|    Oct 20 Sat, 2018 9:31 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ത്യ – ആസ്‌ത്രേലിയ മൂന്നാം ഏകദിനം : ഇന്ത്യന്‍ ജയം അഞ്ച് വിക്കറ്റിന്

Published : 25th September 2017 | Posted By: fsq

 

ഇന്‍ഡോര്‍: ഓസീസിന്റെ ബാറ്റിങ് വെടിക്കെട്ടിന് ഇന്ത്യയുടെ പുലിക്കുട്ടികള്‍ അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയപ്പോള്‍ ഇന്‍ഡോറിലും വിജയം ഇന്ത്യക്കൊപ്പം. മൂന്നാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റിനാണ് വിരാട് കോഹ്‌ലിയും സംഘവും വിജയം പിടിച്ചെടുത്തത്. ടോസ് നേടി ആദ്യം ബാറ്റ്് ചെയ്ത ഓസീസ് 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 47.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ അഞ്ച് മല്‍സര പരമ്പര 3-0ന് ഇന്ത്യ സ്വന്തമാക്കി. ഹര്‍ദിക് പാണ്ഡ്യ (78) രോഹിത് ശര്‍മ (71) അജിന്‍ക്യ രഹാനെ (70) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയം സ്മ്മാനിച്ചത്. നോരത്തെ ആരോണ്‍ ഫിഞ്ചിന്റെ സെഞ്ച്വറിക്കരുത്തിലാണ് (124) ആസ്‌ത്രേലിയ 293 റണ്‍സ് അടിച്ചെടുത്തത്.ഓസീസിന്റെ ഭേദപ്പെട്ട സ്‌കോറിനെ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് വേണ്ടി സെഞ്ച്വറികൂട്ടുകെട്ടാണ് ഒന്നാം വിക്കറ്റില്‍ രോഹിതും രഹാനെയും സമ്മാനിച്ചത്. 62 പന്തുകള്‍ നേരിട്ട് ആറ് ഫോറും നാല് സിക്‌സറും പറത്തിയ രോഹിത് ആദ്യം പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 21.4 ഓവറില്‍ ഒരു വിക്കറ്റിന് 139 റണ്‍സെന്ന മികച്ച നിലയിലായിരുന്നു. അധികം വൈകാതെ 76 പന്തില്‍ ഒമ്പത് ഫോറുകളുമായി മികച്ച ഫോമില്‍ കളിച്ച രഹാനെയും മടങ്ങി. എന്നാല്‍ ബാറ്റിങ് പ്രമോഷനോടെ കളത്തിലിറങ്ങിയ ഹര്‍ദിക് പാണ്ഡ്യ നിലയുറപ്പിച്ചതോടെ മല്‍സരം ഇന്ത്യയ്ക്കനുകൂലമാവുകയായിരുന്നു. 72 പന്തുകളില്‍ നിന്ന് അഞ്ച് ഫോറും നാല് പടുകൂറ്റന്‍ സിക്‌സറും പറത്തിയ ഹര്‍ദിക്കിനെ പാറ്റ് കുമ്മിന്‍സ് മടക്കുമ്പോള്‍ ഇന്ത്യ വിജയത്തിന് തൊട്ടരികില്‍ എത്തിയിരുന്നു. മനീഷ് പാണ്ഡെ (36*) എംഎസ് ധോണി (38) എന്നിവര്‍ പുറത്താവാതെ നിന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി 28 റണ്‍സെടുത്ത് പുറത്തായി. മധ്യനിരയില്‍ കേദാര്‍ ജാദവിനും (2) തിളങ്ങാനായില്ല.നേരത്തെ സ്റ്റീവ് സ്മിത്ത് (63), ഡേവിഡ് വാര്‍ണര്‍ (42) എന്നിവരും ഓസീസിനുവേണ്ടി ബാറ്റിങില്‍ തിളങ്ങി. പരിക്കിനെത്തുടര്‍ന്ന് ആദ്യ രണ്ട് മല്‍സരങ്ങളും കളിക്കാതിരുന്ന ഫിഞ്ച്  125 പന്തുകള്‍ നേരിട്ട് 12 ബൗണ്ടറിയും അഞ്ച് സിക്‌സറും അടിച്ചാണ് മടങ്ങിയത്. ഇന്ത്യയ്ക്കുവേണ്ടി  ബൂംറ, കുല്‍ദീപ്  എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ പങ്കിട്ടപ്പോള്‍  ചാഹല്‍, ഹര്‍ദിക് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss