|    Aug 19 Sat, 2017 3:40 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഇന്ത്യയും ജപ്പാനും വന്‍കിട പ്രതിരോധ കരാറിനൊരുങ്ങുന്നു

Published : 6th November 2016 | Posted By: SMR

ന്യൂഡല്‍ഹി:  ജപ്പാനുമായി പതിനായിരം കോടി രൂപയുടെ വന്‍കിട പ്രതിരോധ കരാറിന് ഇന്ത്യ തയ്യാറെടുക്കുന്നു. 2013 മുതല്‍ പരിഗണനയിലുള്ള കരാറാണ് പുനരുജ്ജീവിപ്പിക്കാനൊരുങ്ങുന്നത്. കരയിലും വെള്ളത്തിലും ഉപയോഗിക്കാവുന്ന യുഎസ്-2ഐ വിഭാഗത്തില്‍പ്പെട്ട 12 വിമാനങ്ങള്‍ വാങ്ങാനുള്ള പദ്ധതിയാണിത്. ഈ മാസം 11, 12 തിയ്യതിളില്‍ ജപ്പാനില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യാത്രയ്ക്ക് മുന്നോടിയായി പദ്ധതി വീണ്ടും പൊടിതട്ടിയെടുക്കാനാണ് ആലോചന.
വന്‍ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയായതിനാല്‍ നേരത്തേ വലിയ പ്രാധാന്യം കൊടുക്കാതെ മരവിപ്പിച്ചതായിരുന്നു ഇത്. എന്നാല്‍, ഇപ്പോള്‍ വിമാനത്തിന്റെ വിലകുറയ്ക്കാന്‍ ജപ്പാന്‍ തയ്യാറായതായാണ് റിപോര്‍ട്ട്.
നാവിക സേനയ്ക്കും തീര സംരക്ഷണ സേനയ്ക്കും ആറെണ്ണം വീതം വാങ്ങാനാണ് പദ്ധതിയിടുന്നത്. കരയില്‍നിന്നും വെള്ളത്തില്‍നിന്നും പറന്നുയരാനും തിരിച്ചിറക്കാനും സാധിക്കുന്നതാണ് യുഎസ്-2ഐ വിഭാഗത്തില്‍പ്പെട്ട വിമാനങ്ങള്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും സുരക്ഷാ നിരീക്ഷണങ്ങള്‍ക്കും ആണ് ഇവ പ്രധാനമായും ഉപയോഗിക്കുക. അടിയന്തര സാഹചര്യങ്ങിളില്‍ 30 സൈനികരെ വരെ ഏറ്റവും എളുപ്പത്തില്‍ ആവശ്യമായ സ്ഥലത്ത് എത്തിക്കാനും ഇവക്ക് സാധിക്കും.
കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ അധ്യക്ഷതയില്‍ നാളെ ചേരുന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലില്‍ കാരാര്‍ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കും.
നരേന്ദ്രമോദിയുടെ ജപ്പാന്‍ സന്ദര്‍ശനത്തിന്റെ മുഖ്യ അജണ്ട സിവില്‍ ആണവ സഹകരണമാണെങ്കിലും പ്രതിരോധ കരാര്‍ സംബന്ധിച്ച ചര്‍ച്ചകളും നടക്കുമെന്നാണ് റിപോര്‍ട്ട്. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് ജപ്പാന്‍ ഒരു വിദേശ രാജ്യത്തിന് പ്രതിരോധ സാമഗ്രികള്‍ കൈമാറുന്നതെന്ന പ്രത്യേകതയുമുണ്ട് ഈ കരാറിന്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക