|    Feb 27 Mon, 2017 12:43 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്ത്യയെ കിവികള്‍ റാഞ്ചി

Published : 27th October 2016 | Posted By: SMR

റാഞ്ചി: ഇന്ത്യ-ന്യൂസിലന്‍ഡ് നാലാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് ജയം. 19 റണ്‍സിനാണ് ആതിഥേയരായ ഇന്ത്യയെ കിവീസ് മുട്ടുകുത്തിച്ചത്. ജയത്തോടെ അഞ്ച് മല്‍സര പരമ്പരയില്‍ ഇന്ത്യയും-ന്യൂസിലന്‍ഡും 2-2 ജയവുമായി സമനിലയിലെത്തി. മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റ(72) വെടിക്കെട്ട് ബാറ്റിങ്ങും ടിം സൗത്തിയുടെ സൂപ്പര്‍ ബൗളിങ്ങുമാണ് ഇന്ത്യന്‍ വിജയ പ്രതീക്ഷകളെ തകര്‍ത്തത്. ട്രന്റ് ബോള്‍ട്ടും ജെയിംസ് നിഷാമും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി കിവീസിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.
ടോസ് നേടിയ കിവീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരങ്ങളില്‍ നിന്ന് വിപരീതമായി തുടക്കം മുതലേ കിവീസ് ബാറ്റ്‌സ്മാന്‍മാര്‍ അക്രമിച്ചു കളിച്ചു. തുടര്‍ച്ചയായ പരാജയങ്ങലില്‍ നിന്ന് ഫോമിലേക്കുയര്‍ന്ന മാര്‍ട്ടിന് ഗുപ്റ്റില്‍ തുടക്കത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കുമുകളില്‍ സര്‍വാധിപത്യം സ്ഥാപിച്ചു. ആദ്യ അഞ്ച് ഓവറുകള്‍ക്കുള്ളില്‍ത്തന്നെ ടോം ലാദവും ഗുപ്റ്റിലും ചേര്‍ന്ന് ടീം സ്‌കോര്‍ 50 കടത്തി. ഗുപ്റ്റില്‍ വെടിക്കെട്ടു ബാറ്റിങ്ങുമായി മുന്നേറിയപ്പോള്‍ ടോം ലാദം സ്‌ട്രൈക്ക് കൈമാറിക്കൊടുത്തു. ആദ്യ മൂന്ന് ഏകദിനങ്ങളിലും ഗുപ്റ്റിലിന്റെ വിക്കറ്റെടുത്ത ഉമേഷ് യാദവിനും മികവാവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.ഫാസ്റ്റ് ബൗളേഴ്‌സ് നന്നായി അടി വാങ്ങിയെപ്പോള്‍ കിവീസ് സ്‌കോര്‍ 10 ഓവറില്‍ 90 റണ്‍സ് പിന്നിട്ടു.
ഗുപ്റ്റില്‍ 84 ബൗളില്‍ 12 ഫോറുകളടക്കം 72 റണ്‍സ് നേടിയപ്പോള്‍ ലാദം നാല് ബൗണ്ടറിയടക്കം 39 റണ്‍സും വാരിക്കൂട്ടി. ഇന്ത്യന്‍ യുവ ബൗളര്‍ ജസ്പ്രീത് ബുംറയെ പുറത്തിരുത്തി നവാല്‍ കുല്‍ക്കര്‍ണിക്ക് പ്ലേയിങ് ഇലവനില്‍ അവസരം നല്‍കിയെങ്കിലും ഫലം കണ്ടില്ല. ആദ്യ സ്‌പെല്ലില്‍ മൂന്ന് ഓവറുകളില്‍ 34 റണ്‍സ് വഴങ്ങിയ കുല്‍ക്കര്‍ണി ഗുപ്റ്റിലിന്റെ ബാറ്റിങ് ചൂട് നന്നായി അറിഞ്ഞു. തല്ലിതകര്‍ത്ത് കിവീസ് ബാറ്റ്‌സ്മാന്‍മാര്‍ സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്തവേ 13 ാം ഓവറില്‍ത്തന്നെ ധോണി സ്പിന്‍ ബൗളേഴ്‌സിനെ പരീക്ഷിച്ചു.  ഒടുവില്‍ 15ാം ഓവറില്‍ അക്ഷര്‍ പട്ടേല്‍ ഓപണിങ്ങ് കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യക്ക് ആത്മവിശ്വസമേകി.
ഓപണിങ്ങ് വിക്കറ്റുപോയിട്ടും അക്രമണകരമായി മുന്നേറിയ ഗുപ്റ്റിലെ ഒടുവില്‍ ഹര്‍ദിക് പാണ്ഡ്യ വിക്കറ്റിന് മുന്നില്‍ കുരുക്കി. പാണ്ഡ്യയുടെ ലൈന്‍ ബൗളില്‍ അനാവശ്യമായി ബാറ്റ്‌വെച്ച് ധോണിക്ക് ക്യാച്ച് നല്‍കി ഗുപ്റ്റില്‍ മടങ്ങുമ്പോള്‍ ടീം സ്‌കോര്‍ 25 ഓവറില്‍ 138 ന് രണ്ട് എന്ന നിലയിലായിരുന്നു.
മൂന്നാം വിക്കറ്റിലിറങ്ങിയ കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ റോസ് ടെയ്‌ലറുമായിച്ചേര്‍ന്ന് ടീമിന്റെ സ്‌കോര്‍ പതിയെ ഉയര്‍ത്തിക്കൊണ്ടു വന്നു.  35ാം ഓവറില്‍ മിശ്രയുടെ സൂപ്പര്‍ ബൗളില്‍ വില്യംസണ്‍(41) ധോണിക്ക് ക്യാച്ച് നല്‍കി മടങ്ങി. കഴിഞ്ഞ മല്‍സരത്തില്‍ വാലറ്റത്ത് നടത്തിയ മികച്ച പ്രകടനത്തിന് ബാറ്റിങ്ങില്‍ പ്രമോഷന്‍ കിട്ടി ഇറങ്ങിയ ജയിംസ് നിഷാമിനും നിലയുറപ്പിക്കാനായില്ല. ബൗണ്ടറി നേടി നിലയുറപ്പിക്കാന്‍ ശ്രമിച്ച നിഷാമിനെ(6) മിശ്രയുടെ ബൗളില്‍ സൂപ്പര്‍ ക്യാച്ചിലൂടെ കോഹ്‌ലി പുറത്താക്കി.
ഒരു ഘട്ടത്തില്‍ 300 കടക്കുമെന്നു തോന്നിച്ച കിവീസ് ഇന്നിങ്‌സിനെ അച്ചടക്കമുള്ള ബൗളിങ്ങുമായി ഇന്ത്യന്‍ താരങ്ങള്‍ പിടിച്ചു നിര്‍ത്തി. ഒരറ്റത്ത് പൊരുതിന്ന റോസ് ടെയ്‌ലറെ(34) ധോണി റണ്‍ ഔട്ട് ആക്കി.   അവസാന ഓവറുകളില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ യാദവും കുല്‍ക്കര്‍ണിയും  കിവീസിനെ ഏഴ് വിക്കറ്റിന് 260 എന്ന സ്‌കോറിലൊതുക്കി.
അമിത് മിശ്ര രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഉമേഷ് യാദവും, പട്ടേലും, പാണ്ഡ്യയും, കുല്‍ക്കര്‍ണിയും ഓരോ വിക്കറ്റുകളും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങില്‍ കരുതലോടെ തന്നെ ഇന്ത്യയും തുടങ്ങി.  അജന്‍ഹിയ രഹാനെ കൂടുതല്‍ ഉത്തരവാധിത്വത്തോടെ ബാറ്റു വീശിയപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിന് പതിയെ ജീവന്‍വെച്ചു. അലക്ഷ്യമായി ബാറ്റ് വീശിയ രോഹിത് ശര്‍മ 11 റണ്‍സുമായി മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ 19 റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം.
എന്നാല്‍ രണ്ടാം വിക്കറ്റില്‍ കോഹ്‌ലി-രഹാനെ സഖ്യം ടീമിന്റെ സ്‌കോര്‍ബോര്‍ഡിനെ കരുതലോടെ മുന്നോട്ടു നയിച്ചു. മികച്ച കീതിയില്‍ ബാറ്റി വീശിയ കോഹ്‌ലിയെ(45) മടക്കി സോത്തി കിവീസിന് വിജയ പ്രതീക്ഷകള്‍ നല്‍കി.
ആതികം വൈകാതെ അര്‍ധസെഞ്ച്വറി നേടി മികച്ച ഫോമില്‍ ബാറ്റ് ചെയ്തിരുന്ന രഹാനയെ(57) ജെയിംസ് നിഷാം എല്‍ബിയില്‍ കുരുക്കി ഇന്ത്യക്ക് സമ്മര്‍ദം നല്‍കി. 27 ഓവറില്‍ 128 എന്ന മാന്യമായ സ്‌കോറില്‍ നില്‍ക്കെ നിഷാം വീണ്ടും അന്തകനായി. 11 റണ്‍സില്‍നില്‍ക്കെ ധോണിയെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് നിഷാം കിവീസിന്റെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു. പിന്നീടു വന്നവരെ പിടിച്ചുനില്‍ക്കാന്‍ അനുവദിക്കാതെ എറിഞ്ഞിട്ട കിവീസ് നിര ഇന്ത്യയെ 48 ഓവറില്‍ 241 റണ്‍സിന് കൂടാരം കയറ്റി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day