|    Oct 20 Sat, 2018 3:12 am
FLASH NEWS
Home   >  Editpage  >  Editorial  >  

ഇന്ത്യ അന്താരാഷ്ട്ര കടമകള്‍ നിറവേറ്റണം

Published : 16th September 2017 | Posted By: fsq

 

മ്യാന്‍മറിലെ റാഖൈനില്‍ തലമുറകളായി കഴിഞ്ഞുവരുന്ന റോഹിന്‍ഗ്യ മുസ്‌ലിംകള്‍ ആ പ്രദേശത്തു നേരിടുന്ന വംശീയാതിക്രമങ്ങളെ തുടര്‍ന്ന് അഭയാര്‍ഥികളായി പരക്കംപായുകയാണ്. കഴിഞ്ഞമാസം 25നുശേഷം മ്യാന്‍മര്‍ സൈന്യം നേരിട്ടു നടത്തുന്ന വംശീയാക്രമണങ്ങള്‍ കാരണം 3.8 ലക്ഷം റോഹിന്‍ഗ്യകള്‍ വീടും കുടിയും ഉപേക്ഷിച്ച് അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്. ഇത്തരം വംശീയാതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് കഴിഞ്ഞദിവസം ഐക്യരാഷ്ട്ര രക്ഷാസമിതി ഏകകണ്ഠമായി പ്രമേയത്തിലൂടെ മ്യാന്‍മറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. വംശീയ ഉന്‍മൂലനത്തിന്റെ കൃത്യമായ തെളിവുകളാണ് റാഖൈനില്‍ നിന്നു ലഭിക്കുന്നത് എന്ന് യുഎന്‍ മനുഷ്യാവകാശ കമ്മീഷനും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വര്‍ഷങ്ങളായി തുടരുന്ന പീഡനമാണ് റോഹിന്‍ഗ്യകള്‍ നേരിടുന്നത്. അഭയാര്‍ഥികളില്‍ മഹാഭൂരിപക്ഷവും എത്തിച്ചേരുന്നത് അയല്‍രാജ്യമായ ബംഗ്ലാദേശിലാണ്. ഒരു പരിമിതമായ വിഭാഗം റോഹിന്‍ഗ്യകള്‍ ഇന്ത്യയുടെ അതിര്‍ത്തിക്കകത്തും എത്തിച്ചേരുന്നുണ്ട്. വളരെ പരിമിതമായ വിഭവങ്ങളും സാമ്പത്തികശേഷിയുമുള്ള ബംഗ്ലാദേശ് ഈ അഭയാര്‍ഥിപ്രവാഹം നേരിടാന്‍ നിര്‍വാഹമില്ലാതെ ഉഴലുകയാണ്. തങ്ങളുടെ പരമാവധി ശേഷി ഉപയോഗപ്പെടുത്തി അഭയാര്‍ഥികള്‍ക്കു താല്‍ക്കാലിക ആശ്വാസമൊരുക്കാന്‍ ആ രാജ്യം തയ്യാറാവുന്നുണ്ട്. അഭയാര്‍ഥി സംരക്ഷണത്തിന് ബംഗ്ലാദേശ് നടത്തുന്ന നീക്കങ്ങളെ യുഎന്‍ രക്ഷാസമിതിയും മറ്റ് അന്താരാഷ്ട്ര ഏജന്‍സികളും അഭിനന്ദിച്ചിട്ടുമുണ്ട്. എന്നാല്‍, ഇന്ത്യ ഇക്കാര്യത്തിലെടുക്കുന്ന സമീപനം അങ്ങേയറ്റം ലജ്ജാകരമാണ്. ഇന്ത്യയിലെത്തിയ അഭയാര്‍ഥികളെ തിരിച്ചയക്കണമെന്നാണ് കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയകക്ഷിയായ ബിജെപി ആവശ്യപ്പെടുന്നത്. പാകിസ്താനിലെ പല തീവ്രവാദ പ്രസ്ഥാനങ്ങളുമായും റോഹിന്‍ഗ്യര്‍ക്ക് ബന്ധമുണ്ടെന്നും അവര്‍ ഇന്ത്യയുടെ സുരക്ഷയ്ക്കു ഭീഷണിയാണെന്നുമൊക്കെയാണ് ബിജെപി നേതാക്കള്‍ പറഞ്ഞത്. കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രിംകോടതിയില്‍ സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ സത്യവാങ്മൂലത്തിലും അതുതന്നെയാണ് പറയുന്നത്. വേദനാജനകവും ലജ്ജാവഹവുമാണ് ഈ നിലപാട്. അഭയാര്‍ഥി സംരക്ഷണം ആഗോളതലത്തില്‍ തന്നെ രാജ്യങ്ങളുടെയും ഭരണകൂടങ്ങളുടെയും ഉത്തരവാദിത്തമാണ്. അതുസംബന്ധിച്ച കൃത്യമായ അന്താരാഷ്ട്ര മാനദണ്ഡങ്ങളും കരാറുകളും നിലനില്‍ക്കുന്നുണ്ട്. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഏജന്‍സികളാണ് അതു പരിശോധിക്കുന്നതും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും. യൂറോപ്പിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും സമീപ വര്‍ഷങ്ങളില്‍ ഇങ്ങനെ വലിയതോതില്‍ അഭയാര്‍ഥികള്‍ എത്തിപ്പെടുകയുണ്ടായി.ആ രാജ്യങ്ങളൊക്കെയും തങ്ങളുടെ അന്താരാഷ്ട്ര ഉത്തരവാദിത്തങ്ങള്‍ പാലിക്കുന്നതിന് ശ്രമിക്കുകയാണ് ചെയ്തിട്ടുള്ളത്. അത് എളുപ്പത്തില്‍ സാധിക്കാവുന്ന കാര്യമല്ല. രാജ്യത്തിനകത്ത് എതിര്‍പ്പുണ്ടാവും. പക്ഷേ, ഏതു രാജ്യത്തിനും അന്താരാഷ്ട്രതലത്തില്‍ തലയുയര്‍ത്തി നില്‍ക്കണമെങ്കില്‍ മനുഷ്യാവകാശങ്ങളുടെ മേഖലയിലെ ഈ സുപ്രധാന ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചേ പറ്റൂ. ഇന്ത്യയ്ക്കും ഇതില്‍ നിന്ന് മാറിനില്‍ക്കാനാവില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss