|    Jan 22 Mon, 2018 3:45 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഇന്ത്യയുടെ ജലവൈദ്യുത പദ്ധതികള്‍ക്ക് അനുമതി

Published : 3rd August 2017 | Posted By: fsq

 

വാഷിങ്ടണ്‍: ഝലം, ചെനാബ് നദികളില്‍ ജലവൈദ്യുത പദ്ധതികള്‍ നിര്‍മിക്കാന്‍ ഇന്ത്യക്ക് ലോകബാങ്കിന്റെ അനുമതി. സിന്ധു നദീജല വിനിയോഗ കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയുടെയും പാകിസ്താന്റെയും സെക്രട്ടറിതല ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചകള്‍ക്കു പിന്നാലെയാണു ലോകബാങ്കിന്റെ തീരുമാനം. കിഷന്‍ഗംഗ, റാറ്റില്‍ എന്നിവിടങ്ങളിലാണ് ഇന്ത്യ ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കുന്നത്. ജലവൈദ്യുത പദ്ധതികള്‍ക്കെതിരേ 2010ല്‍ പാകിസ്താന്‍ ഹേഗിലെ രാജ്യാന്തര കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഇന്ത്യക്ക് അനുകൂലമായിരുന്നു കോടതിവിധി. 56 വര്‍ഷം മുമ്പ് ധാരണയിലെത്തിയ സിന്ധു നദീജല കരാര്‍ പ്രകാരം ഝലം, ചെനാബ് നദികളില്‍ ജലവൈദ്യുത പദ്ധതികള്‍ക്കാവശ്യമായ നിര്‍മാണം നടത്താന്‍ ഇന്ത്യക്ക് അനുമതിയുള്ളതായി ലോകബാങ്ക് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.കിഷന്‍ഗംഗയില്‍ 330 മെഗാവാട്ടും റാറ്റിലില്‍ 850 മെഗാവാട്ടും ഉല്‍പാദിപ്പിക്കാവുന്ന ജലവൈദ്യുത പദ്ധതിയാണ് ഇന്ത്യ നിര്‍മിക്കുന്നത്. പദ്ധതിക്കായുള്ള ആഗോള ടെന്‍ഡര്‍ നേരത്തേ പുറപ്പെടുവിച്ചിരുന്നു. 1960ലെ സിന്ധു നദീജല കരാര്‍ സംബന്ധിച്ച ഇന്ത്യ-പാകിസ്താന്‍ തര്‍ക്കങ്ങളില്‍ ലോക ബാങ്കാണ് മധ്യസ്ഥത വഹിക്കുന്നത്. പ്രശ്‌നങ്ങളില്‍ സമാധാനത്തോടെയുള്ള ചര്‍ച്ചകളാണ് വേണ്ടതെന്ന് ലോകബാങ്ക് വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day