|    Jul 19 Thu, 2018 8:54 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഇന്ത്യയുടെ സിംഹള വേട്ടയില്‍ പിറന്ന ചരിത്ര റെക്കോഡുകള്‍

Published : 5th September 2017 | Posted By: ev sports

കൊളംബോ: എംഎസ് ധോണിയുടെ കൈകളില്‍ നിന്ന് ഇന്ത്യയുടെ നായക സ്ഥാനം വിരാട് കോഹ്‌ലി ഏറ്റെടുക്കുമ്പോള്‍ ആശങ്കളും ആകുലതകളും ഏറെയായിരുന്നു. എന്നാല്‍ അത്തരം പ്രതിസന്ധികളെ ബാറ്റുകൊണ്ട് കളിക്കളത്തില്‍ വെട്ടിവീഴ്ത്തിയ ഇന്ത്യയുടെ വീര ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഇന്ത്യന്‍ ക്രിക്കറ്റ്് ടീമിന് സമ്മാനിക്കുന്നത് ചരിത്രം വിജയങ്ങളാണ്. ശ്രീലങ്കയെ അവരുടെ നാട്ടില്‍ കണ്ണീര്‍ കയത്തില്‍ മുക്കി വിരാട് കോഹ്‌ലിയും സംഘവും ജൈത്രയാത്ര തുടരുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ 2019 ലോകകപ്പിലെ പ്രതീക്ഷകളും സജീവമാവുന്നു.
ശ്രീലങ്കയെ 3-0 ന് ടെസ്റ്റില്‍ കീഴ്‌പ്പെടുത്തിയതിന് പിന്നാലെ ഏകദിന പരമ്പര 5-0നും ഇന്ത്യ സ്വന്തമാക്കി. ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താന് മുന്നില്‍ കിരീടം സമര്‍പ്പിക്കേണ്ടി വന്ന ഇന്ത്യന്‍ ടീമിന് ലഭിച്ച ചീത്തപ്പേര് തുടര്‍ജയങ്ങള്‍ കൊണ്ട് ഇന്ത്യന്‍ താരങ്ങള്‍ മായ്ച്ച് കളഞ്ഞു. ഏകപക്ഷീയമായി ഏകദിന പരമ്പര സ്വന്തമാക്കിയ  ഇന്ത്യന്‍ ക്രിക്കറ്റിന് എന്നെന്നും ഓര്‍മിക്കാന്‍ വക നല്‍കുന്ന ചില ചരിത്ര നേട്ടങ്ങളും ശ്രീലങ്കന്‍ മണ്ണില്‍ പിറന്നു. അതില്‍ പ്രധാനം കോഹ്‌ലിയുടെ ബാറ്റിങ് മികവ് തന്നെയാണ്.
പരമ്പരയിലെ നാലും അഞ്ചും ഏകദിനങ്ങളിലെ സെഞ്ച്വറി നേട്ടത്തോടെ 30 സെഞ്ച്വറികള്‍ അക്കൗണ്ടിലാക്കിയ കോഹ്‌ലിക്ക് മുന്നില്‍ ഇനി വഴിമാറേണ്ടത് 49 സെഞ്ച്വറികളുള്ള സചിന്റെ റെക്കോഡ് മാത്രമാണ്. നിലവില്‍ 30 സെഞ്ച്വറികളുള്ള മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങിനൊപ്പം രണ്ടാം സ്ഥാനത്താണ് കോഹ്‌ലിയുള്ളത്. അതോടൊപ്പം ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡില്‍ കോഹ്‌ലി രണ്ടാം സ്ഥാനത്തേക്കുമെത്തി. ശ്രീലങ്കയ്‌ക്കെതിരെ എട്ട് സെഞ്ച്വറികളാണ് കോഹ്‌ലി അടിച്ചെടുത്തത്. ഈ നേട്ടത്തില്‍ ആസ്‌ത്രേലിയക്കെതിരെ ഒമ്പത് സെഞ്ച്വറി നേടിയ സചിനാണ് കോഹ്‌ലിക്ക് മുന്നിലുള്ളത്. കോഹ്‌ലിയുടെ മറ്റൊരു നേട്ടം ഏഷ്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരിക്കെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരങ്ങളില്‍ 18 സെഞ്ച്വറികളുമായി കോഹ്‌ലി മഹേല ജയവര്‍ധനയ്‌ക്കൊപ്പമെത്തി. വിദേശ മണ്ണില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടുന്ന ഇന്ത്യന്‍നായകനെന്ന ബഹുമതിയില്‍ കോഹ്‌ലി ഗാംഗുലിക്കൊപ്പമെത്തി. 2017 വര്‍ഷത്തിലെ ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സ് നേടുന്ന താരമെന്ന റെക്കോഡില്‍ കോഹ്‌ലിയാണ് മുന്നിലുള്ളത്. 92.45 ശരാശരിയില്‍ 1017 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം. ശ്രീലങ്കയ്‌ക്കെതിരെ അഞ്ച് മല്‍സരങ്ങളില്‍ നിന്ന് 110 ശരാശരിയില്‍ 330 റണ്‍സാണ് കോഹ്‌ലി അടിച്ചെടുത്തത്.
മറ്റൊരു നേട്ടം സ്റ്റംപിങില്‍ ചരിത്രം രചിച്ച എംഎസ് ധോണിയുടെ പ്രകടനമാണ്. സ്റ്റംപിങില്‍ സെഞ്ച്വറി തികച്ച ധോണി തിരുത്തി എഴുതിയത് ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം കുമാര്‍ സംഗക്കാരയുടെ 99 സ്റ്റംപിങ് എന്ന നേട്ടമാണ്. അതേ പോലെ ഇന്ത്യക്കുവേണ്ടി 300 ഏകദിനങ്ങള്‍ പിന്നിട്ട ധോണി ഏറ്റവും കൂടുതല്‍ മല്‍സരം കളിച്ച വിക്കറ്റ് കീപ്പര്‍ എന്ന നേട്ടവും സ്വന്തമാക്കി. 468 മല്‍സരം കളിച്ച ധോണി ദക്ഷിണാഫ്രിക്കയുടെ മാര്‍ക്ക് ബൗച്ചറുടെ 467 മല്‍സരങ്ങളുടെ റെക്കോഡിനെയാണ് കടത്തിവെട്ടിയത്. ധോണിയുടെ പ്രകടനത്തെക്കുറിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പ്രതികരിച്ചത് ധോണി 4 ജിയേക്കാളും വേഗതയുള്ളയുള്ള താരം എന്നാണ്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ പുറത്താവാതെ നിന്ന താരമെന്ന റെക്കോഡും ധോണി സ്വന്തമാക്കി. 301 മല്‍സരങ്ങളില്‍ നിന്ന് 74 തവണ പുറത്താവാതെ നിന്ന ധോണി ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ഷോണ്‍ പൊള്ളോക്കിന്റെ (72) റെക്കോഡാണ് മറികടന്നത്.
ഒരു ടീമിനെതിരെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡില്‍  ശിഖാര്‍ ധവാന്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി. ആറ് അര്‍ധ സെഞ്ച്വറികളാണ് ധവാന്‍ തുടര്‍ച്ചയായി ശ്രീലങ്കയ്‌ക്കെതിരെ നേടുന്നത്. 1985- 87 കാലഘട്ടത്തില്‍ പാകിസ്താന്‍ ഇതിഹാസ താരം ജാവേദ് മിയാന്‍ദാദ് ഇംഗ്ലണ്ടിനെതിരെ കുറിച്ച ഏഴ് തുടര്‍ച്ചയായി അര്‍ധ സെഞ്ച്വറികളാണ് ഈ നേട്ടത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്.
ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടും ഈ പരമ്പരയിലൂടെ പിറന്നു. കൊളംബോയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ വിരാട് കോഹ് ലിയും – രോഹിത് ശര്‍മയും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 219 റണ്‍സാണ് നിലവിലെ ഏറ്റവും ഉയര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട്. ധവാന്‍ – കോഹ്‌ലി(197), ധോണി – ഗൗതം ഗംഭീര്‍ (188), തിലകര്‌ന ദില്‍ഷന്‍ – കുമാര്‍ സംഗക്കാര (184), ഹെര്‍ഷല്‍ ഗിബ്‌സ് – ജാക്‌സ് കാലീസ് (178) എന്നിവരുടെ കൂട്ടുകെട്ടുകളാണ് കൊളംബോയില്‍ പഴങ്കഥയായത്.
അതേ പോലെ എട്ടാം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടെന്ന റെക്കോഡും ധോണിയും – ഭുവനേശ്വര്‍ കുമാറും നേടിയെടുത്തു. പല്ലക്കലെയില്‍ നടന്ന മല്‍സരത്തില്‍ എട്ടാം വിക്കറ്റില്‍ 100 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇരുവരും ചരിത്രം കുറിച്ചത്. ഹര്‍ഭജന്‍ സിങ് –  പ്രവീണ്‍ കുമാര്‍ (84) എന്നിവരുടെ റെക്കോഡാണ് ധോണിയും ഭുവിയും ചേര്‍ന്ന് മറികടന്നത്.
ഏകദിനത്തിലെ ഇന്ത്യയുടെ റണ്‍വേട്ടക്കാരുടെ പട്ടികയിലും ധോണി നേട്ടം കൊയ്തു. മുഹമ്മദ് അസ്ഹറുദ്ദീനെ (9378) പിന്നിലാക്കി ഇന്ത്യയുടെ ഏകദിന റണ്‍ വേട്ടക്കാരില്‍ നാലാം സ്ഥാനത്തേക്ക് ധോണി (9484) ഉയര്‍ന്നു. മുന്നില്‍ രാഹുല്‍ ദ്രാവിഡും (10768), സൗരവ് ഗാംഗുലി (11221), സചിന്‍ ടെണ്ടുല്‍ക്കര്‍ (18426) എന്നിവരാണുള്ളത്.
ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്ന വിക്കറ്റ് കീപ്പര്‍ എന്ന നേട്ടത്തില്‍ ധോണി സംഗക്കാരയ്‌ക്കൊപ്പമെത്തി. സംഗക്കാര ഇന്ത്യക്കെതിരെ 18 അര്‍ധ സെഞ്ച്വറികള്‍ നേടിയപ്പോള്‍ ധോണി 18 അര്‍ധ സെഞ്ച്വറികള്‍ ശ്രീലങ്കയ്‌ക്കെതിരെയും അടിച്ചെടുത്തു. വിദേശ മണ്ണില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരങ്ങളില്‍ 18 സെഞ്ച്വറികളുമായി കോഹ്‌ലി ഗാംഗുലിക്കൊപ്പം മൂന്നാം സ്ഥാനത്തേക്കെത്തി.
ബൗളിങില്‍ ഇന്ത്യയുടെ രണ്ട് ഫാസ്റ്റ് ബൗളര്‍ ഒരു പമ്പരയില്‍ തന്നെ അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ചവയ്ക്കുന്നത് ഇതാദ്യമായാണ്. മൂന്നാം ഏകദിനത്തില്‍ ജസ്പ്രീത് ബൂംറ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അഞ്ചാം ഏകദിനത്തില്‍ ഭുവനേശ്വര്‍ കുമാറും അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss