|    Oct 22 Mon, 2018 7:52 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഇന്ത്യയുടെ വളര്‍ച്ചയ്ക്കുതകുന്ന ആശയങ്ങളുമായി എന്‍ആര്‍ഐകള്‍

Published : 9th January 2017 | Posted By: fsq

കൊച്ചി: ഇന്ത്യയുടെ വളര്‍ച്ചയ്ക്കായി പുതിയ ആശയങ്ങളുമായി വിദേശ ഇന്ത്യക്കാര്‍ പ്രവാസി ഭാരതീയ ദിവസ് ആഘോഷത്തില്‍ പങ്കെടുത്തു. പുരോഗമനപരമായ നയങ്ങളുമായി സാമ്പത്തിക വളര്‍ച്ച ഉറ്റുനോക്കുന്ന ഇന്ത്യയുടെ വളര്‍ച്ചയിലും വികസനത്തിലും പങ്കാളികളാവുന്നതിനുള്ള അവസരമാണ്. പ്രവാസി ഭാരത് ദിവസിന്റെ തലേന്ന് പ്രധാനമന്ത്രിയുമായി നേരിട്ട് ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ ഏതാനും എന്‍ആര്‍ഐകള്‍ക്ക് കഴിഞ്ഞു. ഇന്ത്യയെ മികച്ച ശക്തികേന്ദ്രമായി മാറ്റുന്നതിന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ ഏതാനും നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. എന്‍ആര്‍ഐകളെ മാതൃരാജ്യവുമായി ബന്ധിപ്പിക്കുന്നതിനും  അവരുടെ പക്കല്‍ ലഭ്യമായ സമ്പത്ത് ഉപയോഗപ്പെടുത്തുന്നതിനുമുള്ള ആശയങ്ങളാണ് ഡോ. മൂപ്പന്‍ മുന്നോട്ടുവച്ചത്. എന്‍ആര്‍ഐകളുടെ കൈവശമുള്ള വന്‍തോതിലുള്ള സമ്പത്ത് ഉപയോഗപ്പെടുത്തി അടിസ്ഥാന സൗകര്യരംഗത്തെ വന്‍വളര്‍ച്ചയ്ക്കായി ഉപയോഗപ്പെടുത്താന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ആകര്‍ഷകമായ റിട്ടേണോടുകൂടിയ ഒരു എന്‍ആര്‍ഐ ബോണ്ട് പുറത്തിറക്കിയാല്‍ സുരക്ഷിതമായ നിക്ഷേപമെന്ന നിലയില്‍ മികച്ച രീതിയില്‍ ധനസമാഹരണം നടത്താന്‍ വഴിയൊരുക്കും. ഇത് അടുത്ത ബജറ്റില്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് മൂപ്പന്‍ പറഞ്ഞു. ആരോഗ്യടൂറിസം രംഗമാണ് ഏറെ സാധ്യതകളുള്ള മറ്റൊരു മേഖല. ഇന്ത്യയെ ഹോളിസ്റ്റിക് ആരോഗ്യ, വെല്‍നസ് കേന്ദ്രമായി വളര്‍ത്തിയെടുക്കണം. ഇത് ആരോഗ്യ ടൂറിസം രംഗത്തെ ഒഴുക്ക് വര്‍ധിപ്പിക്കാന്‍ സാധിക്കും. പ്രവാസി ഭാരത് ദിവസ് സമ്മേളനത്തില്‍ ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന പാനലില്‍ പങ്കെടുക്കുന്നത് ബഹുമതിയാണെന്ന് ഡോ. മൂപ്പന്‍ പറഞ്ഞു. അതത് മന്ത്രിമാര്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. അമേരിക്കയിലും യൂറോപ്പിലും മിഡില്‍ ഈസ്റ്റിലും പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് പ്രവാസി ഡോക്ടര്‍മാരും പാരാ മെഡിക്കല്‍ ജീവനക്കാരും ഈ പരിപാടി വിജയമാക്കുന്നതിന് ബ്രാന്‍ഡ് അംബാസഡര്‍മാരായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് ഡോ. മൂപ്പന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയില്‍ എന്‍ആര്‍ഐകള്‍ പങ്കെടുക്കുന്നതിനെ തടയുന്ന കാര്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങളും ഡോ. മൂപ്പന്‍ മുന്നോട്ടുവച്ചു. ഇലക്ട്രോണിക് വോട്ടിങ് പോലെയുള്ള രീതികള്‍ ഉപയോഗപ്പെടുത്തി എന്‍ആര്‍ഐകള്‍ക്ക് അസാന്നിധ്യത്തില്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കണം. ഈയിടെ വോട്ടിങ് അവകാശം നല്‍കിയെങ്കിലും മിക്ക എന്‍ആര്‍ഐകള്‍ക്കും ഇന്ത്യയിലേക്ക് വോട്ട് ചെയ്യാനായി തിരഞ്ഞെടുപ്പ് സമയത്ത് യാത്ര ചെയ്യുന്നത് പ്രായോഗികമല്ല.  ജിസിസി രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മൂന്ന് ദശലക്ഷത്തിലധികം ഇന്ത്യക്കാരില്‍ പലര്‍ക്കും ഇന്ത്യയിലേക്കുള്ള യാത്രാച്ചെലവുകള്‍ താങ്ങാന്‍ കഴിയുന്നതല്ല. യൂറോപ്പിലേക്കും മറ്റ് രാജ്യങ്ങളിലേക്കുമുള്ള ദൂരവുമായി താരതമ്യം ചെയ്യുമ്പോള്‍ കിലോമീറ്റര്‍ നിരക്ക് വളരെയധികം കൂടുതലാണ്. ഇന്ത്യയും വിദേശ എയര്‍ലൈനുകളും ഇന്ത്യന്‍ യാത്രക്കാരെ പിഴിയുന്നതിനാണ് ശ്രമിക്കുന്നത്. പ്രത്യേകിച്ച് പാവപ്പെട്ട തൊഴിലാളികളെ. ചില നിയന്ത്രണങ്ങളും പെരുമാറ്റച്ചട്ടങ്ങളും ചര്‍ച്ചകളിലൂടെ ഉരുത്തിരിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ അത് ഭാവിയില്‍ ഇത്തരം പിഴിച്ചില്‍ ഇല്ലാതാക്കുന്നതിന് സഹായകമാവുമെന്ന് ഡോ. മൂപ്പന്‍  ചൂണ്ടിക്കാട്ടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss