|    Oct 21 Sat, 2017 4:57 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഇന്ത്യ – ആസ്‌ത്രേലിയ അഞ്ചാം ഏകദിനം: തിരിച്ചടിക്കാന്‍ ഇന്ത്യ

Published : 1st October 2017 | Posted By: fsq

 

നാഗ്പൂര്‍: ഇന്ത്യ – ആസ്‌ത്രേലിയ ഏകദിന പരമ്പരയിലെ അവസാന ഏകദിനം ഇന്ന് നാഗ്പൂരില്‍ നടക്കും. ആദ്യ മൂന്ന് മല്‍സരങ്ങളും ജയിച്ച് പരമ്പര പോക്കറ്റിലാക്കി ഇന്ത്യ ഇറങ്ങുമ്പോള്‍ നാലാം ഏകദിനത്തിലെ ആവേശ ജയത്തിന്റെ ആത്മവിശ്വാസത്തിലാവും കംഗാരുക്കള്‍ കളത്തിലിറങ്ങുക.
തോല്‍വി മറക്കാന്‍ ഇന്ത്യ
തുടര്‍ച്ചയായ 10ാം ജയം എന്ന ചരിത്ര നേട്ടത്തിനരികില്‍ നിന്നാണ് ഇന്ത്യയെ കംഗാരുക്കള്‍ തകര്‍ത്തത്. വിരാട് കോഹ്‌ലി എന്ന താരത്തിന്റെ നായക പദവിയില്‍ പൊന്‍തൂവല്‍ ആകേണ്ടിയിരുന്ന ജയം നഷ്ടപ്പെടുത്തിയതിന് കണക്ക് തീര്‍ക്കാന്‍ ഉറച്ചാവും ഇന്ത്യ ഇന്നിറങ്ങുക. ആദ്യ മൂന്ന് മല്‍സരത്തിലെ ടീമില്‍ മാറ്റം വരുത്തി ഇറങ്ങിയ ഇന്ത്യക്ക് ചുവട് പിഴച്ചു. സൂപ്പര്‍ ബൗളര്‍മാരായ ജസ്പ്രീത് ബൂംറ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ നാലാം പോരിനിറങ്ങിയത്. എന്നാല്‍ ഇവര്‍ക്ക് പകരമെത്തിയ മുഹമ്മദ് ഷമിയും അക്‌സര്‍ പട്ടേലും നനഞ്ഞ പടക്കമായി കളിക്കളത്തില്‍ മാറിയപ്പോള്‍ ആസ്‌ത്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ കൊടുങ്കാറ്റായി. നാല് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവിന്റെ ബൗളിങ് പ്രകടനം മാത്രമാണ് ഇന്ത്യക്ക് ആശ്വസിക്കാനുണ്ടായിരുന്നത്.ബാറ്റിങില്‍ ഓപണര്‍മാരുടെ  മികവ് തന്നെയാണ് ഇന്ത്യയുടെ കരുത്ത്. രോഹിത് ശര്‍മയും അജിന്‍ക്യ രഹാനെയും ചേര്‍ന്ന് സ്വപ്‌ന തുല്യമായ തുടക്കം ഇന്ത്യക്ക് സമ്മാനിക്കുന്നുണ്ടെങ്കിലും മധ്യനിരയുടെ ബാറ്റിങ് പിഴവ് ഇന്ത്യക്ക് തിരിച്ചടി നല്‍കുന്നു.  മധ്യനിരയില്‍ കേദാര്‍ ജാദവ് ബാറ്റിങില്‍ താളം കണ്ടെത്തിയത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.  ബാറ്റിങ് പ്രമോഷനോടെ മൂന്നാം സ്ഥാനത്ത് കളിക്കുന്ന ഹര്‍ദിക് പാണ്ഡ്യ ബാറ്റിങിലും ബൗളിങിലും ഒരു പോലെ തിളങ്ങുന്നുണ്ട്. എന്നാല്‍ അവസാന ഓവറുകളില്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിനെ ടോപ് ഗിയറിലാക്കാന്‍ കഴിവുള്ള ബാറ്റ്‌സ്മാന്റെ അഭാവം ഇന്ത്യന്‍ നിരയിലുണ്ട്.
ജയം തുടരാന്‍ ആസ്‌ത്രേലിയ
എവേ മല്‍സരങ്ങൡ തുടര്‍ച്ചയായി 11 മല്‍സരങ്ങള്‍ തോറ്റതിന് ശേഷമാണ് ആസ്‌ത്രേലിയന്‍ ടീം ഒരു വിജയം സ്വന്തമാക്കിയത്. ആദ്യ മൂന്ന് മല്‍സരങ്ങളിലും ബാറ്റിങ് തകര്‍ച്ച നേരിട്ട ആസ്‌ത്രേലിയന്‍ നിരയിലേക്ക് വെടിക്കെട്ട് ഓപണര്‍ ആരോണ്‍ ഫിഞ്ച് മടങ്ങിയെത്തിയതോടെ ടീമിന്റെ പ്രകടനം മാറി മറിഞ്ഞു. മൂന്നാം മല്‍സരത്തില്‍ സെഞ്ച്വറി നേടിയ ഫിഞ്ച് രണ്ടാം മല്‍സരത്തില്‍ സെഞ്ച്വറിക്ക് ആറ് റണ്‍സ് അകലെയാണ് പുറത്തായത്. മറ്റൊരു വെടിക്കെട്ട് ഓപണറായ ഡേവിഡ് വാര്‍ണറും അവസാന മല്‍സരത്തില്‍ സെഞ്ച്വറിയോടെ ബാറ്റിങില്‍ താളം കണ്ടെത്തിയതും ടീമിന്റെ ഓസീസിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്.  മുന്‍ നിരയില്‍ നായകന്‍ സ്റ്റീവ് സ്മിത്തിന് ഫോം കണ്ടെത്താനാവാത്തതാണ് ഓസീസിന് തിരിച്ചടി നല്‍കുന്നത്. മധ്യനിരയില്‍ ഡ്രവിസ് ഹെഡ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ്, മാര്‍ക്കസ് സ്റ്റോണിസ് എന്നിവരുടെ ഭേദപ്പെട്ട പ്രകടനവും ഓസീസ് ടീമിന് പ്രതീക്ഷ നല്‍കുന്നു. അതേ സമയം മോശം ഫോമില്‍ തുടരുന്ന വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ നാലാം ഏകദിനത്തില്‍ ഓസീസ് കളിപ്പിച്ചിരുന്നില്ല.കോള്‍ട്ടര്‍നെയ്ല്‍ നയിക്കുന്ന ഓസീസ് ബൗളിങ് നിര കരുത്ത് കാട്ടുന്നുണ്ട്. റിച്ചാര്‍ഡ്‌സണും സ്‌റ്റോണിസും പാറ്റ് കുമ്മിന്‍സുമെല്ലാം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. പരിക്ക് പറ്റി ആഷ്ടണ്‍ അഗര്‍ പുറത്ത് പോയെങ്കിലും നാലാം ഏകദിനത്തില്‍ യുവ സ്പിന്‍ബൗളര്‍ ആദം സാംബയും മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. പരമ്പര കൈവിട്ടെങ്കിലും അവസാന മല്‍സരത്തിലും ജയിച്ച് അഭിമാനം കാക്കാനാവും ഓസീസ് പടയുടെ ലക്ഷ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക