|    Jul 19 Thu, 2018 9:41 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ഇന്ത്യ-ചൈന വൈരുധ്യം ഗുരുതരം

Published : 5th August 2017 | Posted By: fsq

‘ഇന്ത്യയുടെ ചൈനാ യുദ്ധം’ എന്നത് നെവിന്‍ മാക്‌സ്‌വെല്‍ 1962ലെ ഇന്ത്യ-ചൈന യുദ്ധത്തെക്കുറിച്ച് എഴുതിയ, ഇന്നും ഇന്ത്യയില്‍ നിരോധിക്കപ്പെട്ടിട്ടുള്ള പുസ്തകമാണ്. ആ യുദ്ധത്തിന്റെ യുക്തിഹീനതയും അതില്‍ ഉള്‍പ്പെട്ടിരുന്ന വിദേശ താല്‍പര്യങ്ങളും പുസ്തകം പുറത്തുകൊണ്ടുവന്നു. ഇന്ത്യയെ താറടിക്കുന്ന പുസ്തകമാണെന്ന കാരണത്താലാണ് അതിന്റെ കോപ്പികള്‍ കണ്ടുകെട്ടിയതും നിരോധിച്ചതും. അതെന്തായാലും 62ലെ യുദ്ധത്തില്‍ ഇന്ത്യ കടന്നുകയറിച്ചെന്ന് പരാജയം ഏറ്റുവാങ്ങുകയായിരുന്നുവെന്നത് പൊതുവെ അംഗീകരിക്കുന്ന വസ്തുതയാണ്. യുദ്ധത്തിലേക്കു നയിച്ച അതിര്‍ത്തി അവ്യക്തതകള്‍ അങ്ങനെ തന്നെ നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല, ഇന്ത്യന്‍ സംസ്ഥാനമായ അരുണാചല്‍പ്രദേശ് മൊത്തമായോ ഭാഗികമായോ ചൈനയ്ക്ക് അര്‍ഹതപ്പെട്ട പ്രദേശമാണെന്ന, അതായത് വിശാല തിബത്തിന്റെ ഭാഗമാണെന്ന, ചൈനീസ് നിലപാട് യാതൊരു മാറ്റവുമില്ലാതെ തുടരുന്നു. ചര്‍ച്ചകളില്‍ കൂടി അതിര്‍ത്തിപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും തര്‍ക്കപ്രദേശം ആയതുകൊണ്ട് ചൈനീസ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവിടെ നടത്തരുതെന്നും ചൈന നിരന്തരം ആവര്‍ത്തിക്കുന്നു. അതുകൊണ്ടാണ് തിബത്തന്‍ അഭയാര്‍ഥിയായ രാഷ്ട്രീയനേതാവ് ദലൈലാമ അവിടെ പോയി പരിപാടികള്‍ നടത്തുന്നത് ചൈനാവിരുദ്ധ പ്രവര്‍ത്തനമായി അവര്‍ വ്യാഖ്യാനിക്കുന്നത്. 1962ലെ യുദ്ധം നടന്നത് വളരെ അവ്യക്തമായി ബ്രിട്ടിഷുകാര്‍ വേര്‍തിരിച്ച അതിര്‍ത്തിയെ ചൊല്ലിയായിരുന്നല്ലോ. മക്‌മോഹന്‍ ലൈന്‍ സ്വയം വ്യാഖ്യാനിച്ച് ചൈനീസ് അധീനതയിലുള്ള പ്രദേശത്തു കടന്ന് ഇന്ത്യന്‍ പട്ടാളം പുതിയ അതിര്‍ത്തി നിര്‍ണയിക്കാനുള്ള ശ്രമമായിരുന്നു അത്. ചൗ എന്‍ ലായി ഇന്ത്യ സന്ദര്‍ശിക്കുകയും വമ്പിച്ച വാര്‍ത്താപ്രാധാന്യത്തോടെ ‘ഇന്ത്യ, ചീനി ഭായി ഭായി’ എന്ന സൂക്തം പ്രചരിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഏകപക്ഷീയമായി പട്ടാളത്തെ ഉപയോഗിച്ച് അതിര്‍ത്തി നിര്‍ണയിക്കാന്‍ ശ്രമം നടന്നത്. ആഗോളതലത്തില്‍ ചൈന ഒറ്റപ്പെട്ട സമയമായിരുന്നു അത്. മാവോ സോവിയറ്റ് റഷ്യയെ സോഷ്യല്‍ സാമ്രാജ്യത്വമെന്നു വിളിച്ച് തള്ളിപ്പറയുകയും റഷ്യ ചൈനയുമായുള്ള ബന്ധങ്ങള്‍ വിച്ഛേദിക്കുകയും ചെയ്ത സമയം. വന്‍കിട സാമ്പത്തിക പദ്ധതികള്‍ പാതിവഴിയില്‍ വച്ചു റഷ്യ റദ്ദാക്കുക മാത്രമല്ല, നീണ്ട അതിര്‍ത്തിയില്‍ പടയൊരുക്കം നടത്തുകയും ചെയ്തു. അമേരിക്കയെ ‘കടലാസുപുലി’ എന്നു വിളിച്ച് ചൈന അധിക്ഷേപിക്കുന്ന സമയം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ റഷ്യന്‍-ചൈനീസ് ലൈനുകള്‍ പോരാടുന്ന സമയവുമായിരുന്നു അത്. ഇന്ത്യയിലാണെങ്കില്‍ ഭക്ഷ്യക്ഷാമം രൂക്ഷമായ സമയം. നെഹ്‌റുവിന്റെ ജനസമ്മതി ഇളകുന്ന സമയം. ചൈനാ യുദ്ധം താല്‍ക്കാലികമായി നെഹ്‌റുവിന് ജനപിന്തുണ നേടിക്കൊടുത്തെങ്കിലും നെഹ്‌റു സര്‍ക്കാരിന്റെ പിടിപ്പുകേടായി അത് ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ വ്യാഖ്യാനിക്കപ്പെട്ടു. യഥാര്‍ഥ യുദ്ധം തുടങ്ങിയപ്പോള്‍ ഇന്ത്യയുടെ അവസ്ഥ പരിതാപകരമായി മാറി. ബാക്കിപത്രം ഇന്ത്യയുടെ ദയനീയ പരാജയവും ചൈനയുമായി ശത്രുതയുടെ സ്ഥാപനവല്‍ക്കരണവും ആയിരുന്നു. ഇന്ത്യന്‍ സമ്പദ്ഘടനയില്‍ അമേരിക്കന്‍ മൂലധനത്തിന്റെ കടന്നുകയറ്റം അനിവാര്യമാക്കിയതില്‍ ഇന്ത്യ-ചൈന യുദ്ധം കുറച്ചൊന്നുമല്ല പങ്കുവഹിച്ചത്. അതുപോലെ തന്നെ റഷ്യന്‍ ആയുധങ്ങളുടെ വന്‍ വിപണിയായും ഇന്ത്യ മാറി. ഇന്ത്യയുടെ പ്രതിരോധമന്ത്രി രാജിവയ്ക്കുകയും നെഹ്‌റുവിന് ഹാര്‍ട്ട്അറ്റാക്ക് വരുകയും ചെയ്തു. ഇതൊക്കെയായിരുന്നു 62ലെ ഇന്ത്യ-ചൈന യുദ്ധത്തിന്റെ പ്രത്യക്ഷഫലങ്ങള്‍. അതിര്‍ത്തി അങ്ങനെ തന്നെ പ്രശ്‌നമായി നില്‍ക്കുകയും ചെയ്തു. ഇക്കഴിഞ്ഞ മെയില്‍ തിബത്തിന്റെ തെക്കേയറ്റം ഭൂട്ടാന്റെ അതിര്‍ത്തിയില്‍ ചൈനക്കാര്‍ റോഡ് പണിയുന്നതിന് തടസ്സം സൃഷ്ടിച്ച ഇന്ത്യന്‍ പട്ടാള നടപടിക്ക് ന്യായീകരണമായി ഇന്ത്യന്‍ സര്‍ക്കാര്‍ പറയുന്നത്, അത് ഇന്ത്യയുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന റോഡാണെന്നാണ്. ദോക്‌ലാമില്‍ രണ്ടു പട്ടാളങ്ങളും മുഖാമുഖം നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്ത്യ പറയുന്നത്, ചൈന അവരുടെ പട്ടാളത്തെ (പട്ടാളമാണ് റോഡ് പണിയുന്നത്) പിന്‍വലിച്ചാല്‍ ഇന്ത്യന്‍ പട്ടാളത്തെ പിന്‍വലിക്കാം എന്നാണ്. ചൈന പറയുന്നത്, ഇന്ത്യക്കവിടെ പട്ടാളത്തെ കൊണ്ടുവരേണ്ട യാതൊരു കാര്യവുമില്ലെന്നും സ്വമേധയാ പുറത്തിറങ്ങിയില്ലെങ്കില്‍ ഒരുപക്ഷേ, പുറത്താക്കും എന്നുമാണ്. ഇന്ത്യയുടെ വിദേശകാര്യമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത്, ഇന്ത്യന്‍ പട്ടാളം അവിടെ കയറാന്‍ കാരണം ചൈനയാണെന്നും അതുകൊണ്ട് ചൈന അവിടെ നിന്നു പിന്‍വാങ്ങിയില്ലെങ്കില്‍ ഇന്ത്യന്‍ പട്ടാളം പിന്‍വാങ്ങുന്ന പ്രശ്‌നമേ ഉദിക്കുന്നില്ലെന്നുമാണ്. മാത്രമല്ല, ഭൂട്ടാന്‍ ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളെല്ലാം ഇന്ത്യയുടെ നിലപാടിനെ തുണയ്ക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അവരുടെ വിശദീകരണം പൊളിയാണെന്നു വിശേഷിപ്പിച്ച് ചൈന ഈ വാദം തള്ളിക്കളഞ്ഞു. ഈ വാഗ്വാദങ്ങളെല്ലാം നടക്കുമ്പോള്‍ ഭൂട്ടാന്‍ ഒന്നും മിണ്ടുന്നില്ല. ഭൂട്ടാനും ചൈനയും തമ്മിലാണ് അതിര്‍ത്തിത്തര്‍ക്കം. ഭൂട്ടാന്‍ ഇന്ത്യയുടെ ആശ്രിതരാജ്യമാണെന്ന കരുതലില്‍ കയറി ഇടപെട്ടതാണ്. ചൈന അവരുടെ അധീനതയിലുള്ള തിബത്തില്‍ റോഡ് പണിയുന്നതിലൂടെ ഇന്ത്യയെയാണ് ഉന്നംവയ്ക്കുന്നത് എന്ന കണക്കുകൂട്ടലില്‍ പട്ടാള നടപടി എടുക്കുകയാണ് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ നടപടികള്‍ വിശദീകരിക്കുന്ന ചൈനീസ് മാധ്യമങ്ങള്‍ 1962മായുള്ള സമാനതകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മാത്രമല്ല, കൊടുംശൈത്യം വരുമ്പോള്‍ ഇന്ത്യന്‍ പട്ടാളം പുറത്തുപോവാന്‍ നിര്‍ബന്ധിതരാവുമെന്ന കറുത്ത ഫലിതവും കൂട്ടത്തിലുണ്ട്. പക്ഷേ, കാര്യങ്ങള്‍ ഫലിതങ്ങളില്‍ ഒതുങ്ങുന്നതല്ല. ചൈന പണിയുന്ന റോഡ് ഒരു വന്‍ പദ്ധതിയുടെ ഭാഗമാണ്. അത് ‘വണ്‍ ബെല്‍റ്റ്, വണ്‍ റോഡ്’ (ഓബോര്‍) എന്ന പുരാതന സില്‍ക് റൂട്ടിന്റെ ആധുനിക പതിപ്പ് പദ്ധതിയുടെ ഭാഗമാണ്. ഈ നൂറ്റാണ്ടിലെ ഏറ്റവും ബൃഹത്തായ ആഗോള നിര്‍മാണ-സാമ്പത്തിക പദ്ധതി എന്നാണ് ഓബോര്‍ ഇപ്പോള്‍ തന്നെ അറിയപ്പെടുന്നത്. ഇതിന്റെ ഒരു ലിങ്ക് റോഡ് പാകിസ്താന്‍ അധീനതയിലുള്ള കശ്മീരില്‍ കൂടി പോവുന്നതിനെ ഇന്ത്യ ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു. തെക്കനേഷ്യയിലെ ഇന്ത്യ ഒഴികെയുള്ള എല്ലാ രാജ്യങ്ങളും ഈ പദ്ധതിയില്‍ ഭാഗമാവുന്നുണ്ട്. പാകിസ്താന്‍, നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളെല്ലാം നേരിട്ട് ഈ പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭൂട്ടാന്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. പക്ഷേ, ഓബോറിനെ എതിര്‍ക്കുന്നുമില്ല. ഈ പദ്ധതിയില്‍ നിന്നു പാക്കധീന കശ്മീരിനെ ഒഴിവാക്കാന്‍ വേണ്ടിയുള്ള സമ്മര്‍ദതന്ത്രമാവാം ദോക്‌ലാം. അതുപോലെ തന്നെ ഭൂട്ടാന്‍ ഇന്ത്യയുടെ ഒരു ആശ്രിതപ്രദേശം മാത്രമാണെന്ന് ലോകത്തോടു പറയുകയുമാവാം. മറ്റ് അയല്‍പക്ക രാജ്യങ്ങളിലെല്ലാം ചൈനയുടെ സ്വാധീനം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന സാഹചര്യമാണുള്ളത്. ഭൂട്ടാനെങ്കിലും ഇന്ത്യയുടെ വരുതിയിലാണ് എന്നു സ്ഥാപിക്കുന്നത് ഇന്ത്യയുടെ വന്‍ശക്തി ഉദ്ദേശ്യങ്ങള്‍ക്ക് ഒരു മനശ്ശാസ്ത്ര ഉത്തേജനമായി കണക്കാക്കാനും കഴിയും. ഭൂട്ടാനും ചൈനയും തമ്മിലുള്ള തര്‍ക്കപ്രദേശത്താണ് നാടക അരങ്ങ്. പക്ഷേ, അതിശയമെന്നു പറയട്ടെ, ഭൂട്ടാന്‍ വാ തുറക്കുന്നില്ല. അതിശയമാണോ അതോ നിവൃത്തിയില്ലായ്മയാണോ എന്നറിയില്ല. ദോക്‌ലാമിന് തൊട്ടു മുമ്പേ ഇന്ത്യന്‍ ആര്‍മി ചീഫ് പ്രത്യേകിച്ച് ആരും ചോദിക്കാതെ, പ്രകോപനം ഒന്നുമില്ലാതെ, ഒരു പ്രഖ്യാപനം നടത്തി. രണ്ടര യുദ്ധങ്ങള്‍ വിജയകരമായി ഒരേസമയം നടത്താനുള്ള ശേഷി ഉണ്ടെന്നായിരുന്നു അത്. ഒരു യുദ്ധം ചൈനയോട്, മറ്റൊന്ന് പാകിസ്താനോട്, അരയുദ്ധം ആഭ്യന്തരമായും. ഇതിനെ വേണമെങ്കില്‍ ഒരു വീമ്പിളക്കലായി കരുതാമെങ്കിലും അതൊരു മാനസികാവസ്ഥ വെളിവാക്കുന്നുമുണ്ട്. ജനജീവിതത്തെ താറുമാറാക്കിയ കറന്‍സി ബന്ദ് നടപ്പാക്കുന്നതിനു തൊട്ടു മുമ്പ് പ്രധാനമന്ത്രി ചര്‍ച്ച നടത്തിയത് റിസര്‍വ് ബാങ്ക് തലവനുമായോ കാബിനറ്റുമായോ അല്ലായിരുന്നു എന്നും സായുധസേനാ തലവന്‍മാരുമായിട്ടായിരുന്നു എന്നും ഓര്‍ക്കുക. പട്ടാളം ഇവിടെ കൂടുതല്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയാണ്. ഇതൊരു യാദൃച്ഛികതയല്ല എന്നു വേണം കരുതാന്‍. ഘടനാപരമായി അതിന്റെ സ്വഭാവം കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ ഏറ്റവും മുഴച്ചുനില്‍ക്കുന്നത് ഭരണകൂടത്തിന്റെ വര്‍ഗസ്വഭാവം തന്നെയാണ്.ആഗോളതലത്തില്‍ ഇങ്ങനെയുള്ള വ്യവസ്ഥ ‘ക്രോണി കാപ്പിറ്റലിസം’ എന്നാണ് അറിയപ്പെടുന്നത്. അതിന്റെ സവിശേഷത ഏറ്റവും ലളിതമായി പറഞ്ഞാല്‍, രാഷ്ട്രീയനേതൃത്വം സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും സമ്പത്ത് സ്വരൂപിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്ന വ്യവസ്ഥയാണെന്നാണ്. ഇത് തീര്‍ച്ചയായും വണ്‍വേ ട്രാഫിക്കല്ല. ‘ജനാധിപത്യ’രീതിയില്‍ അധികാരത്തില്‍ വരുന്നത് ചെലവേറിയ കാര്യമാണ്. ഈ ചെലവ് അശ്ലീലമായ തോതില്‍ കുത്തനെ വര്‍ധിക്കുന്ന പ്രതിഭാസമാണ്. ഈ ചെലവ് വഹിക്കുന്ന ബിസിനസ് താല്‍പര്യങ്ങളാണ് സ്വന്തക്കാരും ഇഷ്ടക്കാരും. ഇന്നത്തെ ഇന്ത്യയില്‍ അംബാനിമാരും അദാനിമാരുമാണ് ക്രോണി കാപ്പിറ്റലിസ്റ്റ് ഭീമന്‍മാര്‍. മറ്റുള്ളവര്‍ ഇല്ലെന്നല്ല. ഇവര്‍ തന്നെ താഴേക്കിടയില്‍ ക്രോണികളെ സൃഷ്ടിക്കുന്നു. അധികാരത്തിലിരുന്നിട്ടുള്ള എല്ലാ പാര്‍ട്ടികള്‍ക്കു പിന്നിലും ഈ വര്‍ഗമുണ്ട്. ഇത് ഇന്ത്യയുടെ മാത്രം സവിശേഷതയൊന്നുമല്ല. തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളിലും ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും ഈ മുതലാളിത്തവര്‍ഗം ആധിപത്യം പുലര്‍ത്തിയിട്ടുണ്ട്. ഇന്നും ആധിപത്യം പുലര്‍ത്തുന്നുമുണ്ട്. ഇവരുടെ പ്രധാന പണി ആഗോള കുത്തകകളെ പിന്‍പറ്റി അതിവേഗം കുത്തകകളായി മാറുക എന്നതാണ്. ഈ പ്രക്രിയയില്‍ ജനങ്ങളെ കൂടുതലായി ചൂഷണം ചെയ്യുക മാത്രമല്ല, മുതലാളിത്തവര്‍ഗത്തിന്റെ താഴേക്കിടയിലുള്ളവരെയും ലാഭമുണ്ടാക്കാന്‍ വേണ്ടി ഉപയോഗിക്കാന്‍ കഴിയുകയും ചെയ്യുന്നു. ചെറുകിടക്കാരെ നിസ്വരാക്കാനും കഴിയും. ഇതിനൊക്കെ വേണ്ടി അവര്‍ രാഷ്ട്രീയനേതൃത്വത്തെ സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നു. ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നെടുംതൂണ്‍ ക്രോണി കാപ്പിറ്റലിസ്റ്റുകളാണ്. ഇവരുടെ വളര്‍ച്ച സമ്പദ്ഘടനയുടെ വളര്‍ച്ചയായി അവതരിപ്പിക്കപ്പെടുന്നു. ബഹുഭൂരിപക്ഷം ജനങ്ങളും പട്ടിണിയിലോ അര്‍ധപട്ടിണിയിലോ ആയിരിക്കുമ്പോഴും ഈ മാനദണ്ഡം വച്ചു സമ്പദ്ഘടന അതിവേഗം വളരുന്നു. ഇതാണിപ്പോള്‍ ഇന്ത്യയില്‍ അരങ്ങേറുന്ന സാമ്പത്തിക പ്രതിഭാസം. അമേരിക്കയും ഇന്ത്യയും തന്ത്രപരമായ മേഖലകളില്‍ കൂട്ടാളികളാണെന്നാണ് രണ്ടു കൂട്ടരും ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നത്. അതില്‍ തീര്‍ച്ചയായും സായുധ സഹകരണം ഉള്‍പ്പെടണം. ഈ അടുത്തകാലത്ത് നടത്തിയ ‘മലബാര്‍ എക്‌സസൈസ്’ ഈ സായുധ സഹകരണത്തിന്റെ ഏഷ്യന്‍ സ്വഭാവം വ്യക്തമാക്കി. ഏഷ്യയില്‍ ജപ്പാനും ഇന്ത്യയും അമേരിക്കയും ഒരുവശത്തും ചൈന മറുവശത്തും. വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് പദ്ധതി അമേരിക്കയുടെ പൊളിഞ്ഞുകൊണ്ടിരിക്കുന്ന ആഗോള മേല്‍ക്കോയ്മയ്ക്കുള്ള വെല്ലുവിളിയായി കണ്ട് ചൈനയെ പ്രധാന ശത്രുവായി അമേരിക്ക അവരോധിക്കുന്നുണ്ട്. ഇന്ത്യയെ ‘തന്ത്ര’പരമായി അമേരിക്കയ്ക്ക് ഉപയോഗിക്കാന്‍ കഴിയും. അതുകൊണ്ട് പല നേട്ടങ്ങളും അവര്‍ക്കുണ്ട്. ഇന്ത്യയെക്കൊണ്ട് വന്‍തോതില്‍ ‘പുതിയ’ ആയുധങ്ങള്‍ വാങ്ങിപ്പിക്കാം. 90 ശതമാനം പട്ടാളവല്‍ക്കരിക്കപ്പെട്ട അമേരിക്കന്‍ സമ്പദ്ഘടന നിലനില്‍ക്കണമെങ്കില്‍ ആയുധങ്ങള്‍ ചെലവാക്കിയേ പറ്റൂ. ആയുധങ്ങള്‍ ചെലവായില്ലെങ്കില്‍ പ്രതിസന്ധികളില്‍ നിന്നു കൂടുതല്‍ തീക്ഷ്ണമായ പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തും. അമേരിക്കയെ നേരെ നിര്‍ത്തും എന്നാണല്ലോ ട്രംപിന്റെ സൂക്തം. ഈ അടുത്തകാലത്ത് നടന്ന മറ്റൊരു സംഭവം ഓര്‍ക്കുക. ഖത്തര്‍ ഉന്നത ജീവിതനിലവാരം പുലര്‍ത്തുന്ന വളരെ ചെറിയ രാജ്യമാണ്. തൊഴിലില്ലായ്മ ഇല്ല. ആളോഹരി വരുമാനം വളരെ ഉയര്‍ന്നതാണ്. വിദ്യാഭ്യാസനിലവാരം അമേരിക്കയേക്കാള്‍ വളരെയധികം മുന്നില്‍. ക്രോണികളുടെ ലോകതലവനായ ട്രംപ് സൗദിയില്‍ സന്ദര്‍ശനം നടത്തി തിരിച്ചുപോയ ഉടനെ തന്നെ ഭീകരതയ്‌ക്കെതിരേയുള്ള യുദ്ധത്തിന്റെ പേരില്‍ സൗദിയും സഹൃത്തുക്കളും ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചു. നിബന്ധനകളോടെ അന്ത്യശാസനം പുറപ്പെടുവിച്ചു. സൗദിയും പങ്കാളികളും നല്ല കാര്യമാണ് ചെയ്യുന്നതെന്ന് ക്രോണി തലവന്‍ മൊഴിഞ്ഞു. ദിവസങ്ങള്‍ക്കകം ഖത്തര്‍ 7,000 സ്മാര്‍ട്ട് ബോംബുകള്‍ അമേരിക്കയില്‍ നിന്നു വാങ്ങി. സൗദി അതിലും കൂടുതല്‍ വാങ്ങി. ട്രംപിന്റെ ബിസിനസ് കഴിവ് എത്ര ലളിതം! ഇങ്ങനെയാണ് ആ കേമന്‍ അമേരിക്കന്‍ സമ്പദ്ഘടനയെ രക്ഷിക്കുന്നത്. കച്ചവടം നടന്നേ തീരൂ. വാങ്ങുന്നത് ആവശ്യമുള്ളതാണോ എന്നത് തികച്ചും അപ്രസക്തം. അമേരിക്കന്‍ ആയുധവ്യവസായത്തിന് വില്‍പന ആവശ്യമാണ്; അമേരിക്കന്‍ ആണവവ്യവസായത്തിന് വില്‍പന ആവശ്യമുള്ള മാതിരി. ട്രംപിനെ സംബന്ധിച്ച് ഈ വില്‍പനയ്ക്കു മാത്രമാണ് പ്രസക്തി. അതിനു വേണ്ടി ശത്രുക്കളല്ലാത്തവരെ ശത്രുക്കളാക്കാം. യുദ്ധങ്ങളുണ്ടാക്കാം. മറ്റു രാജ്യങ്ങളെ യുദ്ധങ്ങളിലേക്ക് തള്ളിയിടാം. അല്ലെങ്കില്‍ യുദ്ധഭീതി സൃഷ്ടിച്ച് ആയുധങ്ങള്‍ വാങ്ങിപ്പിച്ച് ഞെക്കിപ്പിഴിയാം. ഈ കൊടുംകൊള്ളയുടെയെല്ലാം വിഹിതം ക്രോണി മുതലാളിമാര്‍ക്കും അവരുടെ രാഷ്ട്രീയ മാനേജര്‍മാര്‍ക്കും കിട്ടുകയും ചെയ്യും. അമേരിക്കന്‍ ആഗോള മാനേജ്‌മെന്റ് സയന്‍സ് ഇതാണ്. ഇന്ത്യയിലെ ഭരണകര്‍ത്താക്കള്‍ ഇതുവരെ പിടിച്ചുനിന്നത് രാഷ്ട്രീയത്തിന്റെ വര്‍ഗീയ ധ്രുവീകരണത്തിലും പൊള്ളയായ വാഗ്ദാനങ്ങളിലുമാണ്. മേക്ക് ഇന്‍ ഇന്ത്യ, കള്ളപ്പണവേട്ട, കറന്‍സി ബന്ദ് തുടങ്ങിയവ പരാജയങ്ങളാണെന്നു പറയുന്നതിന്റെ അര്‍ഥം അവയുടെ ഗുണം യഥാര്‍ഥത്തില്‍ ഉദ്ദേശിച്ച ഗുണഭോക്താക്കള്‍ക്കു കിട്ടി, ജനങ്ങള്‍ കബളിപ്പിക്കപ്പെട്ടു എന്നാണ്. അതായത്, ക്രോണികളെയും അവര്‍ക്കു ജനങ്ങളുടെ പണം കൊടുക്കുന്ന ബാങ്കുകളെയും സംബന്ധിച്ച് ഡിമോണിറ്റൈസേഷന്‍ ഉപകാരപ്രദമായിരുന്നു. പക്ഷേ, പിടിച്ചുനില്‍ക്കാന്‍ ഇതൊന്നും പോരാ. ‘ദേശസ്‌നേഹം’ ആണ് ഇപ്പോഴത്തെ മന്ത്രം. അതിന് ഒരുപക്ഷേ, യുദ്ധം സഹായിക്കും എന്ന കണക്കുകൂട്ടല്‍ സ്വാഭാവികം. വൈസ് പ്രസിഡന്റാവാന്‍ പോവുന്നയാള്‍ അത് ആവുന്നതിനു മുമ്പുതന്നെ പാകിസ്താനെ കഷണങ്ങളാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നു. കാര്യമായ യാതൊരു നയതന്ത്രനീക്കവും നടത്താതെ ചൈനയെ കണ്ണുരുട്ടിക്കാണിക്കുന്നു. ദേശസ്‌നേഹത്തിന്റെ മാനങ്ങള്‍ വിപുലീകരിക്കാനുള്ള ശ്രമങ്ങളാണിവ. വേറൊരു രീതിയില്‍ പറഞ്ഞാല്‍, വലിയ കല്ലെടുത്ത് സ്വന്തം കാലിലിടുന്ന പരിപാടിയാണിത്. ഭരണനേതൃത്വത്തിന്റെയും അവരുടെ വര്‍ഗ അടിത്തറയുടെയും ദൗര്‍ബല്യമാണ് മറനീക്കി പുറത്തുവരുന്നത്. ക്രോണി കാപ്പിറ്റലിസത്തിന്റെ അടിത്തറ ഉറപ്പില്ലാത്തതാണെന്നതിന് ലോകതലത്തില്‍ അനേകം തെളിവുകളുണ്ട്. ന്യൂയോര്‍ക്കിലെ ഊഹക്കച്ചവടത്തിന്റെ ചാഞ്ചാട്ടങ്ങള്‍ ആദ്യം വീഴ്ത്തുന്നത് ഈ വര്‍ഗത്തെ ആയിരിക്കുമെന്നതിന് തെക്കുകിഴക്കന്‍ ഏഷ്യയിലും മറ്റും അവഗണിക്കാനാവാത്ത മാതൃകകളുണ്ട്. അതുതന്നെയാണ് ഇവിടത്തെയും അവസ്ഥ. കള്ളങ്ങള്‍ക്കു മുകളില്‍ കള്ളങ്ങള്‍ കുന്നുകൂടുന്നത് ആ അവസ്ഥയുടെ മൗലിക സ്വഭാവമായി ഇവിടെ മാറിക്കഴിഞ്ഞു.          ി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss