|    Feb 21 Tue, 2017 11:08 am
FLASH NEWS

ഇന്ത്യ-ജപ്പാന്‍ ആണവ കരാറായി

Published : 12th November 2016 | Posted By: SMR

ടോക്കിയോ: ഇന്ത്യ-ജപ്പാന്‍ ബന്ധത്തില്‍ പുതിയ ചരിത്രം കുറിച്ചുകൊണ്ട് ഇരുരാജ്യങ്ങളും സൈനികേതര ആണവകരാറില്‍ ഒപ്പുവച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍ സോ ആബെയും തമ്മില്‍ നടത്തിയ നീണ്ട ചര്‍ച്ചയ്ക്കുശേഷമാണ് കരാര്‍ യാഥാര്‍ഥ്യമായത്.
ആറുവര്‍ഷം മുമ്പാണ് ആണവകരാറിനെക്കുറിച്ച് ഇരുരാജ്യങ്ങളും ചര്‍ച്ച തുടങ്ങിയത്. കരാര്‍ പ്രകാരം ജപ്പാനില്‍നിന്ന് ഇന്ത്യക്ക് ആണവ റിയാക്ടറുകളും ഇന്ധനവും സാങ്കേതികവിദ്യയും ലഭ്യമാവും. ഊര്‍ജരംഗത്ത് ചരിത്രപരമായ ചുവടുവയ്പാണ് കരാറെന്ന് മോദി പറഞ്ഞു. ആണവോര്‍ജം സമാധാനത്തിനുവേണ്ടി മാത്രമേ ഉപയോഗിക്കൂവെന്ന ഇന്ത്യയുടെ നിലപാടിനെ തുടര്‍ന്നാണ് കരാറില്‍ ഒപ്പുവച്ചതെന്ന് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ആബെ പറഞ്ഞു. ആണവായുധങ്ങളില്ലാത്ത ലോകമാണ് ജപ്പാന്‍ വിഭാവന ചെയ്യുന്നത്. ആണവോര്‍ജം സമാധാനപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി മാത്രമേ ഉപയോഗിക്കൂവെന്ന് 2008 സപ്തംബറില്‍ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ആണവ പരീക്ഷണം നിര്‍ത്തിവയ്ക്കാനും ഇന്ത്യ തീരുമാനിച്ചിരുന്നു- ആബെ ചൂണ്ടിക്കാട്ടി.
ഊര്‍ജ പങ്കാളിത്തത്തില്‍ ചരിത്രപരമായ സഹകരണമാണ് ആണവകരാറെന്ന് മോദി പറഞ്ഞു. ഈ മേഖലയിലെ സഹകരണം കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ രാജ്യത്തിന് കരുത്തു നല്‍കും. കരാര്‍ യാഥാര്‍ഥ്യമാക്കിയ ജപ്പാന്‍ പ്രധാനമന്ത്രിക്കും സര്‍ക്കാരിനും പാര്‍ലമെന്റിനും അദ്ദേഹം നന്ദി അറിയിച്ചു. ജനാധിപത്യത്തെയും സുതാര്യതയെയും നിയമവ്യവസ്ഥയെയും പിന്തുണയ്ക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ജപ്പാനും. ഭീകരപ്രവര്‍ത്തനങ്ങള്‍ ചെറുക്കാനും ഇരുരാജ്യങ്ങളും യോജിച്ചുള്ള പ്രവര്‍ത്തനം നടത്തും- മോദി കൂട്ടിച്ചേര്‍ത്തു.
ആണവകരാറിനു പുറമെ വിവിധ മേഖലകളിലെ ഒമ്പത് ധാരണാപത്രങ്ങളിലും ഇരുനേതാക്കളും ഒപ്പുവച്ചു. ഇതിനു മുമ്പ് യുഎസ്, റഷ്യ, ദക്ഷിണകൊറിയ, മംഗോളിയ, ഫ്രാന്‍സ്, നമീബിയ, അര്‍ജന്റീന, കാനഡ, കസാക്കിസ്താന്‍, ആസ്‌ത്രേലിയ എന്നിവയുമായും ഇന്ത്യ ആണവകരാര്‍ ഉണ്ടാക്കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക