|    Oct 16 Tue, 2018 7:52 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ത്യ – ആസ്‌ത്രേലിയ നാലാം ഏകദിനം : കംഗാരുക്കള്‍ക്ക് ആശ്വാസ ജയം

Published : 29th September 2017 | Posted By: fsq

 

ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തുടര്‍ച്ചയായ 10ാം ജയം തേടി ഇറങ്ങിയ വിരാട് കോഹ്‌ലിക്കും സംഘത്തിനും കാലിടറി. തന്റെ 100ാം ഏകദിനത്തില്‍ സെഞ്ച്വറിയോടെ ഡേവിഡ് വാര്‍ണര്‍(124) കളം വാണ മല്‍സരത്തില്‍ 21 റണ്‍സിനാണ് ആസ്‌ത്രേലിയ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യക്ക് 50 ഓവറില്‍ എട്ട് വിക്കറ്റിന് 313 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കെയ്ന്‍ റിച്ചാര്‍ഡ്‌സണിന്റെയും രണ്ട് വിക്കറ്റ് വീഴ്ത്തിയ കോള്‍ട്ടര്‍നെയ്‌ലിന്റെയും ബൗളിങാണ് ഇന്ത്യന്‍ നിരയെ തകര്‍ത്തത്. ഓസീസ് ഉയര്‍ത്തിയ കൂറ്റന്‍ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി രോഹിത് ശര്‍മയും (65) അജിന്‍ക്യ രഹാനെയും ചേര്‍ന്ന് സ്വപ്‌നതുല്യമായ തുടക്കമാണ് സമ്മാനിച്ചത്. രഹാനെ പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 18. 2 ഓവറില്‍ ഒരു വിക്കറ്റിന് 106 റണ്‍സെന്ന മികച്ച നിലയിലായിരുന്നു. രണ്ടാം വിക്കറ്റില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം വിരാട് കോഹ്‌ലി (21) മികച്ച ഷോട്ടുകളോടെ തുടങ്ങിയപ്പോള്‍ ഇന്ത്യന്‍ ക്യാംപില്‍ പ്രതീക്ഷ ഉയര്‍ന്നു. എന്നാല്‍ ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്തിന്റെ തകര്‍പ്പന്‍ ഫീല്‍ഡിങില്‍ രോഹിത് ശര്‍മ റണ്ണൗട്ടായി മടങ്ങി. 55 പന്തുകളില്‍ ഒരു ഫോറും അഞ്ച് സിക്‌സറും പറത്തിയാണ് രോഹിത് പുറത്തായത്. തൊട്ടുപിന്നാലെ കോഹ്‌ലി കോള്‍ട്ടന്‍നെയ്‌ലിന് മുന്നില്‍ ക്ലീന്‍ബൗള്‍ഡായതോടെ ഇന്ത്യ തോല്‍വി മണത്തു. എന്നാല്‍ മധ്യനിരയില്‍ ഹര്‍ദിക് പാണ്ഡ്യ (41) കേദാര്‍ ജാദവ് (67) മനീഷ് പാണ്ഡെ (33) എന്നിവരുടെ പ്രകടനം ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. അവസാന അഞ്ച് ഓവറില്‍ കളി മുറുക്കിയ ഓസീസ് ജാദവിനെയും മനീഷ് പാണ്ഡെയെയും മടക്കി കളി ഓസീസിന് അനുകൂലമാക്കി. മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയും (13) പെട്ടെന്ന് മടങ്ങിയതോടെ ഇന്ത്യയുടെ പോരാട്ടം വിജയ ലക്ഷ്യത്തിനും 21 റണ്‍സകലെ അവസാനിച്ചു.നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയക്ക് വേണ്ടി ഒന്നാം വിക്കറ്റില്‍ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടാണ് ആരോണ്‍ ഫിഞ്ചും (94) ഡേവിഡ് വാര്‍ണറും ചേര്‍ന്ന് സമ്മാനിച്ചത്. 119 പന്തുകള്‍ നേരിട്ട് 12 ഫോറും നാല് പടുകൂറ്റന്‍ സിക്‌സറുകളും സഹിതം സെഞ്ച്വറി നേടിയ വാര്‍ണര്‍ ആദ്യം മടങ്ങുമ്പോള്‍ ഓസീസ് സ്‌കോര്‍ബോര്‍ഡ് 37 ഓവറില്‍ ഒരു വിക്കറ്റിന് 231 റണ്‍സെന്ന മികച്ച നിലയിലായിരുന്നു. 96 പന്തില്‍ 10 ഫോറും മൂന്ന് സിക്‌സറുകളും ഉള്‍പ്പെടെയാണ് ഫിഞ്ചിന്റെ അര്‍ധ സെഞ്ച്വറി പ്രകടനം. ഒരു ഘട്ടത്തില്‍ 400 കടക്കുമെന്ന് തോന്നിച്ച ഓസീസ് ഇന്നിങ്‌സിനെ അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ചിടുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. കുല്‍ദീപ് യാദവിനും ജസ്പ്രീത് ബൂംറയ്ക്കും ഭുവനേശ്വര്‍ കുമാറിനും നാലാം ഏകദിനത്തില്‍ ഇന്ത്യ വിശ്രമം അനുവദിച്ചപ്പോള്‍ പകരം മുഹമ്മദ് ഷമിയും ഉമേഷ് യാദവും അക്‌സര്‍ പട്ടേലും ഇന്ത്യന്‍ നിരയില്‍ കളിച്ചു. ആദ്യ മൂന്ന് മല്‍സരങ്ങളും ജയിച്ച ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss