|    Aug 19 Sat, 2017 2:42 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഇന്ത്യയിലെ മാധ്യമങ്ങള്‍ മോദി സര്‍ക്കാരിന് വിടുപണി ചെയ്യുന്നവര്‍ : ശശികുമാര്‍

Published : 13th August 2017 | Posted By: fsq

 

കോഴിക്കോട്: ഇന്ത്യയിലെ മാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാരിന് വിടുപണി ചെയ്യുന്ന ട്രോജന്‍ കുതിരകളായി മാറിയെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍. ‘ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയുടെ ഭാഗമായ മാധ്യമ ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമ സ്ഥാപനങ്ങള്‍ വന്‍ വിജയമാവുകയും മാധ്യമ പ്രവര്‍ത്തനം തകരുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. മാധ്യമ പ്രവര്‍ത്തകന്‍ ഉപകരണം മാത്രമായി. മാധ്യമപ്രവര്‍ത്തനം തകര്‍ച്ചയിലാവുമ്പോള്‍ മാധ്യമ വ്യവസായം കുതിക്കുകയാണ്. ബിജെപി അധികാരത്തില്‍ നിലയുറപ്പിച്ചതോടെ ജനാധിപത്യം ഓരോ ഭാഗങ്ങളായി തകരുകയാണ്. പുറമെ നിന്നുള്ള ഒരു നിയന്ത്രണവും ആവശ്യമില്ലാത്തവിധം സ്വയം നിയന്ത്രിക്കുകയാണ് മാധ്യമങ്ങള്‍. ഭരണകൂടത്തിന് ഒരു അലോസരവും ഉണ്ടാക്കുന്നില്ലെന്ന് മാത്രമല്ല, അവരെ പുകഴ്ത്താന്‍ കിട്ടുന്ന അവസരങ്ങള്‍ ആഘോഷിക്കുകയുമാണ്.സത്യത്തെ കുപ്രചാരണങ്ങളില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യമാണ് ഇന്നുള്ളത്. അസത്യം കൊണ്ട് സത്യത്തെ മൂടിക്കളയുകയാണ്. ആയിരം തവണ സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുന്നുവെന്ന് പറഞ്ഞ് അതിനെ ശരിവയ്ക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. അപ്രധാന വാര്‍ത്തയെ ഗൗരവമാക്കുകയും ഗൗരവമായ പ്രശ്‌നങ്ങളെ അപ്രധാനമാക്കുകയും ചെയ്യുന്ന പ്രവണത മാധ്യമലോകത്ത് വര്‍ധിച്ചുവരുകയാണ്. ദിലീപ് എന്ന നടനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് അമിത പ്രാധാന്യമാണ് നല്‍കിയത്. സീരിയലുകളേക്കാള്‍ ജനങ്ങള്‍ താല്‍പര്യപ്പെടുന്ന വിധം ദിലീപുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ക്രമീകരിക്കുകയായിരുന്നു. ഇതെല്ലാം തന്നെ തെറ്റായ മാധ്യമപ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്-ശശികുമാര്‍ പറഞ്ഞു. ഫാഷിസം പല വിധത്തില്‍ മാധ്യമരംഗത്തെ സ്വാധീനിക്കുന്നുണ്ട്. അതിന് എത്രയോ ഉദാഹരണങ്ങള്‍ നമുക്ക് കാണാം. ശാസ്ത്രം, ചിന്ത എന്നിവ അപ്രസക്തമാവുകയും ആള്‍ദൈവങ്ങള്‍ അരങ്ങുവാഴുകയും ചെയ്യുന്ന സ്ഥിതിവിശേഷവും സംജാതമായിട്ടുണ്ട്. കേരള സര്‍ക്കാരിനെ പിരിച്ചുവിടുമെന്ന സംശയം ജനിപ്പിക്കുന്ന വാര്‍ത്തകള്‍ വരുത്താനും അത് ചര്‍ച്ച ചെയ്യാനും ഇടയാക്കിയതുതന്നെ ബിജെപിയുടെ തന്ത്രങ്ങളുടെ വിജയമാണ്. കൊലകള്‍ നടക്കുന്ന സംസ്ഥാനമായി കേരളത്തെ ബിജെപി നേതാക്കള്‍ വിശേഷിപ്പിക്കുന്നു. ഇത് കേരളീയര്‍ക്കാകെ നാണക്കേടാണ്- അദ്ദേഹം പറഞ്ഞു. ടി പി ചെറൂപ്പ, എന്‍ എസ് സജിത്ത്, വി മുസഫര്‍ അഹമ്മദ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക