|    Sep 26 Wed, 2018 3:05 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ത്യ- ഇംഗ്ലണ്ട് ട്വന്റി പരമ്പര: ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റ് ജയം

Published : 28th January 2017 | Posted By: fsq

 

കാണ്‍പൂര്‍: ഇന്ത്യക്കെതിരായ ഒന്നാം ട്വന്റിയില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. ടെസ്റ്റിലും ഏകദിനത്തിലും പരമ്പര നഷ്ടപ്പെട്ട് ഇംഗ്ലണ്ട് ടീം പുതിയമുഖത്തില്‍ കളം നിറഞ്ഞാടിയപ്പോള്‍ ഇന്ത്യയുടെ പുലിക്കുട്ടികള്‍ക്ക് തോല്‍വി സമ്മതിക്കേണ്ടി വന്നു. അവസാന ഏകദിന മല്‍സരം ജയിച്ച ഞങ്ങള്‍ മികച്ച ആത്മവിശ്വാസത്തിലാണെന്നും ട്വന്റി വ്യത്യസ്തമായ രീതിയാണെന്നും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയാന്‍മോര്‍ഗന്‍ പറഞ്ഞതിന്റെ പൊരുള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക്് മല്‍സര ശേഷമാണ് മനസിലായത്. വമ്പു പറഞ്ഞ് ചെന്നവരെ തല്ലിത്തളര്‍ത്തി ഏഴ് വിക്കറ്റിന്റെ ജയവുമായാണ് ഇംഗ്ലണ്ട് മൈതാനം വിട്ടത്.ഓപണിങ്ങില്‍ ധവാനെ കുറ്റം പറഞ്ഞ് പകരം ആരെ എന്ന് ആലോചിച്ച് കഷ്ടപ്പെട്ടപ്പോള്‍ നായകന്‍ കോഹ്‌ലി തന്നെ ആ ദൗത്യം ഏറ്റെടുത്തു. 26 പന്തില്‍ 29 റണ്‍സെടുത്തെങ്കിലും ഇംഗ്ലണ്ടിനെ ഒന്നു വിരട്ടുകയെങ്കിലും ചെയ്യാന്‍ ഈ പ്രകടനം മതിയാവുമായിരുന്നില്ല. ടോസ് നേടി ഇന്ത്യയെ ബാറ്റിങിന് വിട്ടപ്പോള്‍ മുതല്‍ ഇംഗ്ലണ്ടിനായിരുന്നു കളിയിലെ ആധിപത്യം. അത് കളി തീരുന്നത് വരെ അവരുടെ കയ്യില്‍ത്തന്നെ നിന്നു. വിരാട് കോലി, എം എസ് ധോണി, സുരേഷ് റെയ്‌ന, യുവരാജ് സിംഗ്  ലോകോത്തര താരങ്ങള്‍ എല്ലാവരും ചേര്‍ന്നടിച്ചിട്ടും നിശ്ചിത 20 ഓവറില്‍ 150ല്‍ പോലും എത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. ഇന്ത്യ മുന്നോട്ട് വച്ച താരതമ്യേന കുഞ്ഞന്‍ സ്‌കോര്‍ ഇംഗ്ലണ്ട് പാട്ടും പാടി അടിച്ചെടുത്തു. 148 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ഇംഗ്ലണ്ട് ആദ്യത്തെ മൂന്നോവറില്‍ തന്നെ കളി പിടിച്ചു. വിക്കറ്റ് പോകാതെ 36 റണ്‍സ്.ജേസണ്‍ റോയും സാം ബില്ലിങ്‌സും ചേര്‍ന്ന് ഓപണിങ് ബൗളര്‍മാരെ അടിച്ച് പറത്തി. നാലാമത്തെ ഓവര്‍ എറിയാനെത്തിയ ചാഹല്‍ രണ്ടുപേരെയും പുറത്താക്കി ഇന്ത്യയ്ക്ക് നേരിയ ഒരു പ്രതീക്ഷ തന്നതാണ്. എന്നാല്‍ അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ മോര്‍ഗനും പാറ പോലെ ഉറച്ചുനിന്ന ജോ റൂട്ടും കൂടി അവരെ അനായാസം വിജയത്തിലെത്തിച്ചു. വിജയത്തിനരികെ മോര്‍ഗനെ നഷ്ടമായതൊന്നും അവരെ തെല്ലും ബാധിച്ചില്ല.ഏകദിനത്തിലെ മോശം ഫോം ട്വന്റി 20യിലും തുടരുന്ന കെ എല്‍ രാഹുലിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 8 റണ്‍സ്. പിന്നാലെ 29 റണ്‍സെടുത്ത വിരാട് കോഹ്‌ലിയെ. 12 റണ്‍സുമായി യുവരാജ് സിങും കൂടി പോയതോടെ ഇന്ത്യയുടെ കാര്യം ഏകദേശം തീരുമാനമായി. 36 റണ്‍സുമായി ധോണിയും 34 റണ്‍സുമായി റെയ്‌നയും മാത്രമാണ് ഭേദപ്പെട്ട സംഭാവന നല്‍കിയത്. ഇന്ത്യ തട്ടിയും മുട്ടിയും 20 ഓവറില്‍ 147 റണ്‍സിലെത്തി. ഇന്ത്യന്‍ ടീം പുനര്‍വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യണം. ഓപണിങ്ങില്‍ രോഹിത് ശര്‍മയുടെ മടങ്ങിവരവിന്റെ പ്രസക്തിയും അമിത് മിശ്രയ്ക്കും ഋഷബ് പാന്തിനും അവസരം നല്‍കാത്തതും ചോദ്യം ചെയ്യപ്പെടേണ്ട വസ്തുതകളാണ്. കേദാര്‍ ജാദവിനെ ഇന്ത്യന്‍ നിരയില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രസക്തിയും ഒന്നാം ട്വന്റിയിലെ തോല്‍വിക്ക് ശേഷം ആലോചിക്കേണ്ട കാര്യം തന്നെയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss