|    Oct 18 Thu, 2018 8:12 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഇന്ത്യയും യുഎസും താവളങ്ങള്‍ പങ്കിടും

Published : 31st August 2016 | Posted By: SMR

വാഷിങ്ടണ്‍: സൈനികതാവളങ്ങള്‍ പരസ്പരം ഉപയോഗിക്കുന്നതിനുള്ള ലോജിസ്റ്റിക്‌സ് എക്‌സ്‌ചെയ്ഞ്ച് മെമ്മോറാണ്ടം എന്ന കരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവച്ചു. പെന്റഗണില്‍ കരാറില്‍ ഒപ്പുവച്ചശേഷം പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്ടന്‍ കാര്‍ട്ടറും നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കര, നാവിക, വ്യോമസേനാ താവളങ്ങള്‍ അറ്റകുറ്റപ്പണികള്‍ക്കും ഇന്ധനം നിറയ്ക്കല്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ കൈമാറുന്നതിനും ഉപയോഗിക്കാനാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്. പ്രതിരോധ, വ്യാപാര, സാങ്കേതിക വിദ്യാമേഖലകളില്‍ പരസ്പര സഹകരണമാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം. സംയുക്ത പരിശീലനങ്ങളിലും സൈനിക പ്രവര്‍ത്തനങ്ങളിലും രക്ഷാ ദൗത്യങ്ങളിലും ഇരു രാജ്യങ്ങളിലെയും സേനകള്‍ സഹകരിക്കുമെന്നും കരാര്‍ വ്യക്തമാക്കുന്നു.
ഭക്ഷണം, വെള്ളം, സൈനിക ക്യാംപ്, ഗതാഗതം, ഇന്ധനം, വസ്ത്രം, വൈദ്യസേവനം, അറ്റകുറ്റപ്പണികള്‍, പരിശീലനങ്ങള്‍ തുടങ്ങിയ മേഖലകളിലാണു പരസ്പരസഹകരണം നടപ്പാക്കുന്നത്. ഏറ്റവും അടുത്ത സുഹൃദ്‌രാജ്യത്തിന് നല്‍കുന്നതരത്തില്‍ പ്രതിരോധ ഇടപാടുകളും സാങ്കേതിക പങ്കാളിത്തവും കൈമാറാന്‍ യുഎസ് കരാറില്‍ സമ്മതിച്ചു. ആഗോള സമാധാനവും സുരക്ഷയും അടിസ്ഥാനമാക്കിയായിരിക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധമെന്നും കരാറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പരസ്പരം സാധനസാമഗ്രികള്‍ കൈമാറുകയല്ലാതെ ഇന്ത്യയില്‍ യുഎസിന് താവളം സ്ഥാപിക്കാനുള്ള അനുമതിയില്ലെന്നു പരീക്കര്‍ വ്യക്തമാക്കി.
കഴിഞ്ഞവര്‍ഷം പ്രതിരോധമേഖലയിലെ സഹകരണത്തിന് ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ചട്ടക്കൂടിന്റെ വിജയമാണ് കരാറെന്ന് കാര്‍ട്ടര്‍ പറഞ്ഞു. പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ ബന്ധങ്ങള്‍ സുദൃഢമാക്കാന്‍ കരാര്‍ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സൈനികതാവളങ്ങളുടെ സഹകരണം ഇന്ത്യയുടെ പരമാധികാരം അടിയറവയ്ക്കുന്നതിന് തുല്യമാണെന്ന് ആരോപണം നിലനില്‍ക്കെയാണ് കേന്ദ്രസര്‍ക്കാര്‍ കരാര്‍ ഒപ്പുവച്ചത്. ചൈന ഉയര്‍ത്തുന്ന ഭീഷണി മറികടക്കാനുള്ള പോംവഴിയായി അമേരിക്ക കരാറിനെ കാണുന്നുണ്ട്. റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഭീഷണിയാവുമെന്നുകണ്ട് കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ കരാര്‍ ഒപ്പിടാന്‍ തയ്യാറായിരുന്നില്ല. ശീതയുദ്ധ കാലത്തെ സഖ്യരാജ്യമായ റഷ്യയില്‍ നിന്നകന്ന് അമേരിക്കയുടെ പക്ഷത്തേക്ക് ഇന്ത്യ കൂടുമാറുന്നതിന്റെ സൂചനയാണു കരാറെന്ന് ചൈനീസ് സര്‍ക്കാര്‍ പത്രമായ ഗ്ലോബല്‍ ടൈംസ് കുറ്റപ്പെടുത്തി. അമേരിക്കയെ പിന്തുടരാന്‍ ഇന്ത്യയെ നിര്‍ബന്ധിക്കുന്ന കരാര്‍ അയല്‍രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയെ അകറ്റുമെന്നും പത്രം മുന്നറിയിപ്പു നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss