|    Dec 14 Fri, 2018 8:21 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ഇന്ത്യ-ചൈനാ ബന്ധങ്ങളില്‍ പ്രശ്‌നം

Published : 25th August 2018 | Posted By: kasim kzm

ടി ജി ജേക്കബ്
ദോക്‌ലാം ഇന്ത്യയെ തെക്കന്‍ ഏഷ്യയിലെ പോലിസുകാരനായി അവതരിപ്പിക്കാനുള്ള ശ്രമമായിരുന്നെങ്കിലും അത് അവസാനിച്ചത് പോലിസുകാരന്റെ നാണംകെടലിലായിരുന്നുവെന്ന് വളരെ വേഗം വ്യക്തമാവുകയും ലോകം ചിരിക്കുകയും ചെയ്തു. ഭൂട്ടാനുമായുള്ള ചൈനയുടെ അതിര്‍ത്തിപ്രദേശത്ത് ‘ഒരു റോഡ്, ഒരു ബെല്‍റ്റ്’ പദ്ധതിയുടെ ഭാഗമായി റോഡ് പണിയുന്നത് തടയുന്നതിനായിരുന്നല്ലോ ഇന്ത്യ പട്ടാളത്തെ അയച്ചതും രാജ്യത്തിനുള്ളില്‍ കപട ദേശസ്‌നേഹം ആളിക്കത്തിക്കാന്‍ ശ്രമിച്ചതും.
ചൈന പ്രകോപനത്തെ സമീപിച്ചത് സംയമനത്തോടെയായിരുന്നു എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി. അതേസമയം 1962 ഓര്‍മിക്കുന്നത് നന്നായിരിക്കുമെന്നും, രാജ്യത്തെ പട്ടിണിയും പ്രശ്‌നങ്ങളും ശ്രദ്ധിക്കുകയാണ് നല്ലതെന്നും ഉപദേശിക്കുകയും ചെയ്തു. ഇന്ത്യ പട്ടാളത്തെ പിന്‍വലിച്ചു. ചൈന പൂര്‍വാധികം ആവേശത്തോടെ റോഡുപണി തുടരുകയും അതിനും പുറമേ മറ്റു നിരവധി തന്ത്രപ്രാധാന്യമുള്ള നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങുകയും ചെയ്തു.
അവരുടെ ഈ വിജയം യാതൊരു പട്ടാള നടപടിയില്‍ കൂടിയുമല്ലായിരുന്നു എന്നത് പ്രത്യേകം എടുത്തുപറയേണ്ട വസ്തുതയാണ്. മൊത്തത്തില്‍ നേടിയത് ചൈനയുടെ മേഖലയിലെ സാന്നിധ്യം പല മടങ്ങ് വര്‍ധിക്കുന്നത് മാത്രമായിരുന്നു. ഇന്ത്യന്‍ പട്ടാള നേതൃത്വം പറഞ്ഞത് ദോക്‌ലാം ഓപറേഷന്‍ വന്‍ വിജയമായിരുന്നു എന്നാണ്. യഥാര്‍ഥത്തില്‍ അവിടെ നടന്നത് തികഞ്ഞ അഭിമാനക്ഷതമാണ്.
ഇപ്പോള്‍ തിബത്താണ് വിഷയം. സത്യത്തില്‍ ഇതൊരു പുതിയ വിഷയമേയല്ല. ഇന്ത്യ-ചൈനാ ബന്ധങ്ങളിലെ ഏറ്റവും പഴയ പ്രശ്‌നമാണ് തിബത്ത്. ദലൈലാമ ഇന്ത്യയില്‍ ഒരു ലക്ഷം തിബത്തന്‍ ജനതയുടെ അകമ്പടിയോടെ രാഷ്ട്രീയ അഭയം തേടിയതിന്റെ 60ാം വര്‍ഷമാണ് 2018. ‘ദി ഗ്രേറ്റ് എസ്‌കേപ്’ എന്നാണീ വന്‍ പലായനത്തെ ചരിത്രം വിശേഷിപ്പിക്കുന്നത്. പതിറ്റാണ്ടുകളായി ഹിമാചല്‍പ്രദേശിലെ ധര്‍മശാല കേന്ദ്രീകരിച്ച് സെന്‍ട്രല്‍ തിബത്തന്‍ അഡ്മിനിസ്‌ട്രേഷന്‍ (സിടിഎ- ഗവണ്‍മെന്റ് ഇന്‍ എക്‌സൈല്‍) പ്രവര്‍ത്തിക്കുന്നുണ്ട്. ഡല്‍ഹിയില്‍ എംബസിക്ക് തുല്യമായ സ്ഥാപനവുമുണ്ട്.
ഇടയ്ക്കിടെ ദലൈലാമയെ അരുണാചല്‍പ്രദേശിലും മറ്റും ഇന്ത്യന്‍ സര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ലാമ അതിനൊക്കെ നിന്നുകൊടുക്കുകയും ചെയ്യുന്നുണ്ട്. ദലൈലാമയും തിബത്തന്‍ പ്രവാസികളും 1958 മുതല്‍ ഡല്‍ഹിയുടെ കൈയിലുള്ള ഒരു പ്രധാന ചൈനാവിരുദ്ധ ചീട്ടാണ്. ഈ ചീട്ടിനു മൂല്യം ഇല്ലെന്ന അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. ഈ മൂല്യശോഷണം പുറത്തുവന്നത് വിചിത്രമായ രീതിയിലുമാണ്.
സിടിഎ വളരെ മുന്‍കൂട്ടിത്തന്നെ ദലൈലാമയുടെ വരവിന്റെ 60ാം വാര്‍ഷികം ആഘോഷിക്കാന്‍ തീരുമാനിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ അതിനുള്ള തയ്യാറെടുപ്പുകള്‍ തകൃതിയായി തുടങ്ങുകയും ചെയ്തിരുന്നു. ഡല്‍ഹിയില്‍ രാജ്ഘട്ടില്‍ വച്ച് വളരെ വിപുലമായി, 7000 പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പരിപാടി തീരുമാനിച്ചത്. ഇന്ത്യയിലെ എല്ലാ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും പ്രതിനിധികളെ പങ്കെടുപ്പിച്ച് ‘താങ്ക്‌യു ഇന്ത്യ’ എന്ന പേരിലാണ് പരിപാടി വിഭാവനം ചെയ്തത്. പക്ഷേ, അവസാന നിമിഷം ഇരുട്ടടി കിട്ടി. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി (അദ്ദേഹം മുമ്പ് ചൈനയിലെ അംബാസഡര്‍ ആയിരുന്നു) ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരാളും ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന ഉത്തരവ് പുറപ്പെടുവിച്ചു.
രാജ്ഘട്ട് പരിപാടി ഉപേക്ഷിക്കുകയല്ലാതെ മറ്റു മാര്‍ഗമൊന്നും സിടിഎക്കു മുന്നില്‍ ഇല്ലായിരുന്നു. മാത്രമല്ല, ഈ ഉത്തരവ് മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുത്തത് ധര്‍മശാലയില്‍ ദലൈലാമ നൂറുകണക്കിന് ദേശീയ-അന്തര്‍ദേശീയ ശാസ്ത്രജ്ഞന്‍മാര്‍ ഉള്‍പ്പെടുന്ന സദസ്സില്‍ ‘ശാസ്ത്രവും മതവും’ എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തുന്ന വേളയിലാണ്. ദലൈലാമയെ ലോകത്തിനു മുന്നില്‍ നാണം കെടുത്തുക എന്ന കുടില ഉദ്ദേശ്യത്തോടെ മനഃപൂര്‍വമാണിതു ചെയ്തതെന്ന ആരോപണമുണ്ട്.
ഇന്ത്യയുടെ ഈ ചെയ്തിക്കു പിന്നില്‍ ഒന്നില്‍ കൂടുതല്‍ കാരണങ്ങള്‍ ഉണ്ടാവാം. ഷാങ്ഹായ് കോ-ഓപറേഷന്‍ ഓര്‍ഗനൈസേഷന്റെ വിദേശകാര്യമന്ത്രിമാരുടെയും ഉന്നതതല സമ്മേളനങ്ങളും ചൈനയില്‍ നടക്കുന്നതിനു തൊട്ടുമുമ്പാണീ സംഭവം. പ്രധാനമന്ത്രി മോദി പങ്കെടുക്കുന്നുണ്ടായിരുന്നു. അതിനു മുമ്പ് ചൈനയെ പ്രീതിപ്പെടുത്താന്‍ വേണ്ടിയുള്ള ഒരു നടപടിയായി ഇതിനെ വ്യാഖ്യാനിക്കാന്‍ കഴിയും.
അങ്ങനെയാണെങ്കില്‍ ഇന്ത്യ-ചൈനാ ബന്ധങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം പരിതാപകരമാണെന്ന് കരുതേണ്ടിവരും. അതിര്‍ത്തിത്തര്‍ക്കങ്ങളില്‍ നിന്ന് ഉദ്ഭവിച്ച 1962ലെ യുദ്ധത്തിനു ശേഷം അതിര്‍ത്തിയെക്കുറിച്ചുള്ള ചൈനീസ് നിലപാട് ഒരു കണിക പോലും മാറിയിട്ടില്ല എന്നത് കൂട്ടിവായിക്കുമ്പോള്‍ ഈ അവസ്ഥ കുറേക്കൂടി വ്യക്തമാകും. മാത്രമല്ല, ഈ കഴിഞ്ഞ നാഷനല്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സില്‍ ചൈനീസ് ഭരണത്തലവന്‍- ആജീവനാന്തം ഭരിക്കാന്‍ ഭരണഘടനാപരമായി അധികാരം കൈയാളുന്ന ആള്‍- നടത്തിയ പ്രഖ്യാപനം ചൈനയുടെ അതിതീക്ഷ്ണമായ ദേശീയവാദം യാതൊരു മറയുമില്ലാതെയാണ് അവതരിപ്പിച്ചത്.
ചൈനയുടെ മുന്‍കാല സാമ്രാജ്യം പുനഃസ്ഥാപിക്കുക എന്നതാണ് ലക്ഷ്യം എന്നും അതിനു വേണ്ടി എന്തു വിലയും കൊടുക്കാന്‍ തയ്യാറാണെന്നുമായിരുന്നു പ്രഖ്യാപനം. ചൈനീസ് ദേശീയവാദം വെറും ദേശീയവാദമല്ല. ചരിത്രത്തില്‍ ഉറച്ച വിട്ടുവീഴ്ചയില്ലാത്ത തീവ്രദേശീയവാദമാണ് എന്നാണ് അതിനര്‍ഥം. ചൈനയുടെ ഒരിഞ്ചു സ്ഥലം പോലും മറ്റാരും മോഹിക്കേണ്ടെന്നാണ് അദ്ദേഹം വളച്ചുകെട്ടില്ലാതെ പറഞ്ഞത്. വിശാല തിബത്തും (അരുണാചല്‍പ്രദേശിന്റെ ഹിമാലയന്‍ മുഖ്യ ഭാഗങ്ങള്‍ തിബത്തില്‍ ഉള്‍പ്പെടുന്നതാണെന്നാണ് ചൈനീസ് നിലപാട്) ചൈനീസ് ദേശീയതയില്‍ ഉള്‍പ്പെടുന്നതാണെന്നാണ് ഈ പ്രഖ്യാപനത്തില്‍ നിന്നു വായിച്ചെടുക്കാന്‍ കഴിയുന്നത്.
തിബത്ത് ഒരു പ്രശ്‌നമാക്കി നിലനിര്‍ത്താന്‍ ഇന്ത്യയെക്കൊണ്ടു കഴിയുന്നില്ല എന്നതിനു പല തെളിവുകളുമുണ്ട്. തിബത്തന്‍ അഭയാര്‍ഥികള്‍ക്ക് ഇപ്പോള്‍ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാം. അപേക്ഷിച്ചാല്‍ കിട്ടുകയും ചെയ്യും. പക്ഷേ, വളരെ കുറച്ചു പേരേ അപേക്ഷിക്കുന്നുള്ളൂ. ചെറുപ്പക്കാര്‍ക്ക് പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് കുടിയേറാനാണ് താല്‍പര്യം.
ദലൈലാമ ഇപ്പോള്‍ വളരെ മിതവാദിയാണ്. തിബത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് കാര്യമായി വേവലാതിയില്ല. ചൈനയ്ക്കുള്ളില്‍ സ്വയംഭരണം എന്ന നിലപാടിലേക്ക് നീങ്ങിക്കഴിഞ്ഞു. കുറച്ചു നാള്‍ മുമ്പ് സിടിഎയുടെ മുന്‍ പ്രധാനമന്ത്രി ഡല്‍ഹിയുടെ അറിവില്ലാതെ ബെയ്ജിങില്‍ പോയി ചര്‍ച്ചകള്‍ നടത്തി തിരിച്ചുവന്നിരുന്നു. ദലൈലാമ തന്നെ ഇന്ത്യയിലെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന അസഹിഷ്ണുതയെക്കുറിച്ചൊക്കെ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതൊന്നും ഡല്‍ഹിക്ക് അത്ര ഇഷ്ടമുള്ള കാര്യങ്ങളല്ല. തിബത്തന്‍ പ്രശ്‌നം ചൈനയ്‌ക്കെതിരായി അന്തര്‍ദേശീയതലത്തില്‍ ഇന്ത്യക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്ന ധാരണ നാള്‍ക്കുനാള്‍ കൂടുതല്‍ കൂടുതല്‍ ശക്തമാവുകയുമാണ്.
പ്രവാസി തിബത്തന്‍ നേതൃത്വം ചൈനയുമായി ധാരണ ഉണ്ടാക്കുന്നത് നിലവിലുള്ള സാഹചര്യത്തില്‍ അത്ര അസാധ്യമായ ഒന്നല്ല. ചൈനയുടെ നിലപാട് തിബത്ത് ചൈനയുടെ അവിഭാജ്യ ഭാഗമാണെന്നാണ്. ദലൈലാമ ഇതുവരെ അത്ര കടന്നു പറയുന്നില്ല. പക്ഷേ, അതിനടുത്തൊക്കെ വരുന്നുണ്ടുതാനും. ഇടയ്ക്ക് തിബത്തിലെ രണ്ടാമത്തെ പ്രമുഖ ആധ്യാത്മിക നേതാവായ കര്‍മാപയെ ഏറ്റെടുക്കാന്‍ ഇന്ത്യ ശ്രമിച്ചെങ്കിലും അത് പരാജയത്തിലാണ് കലാശിച്ചത്. അദ്ദേഹത്തിന് ഇന്ത്യയില്‍ തങ്ങാന്‍ താല്‍പര്യമില്ലെന്നു വെളിവാക്കിക്കഴിഞ്ഞു.
തിബത്ത് ചൈനയുടെ അവിഭാജ്യ ഭാഗമാണെന്ന് അംഗീകരിക്കപ്പെട്ടാല്‍ അത് ഇന്ത്യയെ വളരെയധികം ബാധിക്കും. മക്‌മോഹന്‍ ലൈന്‍ എന്ന അതിര്‍ത്തിക്ക് പ്രസക്തി നഷ്ടപ്പെടും. 1914ലെ ഷിംല എഗ്രിമെന്റില്‍ ബ്രിട്ടിഷ് ഇന്ത്യയും ചൈനയും തിബത്തുമാണ് കക്ഷികള്‍. ചൈന ഇതിനെ അംഗീകരിക്കുന്നില്ല. തിബത്തിന് അന്നും പരമാധികാരം ഇല്ലാതിരുന്നതുമൂലം ആ എഗ്രിമെന്റ് അസാധുവാണെന്നാണ് ചൈനീസ് വാദം. തിബത്ത് ചൈനയുടെ ഭാഗമാണെന്ന വാദത്തിനു പൂര്‍ണ അംഗീകാരം കിട്ടിയാല്‍ മക്‌മോഹന്‍ ലൈന്‍ അപ്രസക്തമാകും. ഇന്ത്യ-ചൈനാ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ ചൈന ശക്തമായി ആവശ്യപ്പെടും. അതിനു നിയമപരമായ അന്തര്‍ദേശീയ പിന്തുണ കിട്ടും.
ദീര്‍ഘവീക്ഷണമുള്ള വിദേശ നയം മൊത്തം തിബത്തന്‍ ജനതയുടെയും ആധ്യാത്മിക നേതാവായ ദലൈലാമയെ ഇകഴ്ത്തുന്നത് ഭൂഷണമായി കാണില്ല. ലാമ ശാന്തിയും സമാധാനവും ലോകവ്യാപകമായി പ്രചരിപ്പിക്കുന്ന ഒരു വിശ്വപൗരനാണ്. അസഹിഷ്ണുതയെയും അതിനു പിന്നിലുള്ള രാഷ്ട്രീയത്തെയും അദ്ദേഹം അംഗീകരിക്കണമെന്നു ചിന്തിക്കുന്നത് അഹന്തയാണ്; ചിന്തയിലെ പാപ്പരത്തമാണ്.
ഒരുതരത്തില്‍ പറഞ്ഞാല്‍, ഇന്ത്യയും ചൈനയും തമ്മില്‍ വന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കുന്നതില്‍ അദ്ദേഹത്തിനു കാര്യമായ പങ്കുവഹിക്കാന്‍ കഴിയും. തിബത്ത് ചൈനയുടെ ഭാഗമാണെന്നു പറയാതിരിക്കുന്നതുതന്നെ പട്ടാളവല്‍ക്കരിക്കപ്പെട്ട ആയിരക്കണക്കിനു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തിയില്‍ താരതമ്യേന സമാധാനത്തിന് ആവശ്യമാണ്. അത് കാണാതിരിക്കുന്നത് ഒഴിവാക്കാവുന്ന അപകടങ്ങള്‍ വിളിച്ചുവരുത്തുകയായിരിക്കും. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss