|    Jul 26 Wed, 2017 6:26 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ്: ഹാട്രിക് വിജയം തേടി ഇന്ത്യ

Published : 8th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ അവസാന മല്‍സരം ഇന്ന് ഇന്‍ഡോറില്‍ നടക്കും. ആദ്യ രണ്ട് മല്‍സരങ്ങളിലും വിജയിച്ച് പരമ്പര നേടിയെങ്കിലും പരമ്പരയില്‍ സമ്പൂര്‍ണ ജയം കൈവരിക്കുക എന്ന ലക്ഷ്യവുമായാവും ഇന്ത്യ ഇറങ്ങുക.
അതേസമയം, അവസാന മല്‍സരത്തിലെങ്കിലും വിജയിച്ച് മാനംകാക്കാമെന്ന പ്രതീക്ഷയിലാവും ന്യൂസിലന്‍ഡ് മൂന്നാം മല്‍സരത്തിനിറങ്ങുന്നത്.
ഇന്നത്തെ ടെസ്റ്റില്‍ പരിക്ക് ഇന്ത്യന്‍ നിരയ്ക്ക് തിരിച്ചടിയാണ്. രണ്ടാം മല്‍സരത്തില്‍ കൈവിരലിനേറ്റ പരിക്കിനെത്തുടര്‍ന്ന് ഓപണര്‍ ശിഖര്‍ ധവാന് മൂന്നാം മല്‍സരം നഷ്ടമാവും. രണ്ടാം ടെസ്റ്റിലെ വിജയശില്‍പ്പികളിലൊരാളായ പേസര്‍ ഭുവനേശ്വര്‍ കുമാറും പരിക്കിനെ തുടര്‍ന്ന് മൂന്നാം മല്‍സരത്തിനിറങ്ങില്ല. പകരം ഷര്‍ദുല്‍ താക്കൂര്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും.
രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ടീമില്‍ തിരിച്ചെത്തിയ ഗൗതം ഗംഭീറിന് ഇ ന്നത്തെ ടെസ്റ്റില്‍ അവസരം ലഭിക്കും. ദുലീപ് ട്രോഫിയില്‍ പിങ്ക് ബൗളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഗംഭീര്‍ ഇന്ത്യന്‍ ടീമിന് മഹത്തായ സംഭാവനകള്‍  നല്‍കാന്‍ ഇനിയുമാവുമെന്ന് ഇന്ത്യന്‍ ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാര്‍ അഭിപ്രായപ്പെട്ടു.
മികച്ച ഫോമില്‍ കളിക്കുന്ന രവിചന്ദ്ര അശ്വിനിലും രവീന്ദ്ര ജഡേജയിലും തന്നെയാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ നിലനില്‍ക്കുന്ന ത്. ഓപണര്‍ മുരളി വിജയുടെ പ്രകടനവും ചേതേശ്വര്‍ പുജാരയുടെ പ്രകടനവും ആദ്യ മല്‍സരങ്ങളിലെ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. രണ്ടാം ടെസ്റ്റില്‍ രണ്ടിന്നിങ്‌സിലും അര്‍ധശതകം കുറിച്ച വൃധിമാന്‍ സാഹ നടത്തിയ  ചെറുത്തു നില്‍പ്പും മികച്ചതായിരുന്നു. മല്‍സരശേഷം സാഹ ഇന്ത്യ കണ്ട മികച്ച വിക്കറ്റ് കീപ്പര്‍ ആണെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി അഭിപ്രായപ്പെട്ടിരുന്നു.
രണ്ടാം ടെസ്റ്റില്‍ ഇറങ്ങാതിരുന്ന ക്യാപ്റ്റ ന്‍ കെയ്ന്‍ വില്യംസന്റെ തിരിച്ചുവരവ് ന്യൂസിലന്‍ഡ് നിരയ്ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ഇന്ത്യയിലെ കനത്ത ചൂടാണ് തങ്ങളുടെ മികച്ച പ്രകടനത്തെ ബാധിക്കുന്ന തെന്ന അഭിപ്രായവുമായി കിവീസ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടും ഓപണര്‍ ടോം ലാതവും രംഗത്തെത്തിയിരുന്നു. മൂന്നാം ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്ന് ടീമിന് ആത്മവിശ്വാസമുണ്ടെന്ന് വില്യംസന്‍ അഭിപ്രായപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക