|    Nov 15 Thu, 2018 6:57 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഇന്ത്യയില്‍ ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം: എസ്‌വൈഎസ് ദമ്മാം

Published : 14th October 2018 | Posted By: AAK

ദമ്മാം: രാജ്യത്ത് ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢശ്രമങ്ങളാണ് നടക്കുന്നതെന്ന് എസ് വൈഎസ് ഐക്യദാര്‍ഢ്യ സംഗമം അഭിപ്രായപ്പെട്ടു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ കോഴിക്കോട് സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണ സമ്മേളനത്തോട് പിന്തുണയര്‍പ്പിച്ച് ദമ്മാം സെന്‍ട്രല്‍ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. മുത്തലാക്കിനെ ക്രിമിനല്‍ കുറ്റമാക്കുന്ന ഓര്‍ഡിനന്‍സും സദാചാര വിഷയങ്ങള്‍ ഉള്‍പ്പടെയുള്ള വിധിയും രാജ്യത്ത് ഏക ശിലാരീതി അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢശ്രമങ്ങളുടെ ഭാഗമാണെന്നും സംഗമം വിലയിരുത്തി. മതത്തിനകത്ത് പരിഷ്‌കരണങ്ങള്‍ വേണമെങ്കില്‍ അവ വരുത്തേണ്ടത് വിശ്വാസി സമൂഹമായിരിക്കണം. അതാണ് ലോകത്തിന്റെ പാരമ്പര്യവും കീഴ്വഴക്കവും. ശരീഅത്ത് മുതലായ ഇസ്ലാം മത വിശ്വാസാനുഷ്ഠാന കാര്യങ്ങളിലും സമാനമായ ചോദ്യമാണ് മുമ്പും രാജ്യത്ത് ഉയര്‍ന്നുവന്നിട്ടുള്ളത്. മതത്തിന്റെ പ്രത്യേകമായ സംഹിതകളും അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന ഭരണഘടനാതത്വം നിലവിലിരിക്കെ തന്നെയാണ് രാജ്യത്ത് ഏക സിവില്‍ നിയമവ്യവസ്ഥ വേണമെന്ന് ചിലര്‍ ആവശ്യമുന്നയിക്കുന്നത്. അതില്‍ മുന്‍പന്തിയിലുള്ളത് പൗരാണികമായ ഹൈന്ദവ വിശ്വാസം സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നവരാണെന്നത് കൗതുകകരമാണ്. ഏകശിലാരീതി എന്നതിനര്‍ത്ഥം രാജ്യം അതിന്റെ വിശ്വാസപരവും സാംസ്‌കാരികവുമായ വൈജാത്യപാരമ്പര്യം കുഴിച്ചുമൂടുകയെന്നാണ്. അത്തരമൊരവസ്ഥയില്‍ മാനവ സംസ്‌കൃതിക്കും മനുഷ്യകുലത്തിനുതന്നെയും നിലനില്‍പില്ല. ശബരിമലയുടേതടക്കമുള്ള അടുത്തകാലത്തെ കേവലസാങ്കേതികത്വത്തിലൂന്നിയുള്ള ചില സുപ്രീംകോടതി വിധികള്‍ വലിയ ചോദ്യങ്ങളാണ് ഉയര്‍ത്തിവിട്ടിരിക്കുന്നതെന്നും സംഗമം ചൂണ്ടിക്കാട്ടി. അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ ആക്ടിങ് പ്രസിഡന്റ് ബഷീര്‍ ബാഖവി അധ്യക്ഷത പരിപാടി എസ്‌കെഐസി കിഴക്കന്‍ പ്രവിശ്യാ വൈസ് പ്രസിഡന്റ് ഫവാസ് ഹുദവി ഉത്ഘാടനം ചെയ്തു. എസ്‌വൈഎസ് നാഷനല്‍ കമ്മിറ്റി ജ. സെക്രട്ടറി അബൂജിര്‍ഫാസ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. കെഎംസിസി പ്രവിശ്യ ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂര്‍, അല്‍മുന സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, എസ്‌കെഐസി ജ. സെക്രട്ടറി അബ്ദുര്‍റഹ്മാന്‍ പൂനൂര്‍, മീഡിയ പ്രതിനിധി അശ്‌റഫ് ആളത്ത് സംസാരിച്ചു. ശര്‍ഖിയ്യ റെയ്ഞ്ച് സെക്രട്ടറി മജീദ് മാസ്റ്റര്‍ പ്രമേയം അവതരിപ്പിച്ചു. സവാസ് ഫൈസി വര്‍ക്കല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമസ്ത രാഷ്ട്രപതിക്ക് നല്‍കുന്ന ഹരജിയില്‍ നല്‍കാന്‍ ഒപ്പു ശേഖരണവും നടന്നു. എസ്‌വൈഎസ് ജ. സെക്രട്ടറി അശ്‌റഫ് അശ്‌റഫി സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി സവാദ് ഫൈസി നന്ദിയും പറഞ്ഞു. സുബൈര്‍ അന്‍വരി പ്രാര്‍ഥന നടത്തി. ശരീഫ് റഹ്മാനി, മുസ്തഫ ദാരിമി, മാഹിന്‍ വിഴിഞ്ഞം, മനാഫ് ഹാജി കണ്ണൂര്‍, അബ്ദുല്‍ അസീസ് തിരൂര്‍, ബഷീര്‍ മുറ്റിച്ചൂര്‍, അബൂ യാസീന്‍, സവാദ് ഫൈസി, മുഹമ്മദ് കുട്ടി തിരൂര്‍, അലി, ബാപ്പുട്ടി, മുഹമ്മദ് അലി വയനാട് നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss