|    Nov 15 Thu, 2018 12:01 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ഇന്ത്യാ ചരിത്രത്തിന്റെ മോദി വായന

Published : 4th August 2018 | Posted By: kasim kzm

പി എ എം ഹാരിസ്

‘അഞ്ജനമെന്നത് ഞാനറിയും, അത് മഞ്ഞളു പോലെ വെളുത്തിരിക്കും’ എന്നത് മലയാളി പാടിപ്പഴകിയതാണ്. ഇക്കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കവി കബീര്‍ ദാസിനെക്കുറിച്ച് നടത്തിയ പ്രഭാഷണമാണ് ഈ ഈരടികള്‍ വീണ്ടും ഓര്‍മയില്‍ എത്തിച്ചത്. 15ാം നൂറ്റാണ്ടിലെ ഭക്തകവി കബീര്‍ ദാസ് തന്റെ മരണത്തിനു മുമ്പുള്ള മൂന്നു വര്‍ഷം ചെലവഴിച്ച ഉത്തര്‍പ്രദേശിലെ മഗാഹറില്‍ സംഘടിപ്പിച്ച ചരമവാര്‍ഷിക പരിപാടിയിലായിരുന്നു മോദിജിയുടെ പ്രസംഗം. ഒളിച്ചുവച്ച വാക്കുകളില്‍ തിരഞ്ഞെടുപ്പു പ്രചാരണ പ്രഭാഷണമായിരുന്നു മോദിയുടേതെന്ന് വിമര്‍ശകര്‍ പറയുന്നു.
”ആജ് ഹം അപ്‌നെ കേ ബഡാ സൗഭാഗ്യശാലി മനാതനി കീ…” എന്നായിരുന്നു തുടക്കമെന്നാണ് മാധ്യമ വാര്‍ത്ത. ഭോജ്പുരിയില്‍ ‘മനാതനി’ എന്നൊരു പദം തന്നെയില്ലെന്നാണ് വിവരമുള്ളവര്‍ പറയുന്നത്. ആദ്യവാചകത്തില്‍ മോദി ഉദ്ദേശിച്ചത്, മഹാനായ സൂഫി പുണ്യവാളന്‍ കബീര്‍ ദാസ്ജിയുടെ സ്മരണയ്ക്കായി സംഘടിപ്പിച്ച പരിപാടിയില്‍ സംബന്ധിക്കുന്നതിന് ഈ പുണ്യസ്ഥലത്തെത്താനായത് ഭാഗ്യമായി ഞാന്‍ കരുതുന്നുവെന്നായിരിക്കാം. താന്‍ ഭാഗ്യവാനായി സ്വയം കരുതുന്നു, പരിഗണിക്കുന്നു എന്ന അര്‍ഥത്തില്‍ മോദി പറയാന്‍ ഉദ്ദേശിച്ചത് പരിഗണിക്കുന്ന എന്ന് അര്‍ഥം വരുന്ന ‘മനത്ബാനി’ എന്നായിരിക്കാമെന്ന് നാട്ടുകാര്‍ സ്വകാര്യം പറയുന്നു.
‘നീക്’ എന്ന മറ്റൊരു പദവും മോദി പ്രയോഗിച്ചു. ഒരു വസ്തുവിനെയോ വിഷയത്തെയോ കുറിച്ച് പറയാനല്ലാതെ ഒരു വികാരത്തെക്കുറിച്ച് പറയാന്‍ ആ പദം ഭോജ്പുരിയില്‍ ഉപയോഗിക്കാറില്ലെന്നും വിമര്‍ശനമുണ്ട്്. മോശം ഭോജ്പുരി പ്രസംഗിക്കുന്നതിലേറെ പ്രധാനമന്ത്രി നല്ല ഹിന്ദിയില്‍ പ്രസംഗിച്ചാല്‍ എത്ര നന്നായിരുന്നുവെന്നാണ് ശ്രോതാക്കളുടെ പ്രതികരണമെന്ന് മാധ്യമങ്ങള്‍ പറയുന്നു.
കബീര്‍ സൂഫി കവിയാണെന്ന മോദിയുടെ വാക്കുകള്‍ വിവരമുള്ളവര്‍ ചിരിച്ചുതള്ളുന്നു. സൂഫി കവിയായല്ല, ഭക്തപ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ ഉള്‍ക്കൊണ്ട, ഭക്തിപ്രസ്ഥാനത്തിനു വേരും വളവും നല്‍കിയ കവിയായാണ് കബീര്‍ ഇന്ത്യാ ചരിത്രത്തില്‍ ആദരിക്കപ്പെടുന്നത്. ഇസ്‌ലാമിന്റെ മാത്രമല്ല, ഹൈന്ദവതയുടെയും നിരവധി പ്രമാണങ്ങളെ പലപ്പോഴും നിരാകരിച്ച കബീര്‍ സൂഫിയായിരുന്നില്ല. ഇസ്‌ലാമിന്റെ മാത്രമല്ല, ഹൈന്ദവതയുടെയും പല തത്ത്വദര്‍ശനങ്ങളെയും എതിര്‍ത്ത കവിയായിരുന്നു കബീര്‍. മുത്തലാഖിനെതിരേ തന്റെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ അവതരിപ്പിക്കാനും പ്രതിപക്ഷത്തിന് ഒരു കൊട്ട് കൊട്ടാനുമായാണ് മോദി ഈ ശ്രമം നടത്തിയത്.
മോദിയുടെ അവകാശവാദങ്ങളില്‍ ഏറ്റവും പരിഹാസ്യമായത് കബീറും ഗുരു നാനാക്കും ഗുരു ഗോരഖ്‌നാഥും ആത്മീയ ചര്‍ച്ചകള്‍ക്കായി മഗാഹറില്‍ സന്ധിക്കാറുണ്ടായിരുന്നുവെന്ന പ്രസ്താവനയാണ്. ഈ പുണ്യഭൂമിയിലിരുന്ന് അവര്‍ ആധ്യാത്മികത ചര്‍ച്ച ചെയ്തുവെന്നായിരുന്നു വാക്കുകള്‍. ഗുരു ഗോരഖ്‌നാഥ് ജീവിച്ചിരുന്നത് 11-12 നൂറ്റാണ്ടുകളിലായിരുന്നു. 120 വര്‍ഷം ജീവിച്ച കബീറിന്റെ ജീവിതകാലം 14ാം നൂറ്റാണ്ടില്‍ 1398 മുതല്‍ 1518 വരെയായിരുന്നു. കബീര്‍ ജനിച്ച് ഏഴു ദശകങ്ങള്‍ക്കു ശേഷം 1469 മുതല്‍ 1539 വരെ 15, 16 നൂറ്റാണ്ടുകളിലായിരുന്നു ഗുരു നാനാക്ക് ജീവിച്ചത്. ഏതാണ്ട് സമകാലികരായിരുന്ന കബീറും നാനാക്കും കണ്ടിരിക്കാനിടയുണ്ട്. അതിനിടയ്ക്ക് മൂന്നു നൂറ്റാണ്ട് മുമ്പ് ജീവിച്ച ഗുരു ഗോരഖ്‌നാഥിനെ കൂടി സ്ഥാപിക്കുകയായിരുന്നു മോദി.
ചരിത്രവസ്തുതകളോട് ഒരുനിലയ്ക്കുള്ള മാന്യതയും നരേന്ദ്ര മോദി പ്രകടിപ്പിക്കാറില്ല എന്നതിന് ഏതാനും ഉദാഹരണങ്ങളിതാ: അമേരിക്കയില്‍ പ്രസംഗമധ്യേ, കൊണാര്‍ക്കിലെ സൂര്യക്ഷേത്രത്തിനു രണ്ടായിരം വര്‍ഷം പഴക്കമുണ്ടെന്നായിരുന്നു മോദിയുടെ തള്ള്. വിഖ്യാതമായ ഈ ക്ഷേത്രത്തിന് 700 വര്‍ഷം മാത്രമേ പഴക്കമുള്ളൂ. ഗുപ്ത സാമ്രാജ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ നമുക്ക് ഓര്‍മ വരുന്നത് ചന്ദ്രഗുപ്തന്റെ രാഷ്ട്രീയമാണ് എന്നായിരുന്നു മോദിയുടെ മറ്റൊരു മൊഴി. രാഷ്ട്രീയം പരാമര്‍ശിക്കുമ്പോള്‍ അദ്ദേഹം ഉദ്ദേശിച്ച ചന്ദ്രഗുപ്തന്‍ മൗര്യവംശത്തില്‍ പെട്ട ചന്ദ്രഗുപ്ത മൗര്യനാവണം. ഗുപ്ത സമ്രാട്ടുകളില്‍ ഉള്‍പ്പെട്ട ഭരണാധിപന്‍ ചന്ദ്രഗുപ്തന്‍ രണ്ടാമനായിരുന്നു.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും പ്രതിരോധമന്ത്രി കൃഷ്ണ മേനോന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ 1948ല്‍ സംസ്ഥാനത്തു നിന്നുള്ള രണ്ടു സൈനിക മേധാവിമാരായ ഫീല്‍ഡ് മാര്‍ഷല്‍ മനേക് ഷായെയും ജനറല്‍ തിമ്മയ്യയെയും അപമാനിച്ചുവെന്ന് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് കാംപയിനിനിടക്ക് മെയ് 3ന് മോദി തട്ടിവിട്ടു. ഫീല്‍ഡ് മാര്‍ഷല്‍ മനേക് ഷാ ഈ ചിത്രത്തില്‍ വരുന്നില്ല. 1971ലെ ഇന്ത്യ-പാക് യുദ്ധത്തിലാണ് മനേക് ഷാ നേതൃത്വം നല്‍കിയത്.
48ല്‍ ജനറല്‍ കെ എസ് തിമ്മയ്യ കരസേനാ മേധാവിയായിരുന്നില്ല. ബ്രിട്ടിഷ് സൈനികന്‍ റോയി ബുച്ചറായിരുന്നു കരസേനാ മേധാവി. 1949ല്‍ മാത്രമാണ് ആദ്യമായി ഇന്ത്യക്കാരന്‍ (കെ എം കരിയപ്പ) കരസേനാ മേധാവിയായത്. രാഷ്ട്രീയകാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞ കരിയപ്പയെ നെഹ്‌റു സര്‍ക്കാര്‍ ആസ്‌ത്രേലിയയില്‍ ഹൈക്കമ്മീഷണറായി അയച്ചുവെന്നാണ് ചരിത്രം. 48ല്‍ വി കെ കൃഷ്ണ മേനോനല്ല, പ്രഥമ കേന്ദ്ര പ്രതിരോധ മന്ത്രി ബല്‍ദേവ് സിങായിരുന്നു 52 വരെ പ്രതിരോധ മന്ത്രി. നെഹ്‌റുവും കൃഷ്ണ മേനോനും തിമ്മയ്യയും തമ്മിലുള്ള സംഘര്‍ഷം 10 വര്‍ഷം കഴിഞ്ഞ് 59-60 കാലത്തായിരുന്നു. ഇന്ത്യ-പാക് യുദ്ധവുമായി അതിനു ബന്ധമൊന്നുമില്ലെന്നാണ് ചരിത്രവസ്തുതകള്‍.
ഭഗത്‌സിങും ബാതുകേശ്വര്‍ ദത്തും തടവിലടയ്ക്കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അവരെ കാണാന്‍ പോലും സമയമുണ്ടായിരുന്നില്ലെന്ന് മെയ് 12ന് മോദി ആരോപിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു ജയിലിലെത്തി ഭഗത്‌സിങിനെ നേരില്‍ കണ്ടുവെന്നു മാത്രമല്ല, അതേക്കുറിച്ച് തന്റെ ജീവചരിത്രത്തില്‍ രേഖപ്പെടുത്തി വെക്കുകയും ചെയ്തുവെന്നത് അദ്ദേഹം സൗകര്യപൂര്‍വം വിസ്മരിച്ചു.
സമ്പൂര്‍ണ രാഷ്ട്രമീമാംസയില്‍ ബിരുദധാരിയായ മോദി സ്വന്തമായി ചരിത്രം ഉണ്ടാക്കുന്നത് ഇതാദ്യമല്ല. 2013ല്‍ പട്‌നയില്‍ നടന്ന റാലിയില്‍ ബിഹാറിന്റെ ശക്തിയെക്കുറിച്ച് പരാമര്‍ശിക്കവെ അശോക ചക്രവര്‍ത്തി, നാളന്ദ, പാടലീപുത്ര എന്നിവയ്‌ക്കൊപ്പം തക്ഷശിലയും തട്ടിവിട്ടിരുന്നു. തക്ഷശില ബിഹാറിലല്ല, ഇപ്പോള്‍ പാകിസ്താനിലുള്ള പഞ്ചാബിലാണെന്നത് തരിമ്പും പ്രശ്‌നമായില്ല.
ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും ചരിത്രത്തിലും സംഘപരിവാരത്തിന്റെ മഹത്തായ ദര്‍ശനങ്ങള്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും സാദാ മന്ത്രിമാരും ഇടയ്ക്കിടെ ചൊല്ലിത്തരാറുണ്ട്. പുരാതന ഇന്ത്യയില്‍ പ്ലാസ്റ്റിക് സര്‍ജറി ഉദ്ഭവിച്ചതിന്റെ തെളിവാണ് ബാലഗണപതി എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ടെത്തലിലായിരുന്നു തുടക്കം.
മയിലുകള്‍ ലൈംഗിക ബന്ധം പുലര്‍ത്തുന്നില്ലെന്നും പെണ്‍മയില്‍ ആണ്‍മയിലിന്റെ കണ്ണീര്‍ വിഴുങ്ങിയാണ് കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കുന്നതെന്നുമുള്ള രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി മഹേഷ് ശര്‍മയുടെ കണ്ടുപിടിത്തം ലോകത്തെ ചിരിപ്പിച്ചു. ആയിരക്കണക്കിനു വര്‍ഷം മുമ്പ് പുരാതന ഇന്ത്യയില്‍ ഇന്റര്‍നെറ്റ് കണ്ടുപിടിച്ചിട്ടുണ്ടെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് അവകാശപ്പെട്ടിരുന്നു. മഹാഭാരതത്തില്‍ നിന്ന് അതിന് ഉദാഹരണവും നിരത്തി.
ഇന്റര്‍നെറ്റ് മാത്രമല്ല, ഉപഗ്രഹ സാങ്കേതിക വിദ്യ കൂടി നിലവിലിരുന്നുവെന്നാണ് കുരുക്ഷേത്ര യുദ്ധവിവരണം തെളിയിക്കുന്നതെന്നാണ് ദേബ് കാച്ചിയത്. നാരദമുനിയുടെ റോളും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയും സിലോണും തമ്മില്‍ ബന്ധിപ്പിച്ച പാലം പണിതത് രാമായണത്തിലെ ശ്രീരാമന്റെ എന്‍ജിനീയറിങ് വൈദഗ്ധ്യത്തിനു തെളിവായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി സമര്‍ഥിക്കുന്നു. വിമാനങ്ങളെക്കുറിച്ച് രാമായണത്തില്‍ പറയുന്നതായി കേന്ദ്രമന്ത്രി സത്യപാല്‍ സിങ് പ്രസ്താവിച്ചിരുന്നു.
ഈ കണ്ണിയിലേക്കാണ് മോദിയുടെ പുതിയ ചരിത്രവായനയും കടന്നുകയറുന്നത്. സംഘപരിവാരം ഇന്ത്യക്കാരെ മാത്രമല്ല, ലോകത്തെത്തന്നെ ചിരിപ്പിക്കാനുള്ള യത്‌നത്തിലാണ്. ി

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss