്രക്ടീസ് മാത്രം മതിയാവും.
16 പാട്ടുകളാണ് കീബോര്‍ഡില്‍ വായിക്കുന്നത്. വഴുതയ്ക്കാട് റോട്ടറി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിക്കുന്ന പ്രശാന്തിന് അവിടുത്തെ അധ്യാപകനായ ഭുവനേഷ് നെല്‍വീഥിയാണ് കീബോര്‍ഡിന്റെ പാഠങ്ങള്‍ പകര്‍ന്നുനല്‍കുന്നത്. രണ്ടരവര്‍ഷമായി കീബോര്‍ഡ് പഠിക്കുന്നുണ്ട്. എന്തിനും ഏതിനും പിതാവും മാതാവും ഒപ്പം വേണമെങ്കിലും മകന് ദൈവം നല്‍കിയ അസാമാന്യ കഴിവില്‍ സംതൃപ്തരാണ് മാതാപിതാക്കളായ ചന്ദ്രനും സുഹിതയും.
ഡോക്ടര്‍മാരുടെ ഭാഷയില്‍ പ്രശാന്തിന്റെ കണ്ണുകള്‍ക്ക് തീരെ കാഴ്ചയില്ല. എന്നാല്‍, അവന് നേരിയ കാഴ്ചയുണ്ടാവാമെന്ന് അച്ഛനമ്മമാര്‍ അനുഭവങ്ങളില്‍നിന്നു പറയുന്നു. പ്രശാന്തിന്റെ വൈകല്യങ്ങള്‍ക്കു കാരണം എന്താണെന്ന് ഇതേവരെ കണ്ടുപിടിച്ചിട്ടില്ല. ബുദ്ധിമാന്ദ്യം ഉള്ള കുട്ടികളെ സമൂഹത്തില്‍ നിന്നു മാറ്റിനിര്‍ത്തരുത് എന്ന സന്ദേശവുമായാണ് പ്രശാന്തിന്റെ റെക്കോഡുകള്‍ക്കായി പ്രയത്‌നിക്കുന്നതെന്ന് എഷ്യന്‍ ബുക്ക് ഓഫ് റെക്കോഡ്‌സ് ഓര്‍ഗനൈസിങ് കമ്മറ്റി ചെയര്‍മാന്‍ വി ജയകുമാര്‍, കോ-ഓഡിനേറ്റര്‍ എസ് വി ഹരികൃഷ്ണന്‍, ഡോ. എം കെ ജയരാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

(Visited 327 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക