|    Apr 25 Wed, 2018 5:51 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ഇന്ത്യാസമുദ്രത്തിലെ പുത്തന്‍ കാവലാള്‍

Published : 15th June 2016 | Posted By: SMR

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

ഇന്ത്യക്കാരായ നമ്മളറിഞ്ഞാലും ഇല്ലെങ്കിലും ഇന്ത്യ രാഷ്ട്രീയമായും സൈനികമായും മാറിക്കഴിഞ്ഞു. അതിന്റെ ചരിത്രപരമായ ഒരു പൊളിച്ചെഴുത്ത് പൂര്‍ത്തിയാക്കാനായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം യുഎസ് സന്ദര്‍ശനം. തുടക്കം തന്നെ വെര്‍ജീനിയയിലെ ആര്‍ലിങ്ടണ്‍ പ്രവിശ്യയിലുള്ള യുഎസ് സൈനിക ശ്മശാനത്തില്‍ ചെന്ന് സൈനികര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചായിരുന്നു; വിയറ്റ്‌നാം, കൊറിയ, ഇറാഖ് ഉള്‍പ്പെടെ അധിനിവേശ കടന്നാക്രമണങ്ങളില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികര്‍ക്ക് അന്ത്യാഭിവാദ്യമര്‍പ്പിച്ച്.
1864ല്‍ തുടങ്ങിയ 624 ഏക്കറില്‍ പരന്നുകിടക്കുന്ന ഈ സൈനിക ശ്മശാനം സന്ദര്‍ശിച്ച് ആദരാഞ്ജലിയര്‍പ്പിക്കുന്ന ആദ്യ ഇന്ത്യന്‍ ഭരണാധികാരിയാണ് മോദി. അമേരിക്കന്‍ ജനതയുടെ മനസ്സാക്ഷിയെ സ്വാധീനിക്കാന്‍ മോദി പറഞ്ഞു: ”സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി അവര്‍ കാണിച്ച ധീരതയെയും ബലിദാനത്തെയും ഞാന്‍ ആദരിക്കുന്നു.” അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ ഇരുസഭകളെയും കാപ്പിറ്റോളില്‍ അഭിസംബോധന ചെയ്തപ്പോഴും അമേരിക്കന്‍ അധിനിവേശ സൈനിക നയത്തിന് ശക്തമായ പിന്തുണ നല്‍കാന്‍ മോദി പ്രത്യേകം ശ്രദ്ധിച്ചു. ഇന്ത്യന്‍ മേഖല സുരക്ഷിതമായി നിലനിര്‍ത്തുന്നതില്‍ അമേരിക്ക നല്‍കുന്ന സംഭാവനയെ പ്രകീര്‍ത്തിച്ചു; അഫ്ഗാനിസ്താനില്‍ നിന്നുള്ള സേനാപിന്മാറ്റം വൈകിക്കുന്നതിനെയും.
മൂന്നുപതിറ്റാണ്ട് മുമ്പ് അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ പ്രസംഗിച്ച പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ അഫ്ഗാന്‍ നിലപാടില്‍നിന്ന് വ്യത്യസ്തമായിരുന്നു ഇത്. അന്ന് അഫ്ഗാനിസ്താനില്‍ പ്രസിഡന്റ് ബാബ്‌റക് കാര്‍മല്‍ ഗവണ്‍മെന്റിനെ സംരക്ഷിക്കാന്‍ സൈന്യത്തെ അയച്ച സോവിയറ്റ് നടപടിക്കൊപ്പമായിരുന്നു ഇന്ത്യ. അമേരിക്ക മറിച്ചും. ദക്ഷിണ ചൈനാ കടലിലെ ജലപാത സംബന്ധിച്ച തര്‍ക്കത്തെയും മോദി പ്രസംഗത്തില്‍ പരോക്ഷമായി പരാമര്‍ശിച്ചു. കടലില്‍ ജലഗതാഗതത്തിന് സ്വാതന്ത്ര്യം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ആഗോള തീവ്രവാദത്തിനെതിരേ ആഞ്ഞടിച്ചപ്പോഴും അതിന്റെ പ്രഭവകേന്ദ്രം ഇന്ത്യയുടെ അയല്‍പക്കത്താണെന്ന് പാകിസ്താനെതിരേ വിരല്‍ചൂണ്ടി.
ബറാക് ഒബാമയും മോദിയും തമ്മില്‍ ഉറപ്പിച്ച സൗഹൃദം സ്ഥായിയായി നിലനിര്‍ത്തുന്നതിനുള്ള എല്ലാ നീക്കങ്ങളും ഈ സന്ദര്‍ശനത്തോടെ മോദി പൂര്‍ത്തിയാക്കി; അടുത്ത നവംബര്‍ 8ന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിലേക്കു കടക്കുന്നതിനു മുമ്പ്. ഏഷ്യാ-പസഫിക് മേഖലയില്‍ ഇന്ത്യയും അമേരിക്കയും ആഗോള പങ്കാളിത്തശക്തികളായി ഭാവിയില്‍ പ്രവര്‍ത്തിക്കും. ഇന്ത്യാസമുദ്രത്തിലെ അമേരിക്കന്‍ സുരക്ഷാ ഉല്‍ക്കണ്ഠകള്‍ ഇന്ത്യ ഏറ്റെടുക്കും. നാറ്റോയില്‍ അംഗമല്ലാത്ത ഇന്ത്യക്ക് തത്തുല്യമായ പദവിയും പങ്കാളിത്തവും അമേരിക്ക ഉറപ്പാക്കും.
കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ രൂപപ്പെടുത്തിയ കാര്യപരിപാടികള്‍ ഏകീകരിക്കുന്നതാണ് മോദിയുടെ ഇത്തവണത്തെ സന്ദര്‍ശനം. ഇത് വാജ്‌പേയിയുടെ കാലത്ത് തുടങ്ങി മന്‍മോഹന്‍സിങിന്റെ ഗവണ്‍മെന്റ് മുന്നോട്ടുകൊണ്ടുപോയതാണ്. ഒബാമയും നരേന്ദ്രമോദിയും ചേര്‍ന്ന് പിന്നീട് വികസിപ്പിച്ചെടുത്തതാണ് രാഷ്ട്രീയ-സൈനിക സംയുക്ത പ്രവര്‍ത്തന രൂപരേഖ.
ഒബാമയുടെ പിന്‍ഗാമി ഡെമോക്രാറ്റിക് പ്രതിനിധി ഹിലരിയെ പരാജയപ്പെടുത്തി റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപ് ആവാനും സാധ്യതയുണ്ട്. അപ്പോഴും ഈ പങ്കാളിത്തം നഷ്ടപ്പെടരുതെന്ന് ഇരുനേതാക്കളും ഉല്‍ക്കണ്ഠപ്പെടുന്നു. കാലാവസ്ഥാമാറ്റം സംബന്ധിച്ച പാരിസ് ഉടമ്പടിയില്‍ ഈ വര്‍ഷാവസാനം ഇന്ത്യ ചേരുമെന്നുള്ള മോദിയുടെ പ്രഖ്യാപനം ഉദാഹരണം. പാരിസ് ഉടമ്പടി റദ്ദ് ചെയ്യുമെന്നു പ്രതിജ്ഞയെടുത്തിരിക്കുകയാണ് ട്രംപ്. അമേരിക്കയ്ക്കും ചൈനക്കും പിറകെ ഇന്ത്യ കൂടി ഉടമ്പടിയില്‍ ഒപ്പിട്ടാല്‍ കരാര്‍ പ്രാബല്യത്തില്‍ വരും. ജനുവരിയില്‍ പുതിയ അമേരിക്കന്‍ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിനു മുമ്പ് അംഗീകാരത്തിനു വേണ്ട രാജ്യങ്ങളുടെ പിന്തുണയും പൂര്‍ത്തിയാവും. ഉടമ്പടി റദ്ദാക്കാനോ നാലുവര്‍ഷം കഴിയാതെ അമേരിക്കയ്ക്ക് പിന്മാറാനോ കഴിയില്ല. ട്രംപിന്റെ പ്രതിജ്ഞ പാഴാവും. ആറ് ആണവ റിയാക്റ്ററുകളാണ് ഇന്ത്യ അമേരിക്കയില്‍നിന്ന് ഉടന്‍ വാങ്ങുക. അപകടമുണ്ടായാലുള്ള ബാധ്യത സംബന്ധിച്ച വിഷയത്തിലാണ് യുപിഎ ഗവണ്‍മെന്റ് കരാര്‍ പൂര്‍ത്തിയാക്കാഞ്ഞത്. ഈ ആണവ ഉടമ്പടി സംബന്ധിച്ച എതിര്‍പ്പുകാരണമാണ് ഇടതുപക്ഷം അന്ന് യുപിഎ ഗവണ്‍മെന്റിന് പിന്തുണ പിന്‍വലിച്ചത്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള പങ്കാളിത്തമാക്കി മാറ്റിക്കഴിഞ്ഞു. പാകിസ്താനടക്കമുള്ള മറ്റ് സൈനിക പങ്കാളികളില്‍നിന്ന് വ്യത്യസ്തമായി തുല്യപങ്കാളിത്തമായും ഒബാമ പ്രഖ്യാപിച്ചു. പ്രതിരോധരംഗത്തെ പങ്കാളിയെന്ന നിലയ്ക്ക് ഇന്ത്യക്ക് ലഭ്യമല്ലാതിരുന്ന അത്യാധുനിക ആളില്ലാ നിരീക്ഷണവിമാനങ്ങളടക്കമുള്ള സൈനിക സാമഗ്രികളും അതിന്റെ ഉല്‍പാദന ഫോര്‍മുലകളും ഇന്ത്യക്ക് ഇനി ലഭിക്കും.
ഇരുരാജ്യങ്ങളുടെയും താല്‍പര്യമെന്നു പറയുമ്പോള്‍ ഏഷ്യന്‍-പസഫിക് മേഖലയില്‍ വന്‍ സാമ്പത്തിക-ആയുധ ശക്തിയായി നില്‍ക്കുന്ന ചൈനയെയാണ് അമേരിക്ക ഭയപ്പെടുന്നത്. കമ്മ്യൂണിസത്തോട് സന്ധിയില്ലാത്ത കടുത്ത ആര്‍എസ്എസ് രാഷ്ട്രീയമുള്ള മോദിയെ സഹായിയായി ഒബാമ കണ്ടെത്തി. തന്റെയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും നേതൃത്വം നഷ്ടപ്പെട്ടാലും അത് സ്ഥായിയായ രാഷ്ട്രീയ-സൈനിക ബന്ധമായി നിലനിര്‍ത്താനാണ് ഒബാമ പരിശ്രമിക്കുന്നത്. ഇക്കാര്യത്തിലുള്ള ഒബാമയുടെ ആത്മാര്‍ഥതയോടാണ് മോദി പ്രതികരിച്ചത്. അസാധാരണ പങ്കാളിത്തമെന്ന് അമേരിക്ക ഇതിനെ വിശേഷിപ്പിച്ചിരുന്നു. അമേരിക്കയ്ക്കാവട്ടെ ആയുധനിര്‍മാണവും വില്‍പനയും പുതിയ രാഷ്ട്രീയ പരിതസ്ഥിതിയില്‍ ഇന്ത്യയിലേക്ക് മാറ്റാന്‍ കഴിയും;മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ഇരുരാജ്യങ്ങളുടെയും നിക്ഷേപപ്രശ്‌നങ്ങള്‍ക്കും തൊഴിലില്ലായ്മയ്ക്കും കുറേ പരിഹാരം കാണാനും. മാത്രമല്ല, അമേരിക്കയും സഖ്യശക്തികളും ചെയ്തതുപോലെ അവര്‍ക്കൊപ്പം ആഗോളതലത്തിലെ ആയുധവില്‍പനയില്‍ മുഖ്യ പങ്കാളിയാവാനും ഈ സംയുക്തസംരംഭങ്ങള്‍ വഴിയൊരുക്കും.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഈ പുതിയ സവിശേഷ പങ്കാളിത്തം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുമായുള്ള ബന്ധത്തില്‍ അടിയന്തര മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. 1974ല്‍ ഇന്ത്യ ആണവപരീക്ഷണം നടത്തി. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാന്‍ വിസമ്മതിച്ചു. ഇന്ത്യക്കെതിരേ അമേരിക്കന്‍ പിന്തുണയോടെ തുടര്‍ന്ന് രൂപപ്പെടുത്തിയ അന്താരാഷ്ട്ര അനൗപചാരിക സംഘമാണ് ന്യൂക്ലിയര്‍ സപ്ലൈയേഴ്‌സ് ഗ്രൂപ്പ് (എന്‍എസ്ജി); ഇന്ത്യക്ക് ആണവസാമഗ്രികള്‍ നിഷേധിച്ച് ഉപരോധം ശക്തിപ്പെടുത്താന്‍. ആ എന്‍എസ്ജിയില്‍ അംഗത്വത്തിനാണ് മോദി അപേക്ഷ നല്‍കിയിട്ടുള്ളത്. അതിനു പിന്തുണ തേടാനാണ് നെതര്‍ലന്‍ഡ്‌സും മെക്‌സിക്കോയും ഇന്ത്യന്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. ഇന്ത്യയെ എതിര്‍ത്തിരുന്ന മറ്റൊരു രാജ്യമായ ഇറ്റലി അവരുടെ കൊലക്കേസ് പ്രതികളായ രണ്ട് നാവിക ഉദ്യോഗസ്ഥരെ ഇന്ത്യ വിട്ടുകൊടുത്തതോടെ എന്‍എസ്ജിയില്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയ ചേരിചേരാപ്രസ്ഥാനം അതിന്റെ അധ്യക്ഷപദവിയിലിരുന്ന് ഇന്ദിരാഗാന്ധി തന്റെ കാലംവരെ മുന്നോട്ടു കൊണ്ടുപോയി. ഇന്ത്യയെ ആണവശക്തിയാക്കിയ ഇന്ദിരയുടെ ഗവണ്‍മെന്റിന്റെ വിദേശ-പ്രതിരോധ നയങ്ങള്‍ വിജയിപ്പിക്കാന്‍ നമ്മുടെ ശാസ്ത്രജ്ഞരും സൈനികനേതൃത്വവും സ്വാശ്രയ നിലപാടിലൂന്നി രാജ്യത്തെ ബഹുദൂരം കൊണ്ടുപോയി.
പക്ഷേ ഏകധ്രുവലോകത്ത് ഇന്ത്യ ലോകപോലിസിന്റെ യൂനിഫോം ഏറ്റെടുക്കുകയാണ്. വൈറ്റ്ഹൗസിലെ ഓവല്‍ ഓഫിസിലും കാപ്പിറ്റോളിലെ അമേരിക്കന്‍ നിയമനിര്‍മാണസഭയിലും മോദി ഉപയോഗിച്ച നയതന്ത്രപദങ്ങളുടെ ആന്തരാര്‍ഥം അതു വ്യക്തമാക്കുന്നു. ഒരു പുതിയ ആഗോള രാഷ്ട്രീയത്തിലേക്കും ചരിത്രത്തിലേക്കും ഇന്ത്യ കാലെടുത്തുവയ്ക്കുകയാണ്; അമേരിക്കയ്‌ക്കൊപ്പം ധൃതിപ്പെട്ട് മോദിയുടെ ഇന്ത്യ.

കടപ്പാട്: വള്ളിക്കുന്ന് ഓണ്‍ലൈന്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss