|    Jan 19 Thu, 2017 6:32 pm
FLASH NEWS

ഇന്ത്യ എന്നാല്‍

Published : 24th January 2016 | Posted By: TK
ടി.കെ ആറ്റക്കോയ

ന്ത്യ എന്ന ആശയം എങ്ങനെ ആവിര്‍ഭാവം കൊണ്ടു എന്നും ഇന്ത്യ എങ്ങനെ ഒരു രാജ്യമായിത്തീര്‍ന്നു എന്നും വിശദീകരിച്ചുകൊണ്ട് ചരിത്രകാരനായ പ്രഫ. ഇര്‍ഫാന്‍ ഹബീബ് അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി കെന്നഡി ഹാളില്‍ കഴിഞ്ഞ സപ്തംബറില്‍ ഒരു പ്രഭാഷണം നടത്തുകയുണ്ടായി. ഇന്ത്യയുടെ മഹിതമായ പാരമ്പര്യത്തെയും ചരിത്രത്തെയും അവഗണിച്ചുകൊണ്ടുള്ള നിലപാടുകളെ വിമര്‍ശിച്ച അദ്ദേഹം ഇന്ത്യക്കാരെ വാഴ്ത്തി വിരചിതമായ ആദ്യദേശസ്‌നേഹ കവിത അമീര്‍ ഖുസ്‌റുവിന്റെ നൂഹ് സിഫ്ര്‍ ആണെന്ന് അഭിപ്രായപ്പെടുകയുണ്ടായി. പ്രസ്തുത കവിതയില്‍ കാലാവസ്ഥ, പ്രകൃതിരമണീയത, സൗന്ദര്യവതികളായ സ്ത്രീകള്‍ എന്നിവയാല്‍ ഇന്ത്യ സൗഭാഗ്യവതിയാണെന്ന് അമീര്‍ ഖുസ്‌റു പറയുന്നുണ്ട്. ബ്രാഹ്മണരുടെ പാണ്ഡിത്യത്തെയെന്നപോലെ ടര്‍ക്കിഷും പേര്‍ഷ്യനും സംസാരിക്കുന്ന മുസ്‌ലിംകളുടെ സൗഹൃദഭാവത്തെയും അദ്ദേഹം വാഴ്ത്തുന്നു. കശ്മീരും മലബാറും തമിഴകവും അദ്ദേഹത്തിന്റെ പ്രശംസയ്ക്ക് പാത്രമാവുന്നുണ്ട്. പഞ്ചതന്ത്ര കഥകള്‍, ചെസ്, ദശാംശസംഖ്യാശാസ്ത്രം തുടങ്ങിയ ഇന്ത്യന്‍ സംഭാവനകളെക്കുറിച്ചും കവിതയില്‍ പരാമര്‍ശിക്കുന്നു. അമീര്‍ ഖുസ്‌റുവിനെയും അദ്ദേഹത്തിന്റെ ദേശസ്‌നേഹ കവിതയെയും പരിചയപ്പെടുത്തിയ ശേഷം ഇര്‍ഫാന്‍ ഹബീബ് ഇങ്ങനെ ചോദിക്കുന്നുണ്ട്:”ഇന്ത്യയുടെ പാരമ്പര്യത്തെയും ചരിത്രത്തെയും പരിരക്ഷിക്കാന്‍ നമുക്കാവുന്നുണ്ടോ?’

എന്താണ് ഇന്ത്യയില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്? ദിവസംതോറും നിയമങ്ങള്‍ നിര്‍മിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. നീതിയെ ഭരണകൂടം ഭ്രാന്തന്‍ എന്നു വിളിച്ച് കോടതിപ്ലാവില്‍ കൂച്ചുവിലങ്ങേറ്റി ബന്ധിക്കുന്നു എന്ന് പറയുന്നതില്‍ യാതൊരു തെറ്റുമില്ല, ജനാധിപത്യത്തിന്റെ മറവില്‍ അക്രമം തുടരുകയാണ്. ദുര്‍ബലര്‍ ഇരുമ്പുകാലുകളുടെ ചവിട്ടേറ്റ് പിടയുകയാണ്. ഈണം നല്‍കി പുതിയ ഭാവഗീതത്തിനായി നാം കാതോര്‍ക്കുമ്പോള്‍ പഴകി ദ്രവിച്ച കൊളോണിയല്‍ മന്ത്രങ്ങള്‍ തന്നെയാണ് കേള്‍ക്കാന്‍ കഴിയുന്നത് എന്ന ഇഖ്ബാലിന്റെ വാക്കുകള്‍ സത്യമായി പുലരുന്ന നാളുകളിലൂടെയാണ് നമ്മുടെ രാജ്യം സഞ്ചരിക്കുന്നത്. മനുഷ്യാവകാശങ്ങളെക്കുറിച്ചും പൗരബോധത്തെക്കുറിച്ചുമുള്ള പാര്‍ലമെന്റിലെയും നിയമസഭയിലെയും വാദപ്രതിവാദങ്ങളും പ്രഖ്യാപനങ്ങളും വഞ്ചനയും തട്ടിപ്പുമാണെന്ന് ജനങ്ങള്‍ അനുഭവിച്ചറിയുന്നു.

വര്‍ഗീയത ബ്രിട്ടിഷുകാരുടെ സൃഷ്ടിയാണെന്നാണ് നാം കരുതിയിരുന്നത്. അവര്‍ രാജ്യം വിടുന്നതോടെ വര്‍ഗീയതയും ഇല്ലാതാവും എന്നു നാം ആശ്വസിച്ചു. പക്ഷേ, സംഭവിച്ചത് മറിച്ചാണ്. വര്‍ഗീയത നിയമവിധേയമാക്കപ്പെടുന്നു എന്നു താന്‍ ഭയപ്പെടുന്നതായി പ്രശസ്ത പത്രപ്രവര്‍ത്തകനായ കുല്‍ദിപ് നയ്യാര്‍ ഈയിടെ എഴുതുകയുണ്ടായി. ബഹുസ്വരത ഇല്ലെങ്കില്‍ ജനാധിപത്യത്തിന് ഒരര്‍ഥവുമില്ല. അസഹിഷ്ണുതയ്‌ക്കൊപ്പം മതേതരത്വം നിലനില്‍ക്കുകയില്ല.

ഉദാരമതിയും പ്രബുദ്ധനുമായ ഒരാള്‍ക്ക് മാത്രമേ സ്വതന്ത്രനായി ജീവിക്കാന്‍ അര്‍ഹതയുള്ളൂ. അത്തരത്തിലുള്ളവര്‍ക്കേ ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ നിലനിര്‍ത്താനാവൂ. സ്വയംനിര്‍ണയാവകാശവും സ്വയംഭരണവും ആസ്വദിച്ചുകൊണ്ട് രാജ്യത്തിന് അഭിമാനകരമാംവിധം നിലനില്‍ക്കാന്‍ കഴിയുന്നതും പരിഷ്‌കൃതമായ പൗരസഞ്ചയത്തിന്റെ പിന്തുണകൊണ്ടു മാത്രമാണ്. സ്വാതന്ത്ര്യമോ റിപബ്ലിക് പദവിയോ ഒരു രാജ്യം തനിയെ നേടിയെടുക്കുന്നതല്ല. നാം എങ്ങനെയാണോ രൂപപ്പെടുത്തുന്നത് അതില്‍നിന്നു വ്യത്യസ്തമായ ഒരു വളര്‍ച്ച ഇന്ത്യക്കുണ്ടാവുകയില്ല. നാം എന്താണോ നല്‍കുന്നത് അതില്‍നിന്ന് വ്യത്യസ്തമായ ഒന്നും ഇന്ത്യ നമുക്ക് നല്‍കുകയില്ല. നമ്മുടെ ചിന്തയും പ്രവര്‍ത്തനവുമാണ് ഇന്ത്യയെ ആവിഷ്‌കരിക്കുന്നതും രൂപപ്പെടുത്തുന്നതും. നാം എത്രമേല്‍ പുരോഗമിക്കുന്നുവോ അത്രമേല്‍ ഇന്ത്യയും പുരോഗതി നേടും. നാം എത്രമേല്‍ താഴുന്നുവോ അത്രതന്നെ ഇന്ത്യയും ചെറുതാവും. നാം എന്താണോ അതാണ് ഇന്ത്യ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 418 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക