|    Feb 26 Sun, 2017 2:18 am
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ്: ഇംഗ്ലണ്ട് കീഴടക്കാന്‍ ഇന്ത്യ ഇന്നിറങ്ങും

Published : 9th November 2016 | Posted By: SMR

രാജ്‌കോട്ട്:  ബംഗ്ലാദേശിനോട് വിറച്ച് ജയിച്ച ഇംഗ്ലണ്ട് ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് ഇന്ന് രാജ്‌കോട്ട് നടക്കും. ന്യൂസിലന്‍ഡിനെ നിലം തൊടാന്‍ അവസരം നല്‍കാതെ കറക്കിവീഴ്ത്തിയ ആതിഥേയരായ ഇന്ത്യക്ക് മികവാവര്‍ത്തിക്കാനായാല്‍ ഇംഗ്ലണ്ട് വിയര്‍ക്കുമെന്നുറപ്പാണ്.
നിലവിലെ സാഹചര്യത്തി ല്‍ വിജയസാധ്യതകള്‍ ഇന്ത്യ ക്ക് ഏറെയാണ്. ടെസ്റ്റിലെ ഒന്നാം നമ്പര്‍ ടീമിന്റെ മാസ്മരികത മല്‍സരങ്ങളിലും ഇന്ത്യക്ക് കാട്ടിക്കൊടുക്കാന്‍ കഴിയുന്നുണ്ട്. കഴിഞ്ഞ ന്യൂസിലന്‍ഡ് പരമ്പരയിലെ മൂന്ന് ടെസ്റ്റ് മല്‍സരങ്ങളില്‍ രണ്ട് മല്‍സരങ്ങളില്‍ വിജയം പിടിച്ചടക്കിയ ഇന്ത്യന്‍ ടീമിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ ഇംഗ്ലീഷ് പടയെ വൈറ്റ് വാഷ് ചെയ്യാന്‍ വരെ സാധ്യതയുണ്ട്.
പുതുമുഖ താരമായി ഹര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചപ്പോള്‍ കരുണ്‍ നായരേയും ഗൗതം ഗംഭീറിനേയും 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തി.
കഴിഞ്ഞ പരമ്പരയില്‍ നിന്ന് പുതിയ ചില മാറ്റങ്ങളുമായാണ് അനില്‍ കുംബ്ലെയുടെ ശിക്ഷണത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടുന്നത്.  ശക്തരായ ബാറ്റിങ് നിരയുള്ള ഇംഗ്ലണ്ട് പടയെ കീഴ്‌പ്പെടുത്താന്‍ ഇശാന്ത് ശര്‍മയെ ടീമി ല്‍ തിരിച്ച് വിളിച്ച ഇന്ത്യ രണ്ട് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ക്കും ടീമില്‍ ഇടം നല്‍കി.
ന്യൂസിലന്‍ഡ് പര്യടനത്തില്‍ പരിക്കിനെത്തുടര്‍ന്ന് കളിക്കാതിരുന്ന ഇശാന്തിന്റെ ബൗണ്‍സറുകള്‍ ടീമിനു കരുത്താവുമെന്ന് കുബ്ലെ പറഞ്ഞു. ഇശാന്തിനെക്കൂടാതെ മുഹമ്മദ് ഷമിയും ഉമേഷ് യാദവുമാണ് ടീമിലെ ഫാസ്റ്റ് ബൗളര്‍മാര്‍. എന്നാല്‍ ഇന്ത്യന്‍ പിച്ചുകളില്‍ കസറുന്ന സ്പിന്‍ ബൗളര്‍മാരെയാണ് പേടിക്കേണ്ടതെന്ന് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ജോ റൂട്ട് അഭിപ്രായപ്പെട്ടിരുന്നു.
ഇന്ത്യന്‍ സ്പിന്‍ കരുത്ത്
ഇന്ത്യന്‍ ടീമിന്റെ കരുത്ത് സ്പിന്‍ ബൗളിങിലാണ്. ടെസ്റ്റിലെ നമ്പര്‍ വണ്‍ ബൗളര്‍ സ്ഥാനത്തുള്ള രവിചന്ദ്ര അശ്വിന്‍ തന്നെയാണ് ഇന്ത്യയുടെ തുറുപ്പുചീട്ട്. കഴിഞ്ഞ പരമ്പരയില്‍ കിവീസ് ബാറ്റ്‌സ്മാന്‍മാരെ കറക്കിവീഴ്ത്തിയ അശ്വിന്‍ ബൗളിങ് പ്രകടനം ആവര്‍ത്തിക്കുമെന്നാണ് ഇന്ത്യന്‍ ടീമന്റെ പ്രതീക്ഷ. കളിയുടെ ഗതിതന്നെ മാറ്റുന്ന മാസ്മരിക പ്രകടനങ്ങള്‍ അശ്വിന്‍ ഇന്ത്യയ്ക്കായി കാഴ്ചവച്ചിട്ടുണ്ട്. ഇന്ത്യയിലെ മൈതാനങ്ങളില്‍ കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന അശ്വിനടങ്ങുന്ന ഇന്ത്യന്‍ സ്പിന്‍ നിര ശക്തമാണെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലെസ്റ്റര്‍ കുക്ക് പറഞ്ഞു. ഇംഗ്ലണ്ട് കരുത്തരായ ടീമാണെങ്കിലും സ്പിന്‍ താരങ്ങളെ നേരിടുന്നത് അനുസരിച്ചാവും വിജയമെന്നും കുക്ക് കൂട്ടിച്ചേര്‍ത്തു.
രവീന്ദ്ര ജഡേജയും അമിത് മിശ്രയും ഇന്ത്യന്‍ ടീമിന്റെ കുന്തമുനകള്‍ തന്നെയാണ്. കഴിഞ്ഞ പരമ്പരയില്‍ അശ്വിന് താളം കണ്ടെത്താന്‍ കഴിയാതെവന്നപ്പോള്‍ ഉത്തരവാധിത്വത്തോടെ ബൗള്‍ ചെയ്ത ജഡേജയും പ്രകടനവും ഇന്ത്യന്‍ ടീമിന് മുതല്‍ കൂട്ടാണ്. ഏകദിന പരമ്പയിലെ നിര്‍ണായക മല്‍സരത്തില്‍ ആറ് കിവീസ് വിക്കറ്റുകള്‍ പിഴുതെറിഞ്ഞ മിശ്ര മാജിക്കും ഇന്ത്യയുടെ വിജയസാധ്യതകള്‍ ശക്തമാക്കുന്നുണ്ട്.
പരിക്കില്‍ വലഞ്ഞ് ഇന്ത്യ
ഇംഗ്ലണ്ട് പര്യടനത്തിനിറങ്ങുന്ന ഇന്ത്യന്‍ ടീമിന് പരിക്ക് തിരിച്ചടിയായിട്ടുണ്ട്. കിവീസ് പര്യടനത്തിനിടെ പരിക്കേറ്റ ലോകേഷ് രാഹുലിനും ശിഖര്‍ ധവാനും ആരോഗ്യസ്ഥിതി വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഓപണിങില്‍ മാറ്റി പരീക്ഷണം നടത്താന്‍ ഇന്ത്യക്ക് താരങ്ങളില്ലാത്ത അവസ്ഥയാണുള്ളത്.
കിവീസ് പര്യടനത്തില്‍ നിര്‍ണായക ബാറ്റിങ് പ്രകടനം നടത്തിയ രോഹിത് ശര്‍മയ്ക്കും പരിക്കിനെത്തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ പരമ്പര നഷ്ടമായി. ബൗളിങില്‍ ഭുവനേശ്വര്‍ കുമാറിനേറ്റ പരിക്കും ടീമിനു തിരിച്ചടിയായിട്ടുണ്ട്.
ഇന്ത്യ ഇതുവരെ അഞ്ച് മല്‍സരങ്ങള്‍ ഉള്‍പ്പെടുന്ന 33 ടെസ്റ്റ് പരമ്പരകള്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ രണ്ടില്‍ക്കൂടുത ല്‍ മല്‍സരങ്ങളില്‍ വിജയിക്കാ ന്‍ ഇന്ത്യക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇംഗ്ലണ്ട് ടീമിനെ സംബന്ധിച്ചും നിര്‍ണായകമായ പരമ്പരയാണിത്.  ഇന്ത്യന്‍ പര്യടനത്തിനുശേഷം കുക്ക് ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് റിപോര്‍ട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക