|    Dec 18 Tue, 2018 10:28 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇന്ത്യ-കുവൈത്ത് ഗാര്‍ഹിക തൊഴിലാളി കരാര്‍: കരടിന് അംഗീകാരം

Published : 29th April 2018 | Posted By: kasim kzm

കുവൈത്ത് സിറ്റി: ഇന്ത്യ-കുവൈത്ത് ഗാര്‍ഹിക തൊഴിലാളി കരാറിന്റെ കരടിന് അംഗീകാരം. ഇന്ത്യ-കുവൈത്ത് സംയുക്ത യോഗത്തിലാണ് കരട് കരാര്‍ ഇരുരാജ്യങ്ങളും അംഗീകരിച്ചത്. വിവിധ മേഖലകളില്‍ നടപ്പാക്കിയ കരാറുകളില്‍ ഇരുരാജ്യങ്ങളും സംതൃപ്തി രേഖപ്പെടുത്തി.
ഇന്ത്യ-കുവൈത്ത് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് സംബന്ധിച്ച കരടില്‍ 2014ലാണ് ചര്‍ച്ച ആരംഭിച്ചത്. കരടില്‍ ധാരണയിലെത്തിയ സാഹചര്യത്തില്‍ വൈകാതെ അന്തിമകരാറിലും ഇന്ത്യയും കുവൈത്തും ഒപ്പുവച്ചേക്കും. ഉഭയകക്ഷിബന്ധം ശക്തമായി ഉറപ്പിക്കുംവിധമുള്ളതായിരുന്നു ചര്‍ച്ചകളെന്ന് കുവൈത്ത് വിദേശമന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കുവൈത്തില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ രണ്ടു ദിവസങ്ങളിലായി വിവിധ തലങ്ങളില്‍ ചര്‍ച്ചചെയ്തു.
നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി നേരിട്ടു നടത്തുന്നതിനുള്ള സാധ്യത, എന്‍ജിനീയര്‍മാരുടെ ഇഖാമ പുതുക്കാന്‍ ഏര്‍പ്പെടുത്തിയ വ്യവസ്ഥകളെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍, തൊഴില്‍കരാര്‍ നവീകരണം, വൈദഗ്ധ്യം കൈമാറല്‍, വിവിധതലങ്ങളില്‍ ബോധവല്‍ക്കരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി. കരട് പ്രകാരം 30 വയസ്സില്‍ താഴെയുള്ളവരെ ഗാര്‍ഹിക തൊഴിലാളികളായി അയക്കില്ലെന്ന നിലപാട് ഇന്ത്യ തുടരും. തൊഴിലാളികള്‍ക്കുള്ള മിനിമം വേതനം സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയിട്ടില്ലെന്നാണു സൂചന. നൂറു കുവൈത്തി ദിനാറില്‍ കുറഞ്ഞ ശമ്പളം അംഗീകരിക്കാനാവില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
വിദേശകാര്യമന്ത്രാലയം പ്രവാസികാര്യ വിഭാഗം ജോയിന്റ് സെക്രട്ടറി മനീഷ് ഗുപ്ത, പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് എം സി ലൂഥര്‍, ഇന്ത്യന്‍ സ്ഥാനപതി കെ ജീവസാഗര്‍, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ രാജഗോപാല്‍ സിങ്, ലേബര്‍ സെക്രട്ടറി യു എസ് സിബി, ലേബര്‍ അറ്റാഷെ അനിത ചത്പലിവാര്‍ എന്നിവരാണ് ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. കോണ്‍സുലര്‍ അഫയേഴ്‌സ് വിഭാഗം അസി. വിദേശകാര്യമന്ത്രി സാമി അല്‍ ഹമദ് കുവൈത്ത് സംഘത്തെ നയിച്ചു.
അതേസമയം, ഇന്ത്യയില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കുവൈത്ത് വ്യക്തമാക്കി. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിനായി കുവൈത്ത് സര്‍ക്കാര്‍ രൂപവല്‍ക്കരിച്ച അല്‍ദൂറ കമ്പനിയാണ് ഇന്ത്യന്‍ അധികൃതര്‍ക്ക് ഇതുസംബന്ധിച്ച ഉറപ്പു നല്‍കിയത്.  കുവൈത്തില്‍ 6,77,000 ഗാര്‍ഹിക തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതില്‍ മൂന്നു ലക്ഷത്തോളം പേര്‍ ഇന്ത്യക്കാരാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss