|    Oct 19 Fri, 2018 2:10 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ത്യ – ആസ്‌ത്രേലിയ മൂന്നാം ഏകദിനം : പരമ്പര പിടിക്കാന്‍ ഇന്ത്യ

Published : 24th September 2017 | Posted By: fsq

 

ഇന്‍ഡോര്‍:  ഒന്നാം ഏകദിനത്തിനും രണ്ടാം ഏകദിനത്തിനും സമാനമായി മഴപ്പേടിയിലില്‍ ഇന്ത്യ – ആസ്‌ത്രേലിയ മൂന്നാം ഏകദിനം ഇന്ന് ഇന്‍ഡോറില്‍ നടക്കും.  ജയത്തോടെ അഞ്ച് മല്‍സര പരമ്പര നേടാനുറച്ച് ഇന്ത്യ ഇറങ്ങുമ്പോള്‍ ആശ്വാസ ജയം തേടിയാവും കംഗാരുക്കള്‍ കളത്തിലിറങ്ങുക. മഴ വില്ലനായ രണ്ട് മല്‍സരങ്ങളിലും വിജയം പിടിച്ചെടുത്ത ഇന്ത്യ മികച്ച ആത്മവിശ്വാസത്തിലാണ് ഇന്‍ഡോറില്‍ പാഡണിയുന്നത്.ശക്തമായ ബൗളിങും ബാറ്റിങും കൈമുതലാക്കി ഇന്ത്യ ഇറങ്ങുമ്പോള്‍ സന്ദര്‍ശകരായ ഓസീസിന് തുടര്‍ തോല്‍വികളുടെ ഭാരം കൂടുന്നു.  ആദ്യ രണ്ട് ഏകദിനങ്ങളിലും  ചില ഒറ്റയാള്‍ പ്രകടനങ്ങളായിരുന്നു ഇന്ത്യയുടെ ബാറ്റിങിന് കരുത്തേകിയത്. ആദ്യ മല്‍സരത്തില്‍ എംഎസ് ധോണിയും ഹര്‍ദിക് പാണ്ഡ്യയും ഇന്ത്യക്കുവേണ്ടി രക്ഷക വേഷം കെട്ടിയപ്പോള്‍ രണ്ടാം മല്‍സരത്തില്‍ തല്‍സ്ഥാനത്ത് വിരാട് കോഹ്‌ലിയും അജിന്‍ക്യ രഹാനെയുമെത്തി. ഓപണിങില്‍ ശിഖാര്‍ ധവാന്റെ  അഭാവം നികത്തുന്ന പ്രകടനം രഹാനെ പുറത്തെടുക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ ഹിറ്റ്മാനായ രോഹിത് ശര്‍മയ്ക്ക് മികവിനൊത്ത് ഉയരാനായിട്ടില്ല. മുന്‍ നിരയില്‍ കേദാര്‍ ജാദവ് മികച്ച രീതിയില്‍ തുടങ്ങുന്നുണ്ടെങ്കിലും മാന്യമായ സ്്‌കോര്‍ പടുത്തുയര്‍ത്താനാവുന്നില്ല. അതേ സമയം നാലാം നമ്പറില്‍ കെ എല്‍ രാഹുലിന് പകരം അവസരം ലഭിച്ച മനീഷ് പാണ്ഡെയും ബാറ്റിങില്‍ പരാജയമാണ്. ഇന്ത്യക്കുവേണ്ടി 15 മല്‍സരങ്ങളില്‍ നിന്ന് 38. 88 ശരാശരിയുള്ള മനീഷ് പാണ്ഡയ്ക്കും 10 ഏകദിനങ്ങളില്‍ നിന്ന് 35. 42 ശരാശരിയുള്ള രാഹുലിനും ഏകദിന ടീമിലെ സ്ഥാനം ഉറപ്പിക്കാന്‍ മികച്ച പ്രകടനം അനിവാര്യമാണ്. ഏകദിനത്തിലേക്ക് തിരിച്ചുവരവ് കാത്ത് യുവരാജ് സിങും സുരേഷ് റെയ്‌നയും പുറത്തുണ്ട്. കൂടാതെ ശിഖാര്‍ ധവാന്‍ മടങ്ങിവന്നാല്‍ രഹാനെയ്ക്ക് മധ്യനിരയിലേക്ക് അവസരം ലഭിച്ചേക്കും. മധ്യനിരയിലെ എംഎസ് ധോണിയുടെ ബാറ്റിങ് കരുത്തും ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരുടെ ഓള്‍റൗണ്ട് പ്രകടനവും ഇന്ത്യയുടെ വിജയ പ്രതീക്ഷകളെ സജീവമാക്കുന്നു.ഹാട്രിക് തിളക്കത്തോടെ ഓസീസിനായി വാരിക്കുഴി ഒരുക്കുന്ന കുല്‍ദീപ് യാദവാണ് ഇന്ത്യയുടെ തുറുപ്പ്ചീട്ട്. സ്പിന്നിനെ തുണയ്ക്കുന്ന ഇന്ത്യന്‍ മൈതാനങ്ങളില്‍ ചൈനാമാന്‍ ബൗളിങുമായി കുല്‍ദീപ് കളം നിറയുമ്പോള്‍ ഓസീസിന്റെ ബാറ്റിങ് പട നിഷ്പ്രഭം. സ്പിന്നില്‍ മികച്ച പിന്തുണയുമായി യുസ് വേന്ദ്ര ചാഹല്‍ കൂടി എത്തുമ്പോള്‍ ഓസീസിന്റെ ബാറ്റിങ് നിര വട്ടം കറങ്ങുകയാണ്. സ്പിന്നില്‍ കുല്‍ദീപും ചാഹലും വിസ്മയം ആവര്‍ത്തിക്കുമ്പോള്‍ ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരായ രവിചന്ദ്ര അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും മടങ്ങി വരവ് ചോദ്യചിഹ്നമാവുന്നു. 2019 ഏകദിന ലോകകപ്പ് വരാനിരിക്കെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ എന്ത് തീരുമാനിക്കുമെന്ന് കണ്ടുതന്നെ അറിയണം. ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബൂംറയും ഫാസ്റ്റ് ബൗളിങില്‍ തിളങ്ങുമ്പോള്‍ മുഹമ്മദ് ഷമിയും ഉമേഷ് യാദവും അവസരം കാത്ത് പുറത്ത് നില്‍ക്കുകയാണ്. ആദ്യ രണ്ട് ഏകദിനത്തിലെ ടീമില്‍ നിന്ന് മാറ്റമില്ലാതെയാവും ഇന്ത്യ മൂന്നാം പോരിനിറങ്ങുക.വട്ടം കറങ്ങി ഓസീസ്ഏകദിനത്തില്‍ ഒരു ജയം ഓസീസിന് സ്വപ്‌നങ്ങളില്‍ മാത്രമാവുന്നു. 2016ല്‍ നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പെടുത്തിയതിന് ശേഷം ഏകദിന വിജയം ഓസീസിന് കിട്ടാക്കനിയാണ്. ബൗളിങ് നിര ഭേദപ്പെട്ട പ്രകടനം തന്നെ കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും മോശം ഫോമില്‍ തുടരുന്ന ബാറ്റിങ് നിരയാണ് ഓസീസിന്റെ തലവേദന. ഓപണിങില്‍ ഡേവിഡ് വാര്‍ണറിനൊപ്പം മൂന്നാം മല്‍സരത്തില്‍ ആരോണ്‍ ഫിഞ്ച് കളിക്കും. പരിക്കിനെത്തുടര്‍ന്ന് ആദ്യ രണ്ട് മല്‍സരങ്ങളില്‍ നിന്നും വിട്ട് നിന്ന ഫിഞ്ചിന്റെ മടങ്ങിവരവ് ഓസീസ് നിരയ്ക്ക് കരുത്താവും. മുന്‍നിരയില്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ചെറുത്ത് നില്‍പ്പിന് ശ്രമിക്കുന്നുണ്ടെങ്കിലും ടീമിന് വിജയം സമ്മാനിക്കാന്‍ കഴിയുന്നില്ല. മധ്യനിരയില്‍ ട്രവിസ് ഹെഡും മികവിനൊത്ത് ഉയരുന്നില്ല.  വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ അവസരത്തിനൊത്ത് കളിക്കാതെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്താവുന്നതും കംഗാരുക്കള്‍ക്ക് തിരിച്ചടിയാണ്. മാര്‍ക്കസ് സ്‌റ്റോണിസ് രണ്ടാം ഏകദിനത്തില്‍ അര്‍ധ സെഞ്ച്വറിയുമായി പുറത്താവാതെ നിന്നെങ്കിലും കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ അനുവദിക്കാതെ ഇന്ത്യന്‍ ബൗളര്‍മാര്‍ കളി പിടിച്ചടക്കുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ മാത്യുവേഡും പ്രതീക്ഷക്കൊത്ത പ്രകടനമല്ല ബാറ്റിങില്‍ പുറത്തെടുക്കുന്നത്.എന്നാല്‍ കോള്‍ട്ടര്‍ നെയ്‌ലും പാറ്റ് കുമ്മിന്‍സും റിച്ചാര്‍ഡ്‌സണും സ്റ്റോണിസും അണിനിരക്കുന്ന ഓസീസ് പേസ് പട മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. സ്പിന്നില്‍ ആദം സാംബയെ പുറത്തിരുത്തി രണ്ടാം ഏകദിനത്തില്‍ അവസരം ലഭിച്ച ആഷ്ടണ്‍ അഗറും ഭേദപ്പെട്ട ബൗളിങാണ് പുറത്തെടുക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss