|    Nov 14 Wed, 2018 4:46 am
FLASH NEWS
Home   >  National   >  

ഇന്ത്യ അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങരുത്: പോപുലര്‍ ഫ്രണ്ട്

Published : 29th June 2018 | Posted By: mtp rafeek


ന്യൂഡല്‍ഹി: ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തണമെന്ന അമേരിക്കന്‍ സമ്മര്‍ദ്ദ ഭീഷണിക്ക് ഇന്ത്യ വഴങ്ങരുതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മറ്റൊരു രാജ്യവുമായുള്ള നമ്മുടെ ആഭ്യന്തര ബന്ധത്തില്‍ മൂന്നാമതൊരു വിദേശ രാജ്യം തിട്ടൂരമിറക്കുന്നത് നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിലുള്ള ഇടപെടലാണ്. അതിനു പുറമേ  തങ്ങളുടെ ഭീഷണിക്ക് വഴങ്ങാത്ത രാജ്യങ്ങളെ നശിപ്പിപ്പിച്ച് മേഖലയില്‍ സ്വേഛാധിപത്യപരമായ മേധാവിത്വം ഉറപ്പിക്കാനുള്ള നീക്കമായി ഭാഗമായേ മാത്രമേ ഇറാനെതിരേയുള്ള അമേരിക്കന്‍ ഇടപെടലിനെ കാണാനാവൂ.

അമേരിക്കയുടെ പുതിയ ഉത്തരവ് 135 കോടി ഇന്ത്യക്കാരുടെ ആത്മാഭിമാനത്തെ ചവിട്ടിത്താഴ്ത്തുന്നതാണ്. ഈ അമേരിക്കന്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ ആയില്ലെങ്കില്‍ ഭാവിയില്‍ കൂടുതല്‍ ഇടപടെലിന് അമേരിക്കയ്ക്ക് വാതില്‍ തുറന്നിടുകയാവും ഫലമെന്ന് യോഗം കേന്ദ്ര സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു.

പ്രധാനമന്ത്രിയുടെ ജീവന് ഭീഷണിയുണ്ടെന്ന റിപോര്‍ട്ടുകളെ പോപുലര്‍ ഫ്രണ്ടുമായി ബന്ധിപ്പിക്കുന്ന ചില വാര്‍ത്തകള്‍ തികഞ്ഞ അസംബന്ധമാണെന്ന് യോഗം വിശേഷിപ്പിച്ചു. പ്രധാനമന്ത്രിക്ക് ഭീഷണിയുണ്ടെന്ന് പറയുന്നതിന് തെളിവുകളുണ്ടെങ്കില്‍ അത് ഗുരുതരമായ ദേശ സുരക്ഷാ ഭീഷണിയാണ്. പോലിസും ഇന്റലിജന്‍സും അത് ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.

അതേ സമയം, 2019ലെ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള പ്രചണ തന്ത്രമാണിതെന്നും ഒരു വിഭാഗം മാധ്യമങ്ങള്‍ അഭിപ്രായപ്പെടുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ട എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നതോടൊപ്പം തന്നെ സമൂഹത്തിലെ ചില വിഭാഗങ്ങളെ താറടിക്കാനും രാജ്യത്തെ വര്‍ഗീയ വിഭജനം ശക്തിപ്പെടുത്താനും ഇത്തരം സാഹചര്യങ്ങളെ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്താനും സര്‍ക്കാരിന് ബാധ്യതയുണ്ട്.

രാജ്യത്തെ ജനാധിപത്യ സംവിധാനത്തിനകത്ത് നിന്ന് പ്രവര്‍ത്തിക്കുകയും നിയമവാഴ്ച്ച ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ജനകീയ മുന്നേറ്റമായ പോപുലര്‍ ഫ്രണ്ടിനെ രാഷ്ട്രീയക്കളികള്‍ക്കു ബലിയാടാക്കുകയാണെന്ന് സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു. സംഘടന നിരീക്ഷണത്തിലാണെന്ന റിപോര്‍ട്ടുകള്‍ക്ക് വ്യക്തത തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കും.

പൊതുജനമധ്യത്തില്‍ എല്ലാവര്‍ക്കും കണ്ടനുഭവിക്കാവുന്ന വിധത്തിലാണ് പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍. സംഘടനയെ അപകീര്‍ത്തിപ്പെടുത്താനുള്ള പുതിയ ദുഷ്പ്രചാരണവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ പരാജയപ്പെടുമെന്ന് സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് പ്രതീക്ഷ പ്രകടിപ്പിച്ചു. ചെയര്‍മാന്‍ ഇ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ഒ എം എ സലാം, അബ്ദുല്‍ വാഹിദ് സേട്ട്, ഇഎം അബ്ദുല്‍ റഹ്മാന്‍, കെ എം ശരീഫ ചര്‍ച്ചയില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss