|    Feb 24 Fri, 2017 9:52 am
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്; മൊഹാലിയില്‍ ഇന്ത്യക്ക് ‘മോഹന’ വിജയം

Published : 30th November 2016 | Posted By: SMR

മൊഹാലി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. എട്ടുവിക്കറ്റിനാണ് ആധിഥേയരായ ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇംഗ്ലണ്ടുയര്‍ത്തിയ 103 റണ്‍സ് വിജയലക്ഷ്യത്തെ 20.2 ഓവറില്‍ രണ്ട് വിക്കറ്റ് ലക്ഷ്യത്തില്‍ ഇന്ത്യ മറികടന്നു. തിരിച്ചുവരവാഘോഷിച്ച പാര്‍ഥിവ് പട്ടേലിന്റെ (67*) തകര്‍പ്പന്‍ അര്‍ധസെഞ്ച്വറി ഇന്ത്യന്‍ ജയം വേഗത്തിലാക്കി.
ആധികാരിക വിജയമാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയെടുത്തത്. നാലിന് 78 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷ് നിരയെ അച്ചടക്കമുള്ള ബൗളിങ്ങിലൂടെ പവലനിയിലേക്ക് മടക്കി ഇന്ത്യ കരുത്തുകാട്ടി. നാലാം ദിനത്തില്‍ അക്കൗണ്ടില്‍ റണ്‍സ് ചേര്‍ക്കുംമുന്‍പേ ഇംഗ്ലണ്ടിന് വിക്കറ്റ് നഷ്ടമായി. ഗാരത് ബാറ്റിയെ ജഡേജയാണ് ആദ്യ ഓവറില്‍തന്നെ എല്‍ബിയില്‍ കുടുക്കിയത്.
എന്നാല്‍ ആറാം വിക്കറ്റിലൊത്തുചേര്‍ന്ന ജോസ് ബട്‌ലറും ഹസീബ് ഹമീദും ചെറുത്തു നടത്തവേ  ജയന്ത് യാദവ് കൂട്ടുകെട്ട് പൊളിച്ച ഇന്ത്യക്ക് ആശ്വാസമേകി.  നിര്‍ണായക സമയത്ത് ജോയ് റൂട്ടിന്റെ വിക്കറ്റ് നഷ്ടപ്പെട്ടതാണ് ഇംഗ്ലണ്ട് പതനത്തിനെ വേഗതകൂട്ടിയത്. ജഡേജയുടെ പന്തില്‍ സ്ലിപില്‍ മികച്ച ക്യാച്ചിലൂടെയാണ് രഹാന റൂട്ടിനെ പുറത്താക്കിയത്.
യുവതാരം ഹസീബ് ഇന്ത്യന്‍ ബൗളര്‍മാരുടെ ക്ഷമയെ നന്നായി പരീക്ഷിച്ചു. ക്രിസ് വോക്‌സ് (30) മികച്ച രീതിയില്‍ മോശം പന്തുകളെ കടന്നാക്രമിച്ച് മുന്നേറിയപ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡ് പതുക്കെ മുന്നോട്ടുയര്‍ന്നു. ഇരുവരൂടേയും കൂട്ടുകെട്ടില്‍ ലീഡിലേക്ക് കടന്ന ഇംഗ്ലണ്ടിനെ തന്റെ ഒരോവറില്‍തന്നെ രണ്ടു വിക്കറ്റുള്‍ നേടി മുഹമ്മദ് ഷമി സമ്മര്‍ദത്തിലാക്കി. ഷമിയുടെ ബൗണ്‍സില്‍ ബാറ്റ്‌വെച്ച വോക്‌സ് (30) വിക്കറ്റ് കീപ്പര്‍ പട്ടേലിന്റെ കൈകളില്‍ അവസാനിച്ചു. അതേ ഓവറില്‍തന്നെ ഷമിയെ ഉയര്‍ത്തി അടിക്കാന്‍ ശ്രമിച്ച ആദില്‍ റെഷീദും ഉമേഷ് യാദവിന് ക്യച്ച് നല്‍കി മടങ്ങിയപ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡ് ഒമ്പതിന് 195 എന്ന നിലയിലേക്ക് കൂപ്പുകുത്തി. എന്നാല്‍ ജെയിംസ് ആന്റേഴ്‌സണിനെ കൂട്ടുപിടിച്ച് ഇംഗ്ലീഷ് സ്‌കോര്‍ബോര്‍ഡിനെ മുന്നോട്ടു നയിച്ച ഹസീബ് തന്റെ കരിയറിലെ രണ്ടാം അര്‍ധസെഞ്ച്വറിയും കണ്ടെത്തി. അശ്വിന്റെ ഓവറില്‍ രണ്ടാം റണ്ണിന് ശ്രമിച്ച ആന്റേഴ്‌സണിനെ മികച്ച ഫീല്‍ഡിങ്ങിലൂടെ ജഡേജ പുറത്താക്കിയപ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡ് 236 റണ്‍സില്‍ അവസാനിച്ചു.
103 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് തുടക്കത്തിലെ തന്നെ വിക്കറ്റ് നഷ്ടമായി. അക്കൗണ്ട് തുറക്കുംമുമ്പേ വോക്‌സിന്റെ ബൗണ്‍സില്‍ ബാറ്റ്‌വെച്ച  മുരളി സ്ലിപില്‍ റൂട്ടിന് ക്യാച്ച് നല്‍കി മടങ്ങി. എന്നാല്‍ മികച്ച രീതിയില്‍ അക്രമിച്ച് കളിച്ച് പട്ടേല്‍ മുന്നേറിയപ്പോള്‍ ഇന്ത്യന്‍ ജയം അനായാസമായി. രണ്ടാം വിക്കറ്റില്‍ 81 റണ്‍സ് കൂട്ടുകെട്ടണ്  ചേതേശ്വര്‍ പുജാരയും പട്ടേലും ചേര്‍ന്ന് നേടിയത്. എന്നാല്‍ വിജയത്തിന്റെ തൊട്ടടുത്ത്‌വെച്ച് റെഷീദിന്റെ പന്തില്‍ പുജാര (25) പുറത്തായി. മൂന്നാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ കോഹ്‌ലിക്കൊപ്പം പട്ടേല്‍ ഇന്ത്യയെ വിജയ തീരത്തെത്തിച്ചു. ഇതോടെ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ജഡേജയാണ് മാന്‍ ഓഫ് ദ മാച്ച്. ജയത്തോടെ അഞ്ച് മല്‍സര പരമ്പരയില്‍ ഇന്ത്യ 2-0 ന് മുന്നിലെത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 70 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക