|    Feb 27 Mon, 2017 1:08 am
FLASH NEWS

ഇന്ത്യ-ന്യൂസിലന്‍ഡ് സഹകരണം കൂടുതല്‍ മെച്ചപ്പെട്ടുവരുന്നതായി ജോണ്‍ കീ

Published : 28th October 2016 | Posted By: SMR

നെടുമ്പാശ്ശേരി: ഇന്ത്യയും ന്യൂസിലന്‍ഡുമായുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെട്ടുവരുന്നതായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കീ. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ പുതിയ രാജ്യാന്തര ടെര്‍മിനല്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ലോകത്തെ തന്നെ ഏറ്റവും മനോഹരവും മികച്ചതുമായ രാജ്യാന്തര വിമാനത്താവളമാണ് കൊച്ചിയിലേത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-വാണിജ്യ ബന്ധത്തിന് ഇത് കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസിലന്‍ഡിലെ രാജ്യാന്തര പൈലറ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിക്കുന്നതിനുള്ള സാധ്യതകള്‍ ആലോചിക്കാവുന്നതാണെന്നും ജോണ്‍ കീ പറഞ്ഞു. വൈകീട്ട് 5.10ന് പ്രത്യേക വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തിയ അദ്ദേഹത്തെ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫറുള്ള, സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി ജെ കുര്യന്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ സി കെ നായര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ എം ഷബീര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് വിമാനത്താവളത്തിലെ നിര്‍മാണം അന്തിമഘട്ടത്തിലെത്തിനില്‍ക്കുന്ന പുതിയ ഇന്റര്‍നാഷനല്‍ ടെര്‍മിനല്‍ ടി ത്രീ അദ്ദേഹം സന്ദര്‍ശിച്ചു.
ഇവിടെ ബഗേജ് കൈകാര്യം ചെയ്യുന്നതിനുള്ള കണ്‍വെയര്‍ ബെല്‍റ്റുകളും എക്‌സ്‌റേ യന്ത്രങ്ങളും മറ്റ് അത്യാധുനിക സംവിധാനങ്ങളും ഒരുക്കിയിരിക്കുന്ന ന്യൂസിലന്‍ഡ് കമ്പനിയായ ഗ്ലൈഡ് പാത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ജോണ്‍ കീ എത്തിയത്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഇന്‍ലൈന്‍ ബഗേജ് ഹാന്‍ഡ്‌ലിങ് സംവിധാനത്തെക്കുറിച്ച് ജോ ണ്‍ കീ സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി ജെ കുര്യനോടും ഗ്ലൈഡ് പാത്ത് ചെയര്‍മാന്‍ കെ ന്‍ സ്റ്റീവന്‍സണോടും ചോദിച്ച് മനസ്സിലാക്കി. 1,100 കോടി രൂപ മുടക്കിയുള്ള മൂന്നാം ടെര്‍മിനലിന്റെ നിര്‍മാണപ്രവൃത്തി അവസാനഘട്ടത്തിലാണ്.
ജോണ്‍ കീയുടെ ഭാര്യ ബ്രൊണാഹ് കീ, ഇന്ത്യയിലെ ന്യൂസിലന്‍ഡ് ഹൈക്കമ്മീഷണര്‍ ഗ്രേയം മോര്‍ട്ടന്‍, ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജീവ് കോലി എന്നിവര്‍ ഉള്‍പ്പെടെ 81 അംഗ പ്രതിനിധിസംഘം ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു. വൈകീട്ട് 6.30ന് അദ്ദേഹം നെടുമ്പാശ്ശേരിയില്‍ നിന്ന് ഇന്തോനീസ്യയിലേക്കു പോയി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day