|    Sep 20 Thu, 2018 8:20 am
FLASH NEWS
Home   >  Editpage  >  Editorial  >  

ഇന്ത്യ-അമേരിക്ക സൈനിക സഹകരണ കരാര്‍

Published : 31st August 2016 | Posted By: SMR

കര, നാവിക, വ്യോമ സേനാ താവളങ്ങള്‍ പരസ്പരം ഉപയോഗിക്കുന്നതിനുള്ള സഹകരണ കരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവച്ചിരിക്കുന്നു. അറ്റകുറ്റപ്പണികള്‍ക്കും സഹായങ്ങള്‍ കൈമാറുന്നതിനും ഇരുനാടുകളിലെയും സേനാതാവളങ്ങള്‍ ഉപയോഗിക്കുന്നതാണ് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടറും ഒപ്പുവച്ച കരാറിലെ വ്യവസ്ഥകളില്‍ മുഖ്യമായത്. ഇരുരാജ്യങ്ങളുടെയും സൈനിക വാഹനങ്ങള്‍, കപ്പലുകള്‍, വിമാനങ്ങള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ക്കും ഇന്ധനം നിറയ്ക്കുന്നതിനുമായി താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാന്‍ ഈ ധാരണയനുസരിച്ച് സാധ്യമാവും. ലോജിസ്റ്റിക്‌സ് എക്‌സ്‌ചേഞ്ച് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ് (എല്‍ഇഎംഒഎ) എന്നറിയപ്പെടുന്ന കരാറില്‍ ഇരുരാജ്യങ്ങളുടെയും സൈനിക താവളങ്ങള്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നതിന് പ്രതിഫലം നല്‍കണമെന്ന് വ്യവസ്ഥചെയ്യുന്നു.
ചേരിചേരാനയം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ തലയുയര്‍ത്തിപ്പിടിച്ചുനില്‍ക്കാന്‍ ഇന്ത്യയെ സഹായിച്ചിരുന്നു. എന്നാല്‍, സോവിയറ്റ് റഷ്യയുടെ പതനത്തിനുശേഷം നിലവില്‍ വന്ന ഏകധ്രുവ ലോകക്രമത്തില്‍ സ്വന്തം സവിശേഷതകള്‍ കളഞ്ഞുകുളിക്കുന്ന നയങ്ങളും നിലപാടുകളുമാണ് ഓരോ രാഷ്ട്രനേതാക്കളും സ്വീകരിച്ചത്. നെഹ്‌റുവും ഇന്ദിരയും പുലര്‍ത്തിവന്ന വിദേശനയത്തില്‍നിന്നു ഭിന്നമായി നരസിംഹറാവുവും പിന്‍ഗാമികളും സ്വീകരിച്ച നയങ്ങള്‍ അമേരിക്കയുടെയും ഇസ്രായേലിന്റെയും സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്ക് അനുഗുണമായതായിരുന്നു. സൈനിക താവളങ്ങള്‍ അമേരിക്കന്‍ താവളമാക്കുന്നതിന് കരാര്‍പ്രകാരം സാധിക്കില്ല. ഇന്ത്യയില്‍ അമേരിക്കയ്ക്ക് സൈനികകേന്ദ്രം സ്ഥാപിക്കാനുള്ള അനുമതി കരാറില്‍ ഇല്ലെന്ന് മന്ത്രി പരീക്കര്‍ പ്രത്യേകം എടുത്തുപറയുന്നു.
പ്രതിരോധ, വ്യാപാര, സാങ്കേതികവിദ്യാ മേഖലകളില്‍ പരസ്പര സഹകരണമാണ് ഇന്ത്യയുമായി അമേരിക്ക ലക്ഷ്യമിടുന്നത്. സംയുക്ത സൈനിക നീക്കങ്ങളിലും പരിശീലനങ്ങളിലും രക്ഷാദൗത്യങ്ങളിലും ഇരുനാടുകളുടെയും സേനകള്‍ സഹകരിക്കുമെന്നും സഹകരണ കരാര്‍ വ്യക്തമാക്കുന്നു. ചൈനയെ സമ്മര്‍ദത്തിലാക്കുന്നതിന് ഇന്ത്യയുമായി ശക്തമായ സൈനികബന്ധം ആവശ്യമാണെന്ന അമേരിക്കന്‍ താല്‍പര്യത്തിന്റെ ഭാഗമാണു കരാര്‍. റഷ്യയും ചൈനയും ഭീഷണിയായി കാണുമെന്നതിനാല്‍ യുപിഎ സര്‍ക്കാര്‍ നടപ്പാക്കാന്‍ മടിച്ച കരാറാണ് നരേന്ദ്രമോദി സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്.
അമേരിക്കയുമായി സൈനികതാവള സഹകരണ കരാര്‍ ഇന്ത്യയുടെ പരമാധികാരം അടിയറവയ്ക്കുന്നതിനു തുല്യമാണെന്ന ആരോപണമുണ്ട്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സേനാകേന്ദ്രങ്ങള്‍ പരസ്പരം ഉപയോഗിക്കുന്നതിനുള്ള കരാറിന് വലിയ പ്രാധാന്യമുണ്ട്. അയല്‍നാടുകളുമായുള്ള ബന്ധം കൂടുതല്‍ സംഘര്‍ഷാത്മകമായി വരുന്ന സാഹചര്യങ്ങള്‍ മേഖലയെ കൂടുതല്‍ ശക്തിപരീക്ഷണങ്ങളിലേക്കാണു നയിക്കുന്നത്.
ആണവദാതാക്കളുടെ സംഘത്തില്‍(ന്യൂക്ലിയര്‍ സപ്ലയേഴ്‌സ് ഗ്രൂപ്പ്) ഇന്ത്യയുടെ അംഗത്വം സംബന്ധിച്ച് അമേരിക്ക ഉറപ്പ് ആവര്‍ത്തിച്ചതായി വാര്‍ത്തയുണ്ട്. ചൈനയുടെ എതിര്‍പ്പ് നിലനില്‍ക്കെ ഇന്ത്യയുടെ അംഗത്വം എങ്ങനെ സാധ്യമാവുമെന്ന ചോദ്യം നിലനില്‍ക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss