|    Aug 16 Thu, 2018 9:03 pm
Home   >  Todays Paper  >  page 12  >  

ഇന്ത്യയിലെ നീളം കൂടിയ ടെര്‍മിനല്‍ കരിപ്പൂരില്‍ പൂര്‍ത്തിയാവുന്നു

Published : 4th August 2018 | Posted By: kasim kzm

കരിപ്പൂര്‍: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ വിമാനത്താവള ടെര്‍മിനല്‍ കരിപ്പൂരില്‍ പൂര്‍ത്തിയാവുന്നു. അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കുന്ന ടെര്‍മിനല്‍ ഇടത്തരം വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കുന്ന സപ്തംബറില്‍ പ്രവര്‍ത്തനക്ഷമമാക്കാനാണ് ഒരുങ്ങുന്നത്. ഇടത്തരം വിമാനങ്ങള്‍ക്കുള്ള അനുമതി ഈ ആഴ്ച ലഭിക്കുന്നതോടെ സര്‍വീസുകള്‍ സപ്തംബര്‍ രണ്ടാംവാരത്തില്‍ ആരംഭിക്കും.
100 കോടി രൂപ ചെലവിലാണ് കരിപ്പൂരില്‍ പുതിയ ടെര്‍മിനല്‍ ഒരുക്കുന്നത്. നിലവിലെ ടെര്‍മിനലിനോട് ചേര്‍ത്തതോടെ രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ വിമാനത്താവള ടെര്‍മിനലെന്ന ഖ്യാതി കരിപ്പൂരിനു സ്വന്തമാവും. 17,000 സക്വയര്‍ ഫീറ്റ്് വിസ്തൃതിയിലാണ് പുതിയ ടെര്‍മിനല്‍ നിര്‍മിച്ചിരിക്കുന്നത്. സ്റ്റീലും ഗ്ലാസുമാണ് നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. മുഴുവനും എയര്‍കണ്ടീഷന്‍ ചെയ്തിട്ടുമുണ്ട്. 20 കസ്റ്റംസ് കൗണ്ടറുകളും 44 എമിഗ്രേഷന്‍ കൗണ്ടറുകളുമാണ് പുതിയ ടെര്‍മിനലില്‍ ഒരുക്കിയിട്ടുള്ളത്. ഇന്‍ലൈന്‍ ബാഗേജ് സിസ്റ്റം, ആവശ്യമായ എസ്‌കലേറ്റര്‍, വിമാനത്തില്‍ നിന്നു മഴയും മഞ്ഞുമേല്‍ക്കാതെ ടെര്‍മിനലിലെത്താന്‍ രണ്ട് എയ്‌റോബ്രിഡ്ജുകള്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
വിദേശ വിമാനത്താവളങ്ങളില്‍ കണ്ടുവരുന്ന അത്യാധുനികമായ അഞ്ച് കണ്‍വെയര്‍ ബെല്‍റ്റുകളാണ് പുതിയ ടെര്‍മിനലില്‍ സ്ഥാപിക്കുന്നത്. യാത്രക്കാരന്റെ ബാഗേജ് പരിശോധന മിനിറ്റുകള്‍ക്കകം പൂര്‍ത്തിയാക്കാന്‍ ഇതുവഴി സാധിക്കും. 2016ലാണ് ടെര്‍മിനല്‍ നിര്‍മാണം ആരംഭിച്ചത്. ഒരുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും സാങ്കേതിക പ്രശ്‌നത്തില്‍ കുരുങ്ങി നിര്‍മാണം നീണ്ടുപോയതിനാല്‍ ടെര്‍മിനല്‍ യാത്രക്കാര്‍ക്ക് തുറന്നുകൊടുക്കാനായിരുന്നില്ല. നിര്‍മാണത്തിലെ അവസാനവട്ട മിനുക്കുപണികളാണ് നിലവില്‍ പൂര്‍ത്തീകരിച്ചുവരുന്നത്.
ആഗസ്ത് രണ്ടാംവാരത്തില്‍ തുറക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ സപ്തംബറിലേക്കു മാറ്റാനാണ് അതോറിറ്റി തീരുമാനം. പുതിയ ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ പഴയ ടെര്‍മിനലും മോടിപിടിപ്പിക്കുന്നുണ്ട്. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കരിപ്പൂരില്‍ നിന്ന് ഇടത്തരം വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുന്നതോടെ തന്നെ അടുത്ത മാസം ടെര്‍മിനലും തുറന്നുകൊടുക്കാനാണു തീരുമാനം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss